“തീരുമാനം ഏകകണ്ഠം, രാഷ്ട്രീയ ഇടപെടലില്ല”: വേടന്റെ നേട്ടത്തിൽ വിമർശകർക്ക് മറുപടിയുമായി ഗായത്രി അശോകൻ

','

' ); } ?>

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ഗാനരചയിതാവായി റാപ്പർ വേടനെ (ഹിരൺദാസ് മുരളി) തിരഞ്ഞെടുത്തതിന് പിന്നാലെയുണ്ടായ വിവാദങ്ങളിലും തനിക്കെതിരെ നടന്ന സൈബർ ആക്രമണങ്ങളിലും നിലപാട് വ്യക്തമാക്കി ജൂറി അംഗവും ഗായികയുമായ ഗായത്രി അശോകൻ. ജൂറിയുടെ തീരുമാനം പൂർണമായും ഏകകണ്ഠമായിരുന്നുവെന്നും എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനം ഉൾപ്പെടെയുള്ള ജൂറി അംഗങ്ങളുടെ പൂർണ പിന്തുണയോടെയാണ് അവാർഡ് തീരുമാനിച്ചതെന്നും ഗായത്രി വ്യക്തമാക്കി.

കാലഘട്ടത്തിനനുസരിച്ച് സംഗീതത്തിലും സംസ്കാരത്തിലും വരുന്ന മാറ്റങ്ങൾ ഉൾക്കൊള്ളാൻ മലയാളി സമൂഹം തയ്യാറാകണമെന്ന് ഗായത്രി ചൂണ്ടിക്കാട്ടി. എൺപതുകളിലെ പ്രണയ സങ്കല്പങ്ങളും പ്രകൃതിവർണനകളും മാത്രം ഉൾക്കൊള്ളുന്ന പരമ്പരാഗത വരികളോട് പുതിയ തലമുറയ്ക്ക് (ജെൻ സി) വൈകാരികമായി തദാത്മ്യം പ്രാപിക്കാൻ കഴിയില്ല. സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്ന് ഉയർന്നുവരുന്ന, ആത്മാർഥതയുള്ള വരികളാണ് വേടന്റേത്. ഹിപ് ഹോപ് സംഗീതത്തിന് സംസ്ഥാന അവാർഡിൽ പ്രത്യേക വിഭാഗമില്ലാത്ത സാഹചര്യത്തിൽ, വലിയൊരു വിഭാഗം ജനങ്ങളെ സ്വാധീനിച്ച ഈ കലാരൂപത്തെ ഗാനരചനാ വിഭാഗത്തിൽ പരിഗണിക്കുകയല്ലാതെ മറ്റു വഴികളില്ലായിരുന്നുവെന്നും അവർ വ്യക്തമാക്കി.

അവാർഡ് നിർണയത്തിൽ രാഷ്ട്രീയ ഇടപെടലുകളോ സർക്കാരിന്റെ സമ്മർദമോ ഉണ്ടായിട്ടില്ലെന്നും ഗായത്രി അനാവരണം ചെയ്തു. ജൂറിയുടെ അവാർഡ് പ്രഖ്യാപനം കേട്ട് സർക്കാർ പ്രതിനിധികൾ പോലും അത്ഭുതപ്പെടുകയാണ് ചെയ്തത്. എന്നാൽ ഈ തീരുമാനത്തെ രാഷ്ട്രീയവത്കരിച്ച് തനിക്കെതിരെ വലിയ തോതിലുള്ള അധിക്ഷേപപ്രചാരണങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ നടന്നത്.

വേടനെതിരെ മുൻപ് ഉയർന്നുവന്ന ‘മീ ടു’ ആരോപണങ്ങളെക്കുറിച്ചുള്ള വിമർശനങ്ങളോട്, ഇത്തരം വിഷയങ്ങളിൽ നിലനിൽക്കുന്ന സാമൂഹിക ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് അവർ പ്രതികരിച്ചു. ആരോപണങ്ങൾ കോടതിയിൽ തെളിയിക്കപ്പെടുന്നത് വരെ ഒരാളെ കുറ്റവാളിയായി ചിത്രീകരിക്കാനാകില്ല. കൃത്യമായ ഈണത്തിനും മീറ്ററിനും ഉള്ളിൽനിന്ന് അർഥവത്തായ ആശയങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന റാപ്പ് രചന ഒട്ടും എളുപ്പമുള്ള കാര്യമല്ലെന്നും കലാപരമായ മികവുള്ളതുകൊണ്ടാണ് വേടന് ഈ അംഗീകാരം ലഭിച്ചതെന്നും ഗായത്രി കൂട്ടിച്ചേർത്തു.