
മൂവായിരത്തിലധികം മാപ്പിളപ്പാട്ടുകൾക്ക് ഈണമേകി മലയാള സംഗീതലോകത്ത് തന്റേതായ മുദ്രപതിപ്പിച്ച പ്രശസ്ത സംഗീതസംവിധായകൻ കോഴിക്കോട് അബൂബക്കർ (അവുക്ക – 80) ഗുരുതരാവസ്ഥയിൽ. ജൂലൈ ആദ്യവാരത്തിലുണ്ടായ മസ്തിഷ്കാഘാതത്തെ തുടർന്ന് പൂർണമായും തളർന്ന അദ്ദേഹം നിലവിൽ അരീക്കോട്ടെ വീട്ടിൽ കിടപ്പിലാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷവും ആരോഗ്യം വഷളായതിനെ തുടർന്ന് വീട്ടിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ കണ്ണുതുറക്കാനോ പ്രതികരിക്കാനോ കഴിയാത്ത അവസ്ഥയിലുള്ള അദ്ദേഹത്തെ ഭാര്യ സുബൈദയും മകൻ ഗുലാം അലിഖാനും കുടുംബാംഗങ്ങളും ചേർന്നാണ് പരിചരിക്കുന്നത്.
യേശുദാസ് ആലപിച്ച ചരിത്രപ്രസിദ്ധമായ ‘കരയാനും പറയാനും മനംതുറന്നിരക്കാനും…’ ഉൾപ്പെടെ തലമുറകൾ ഏറ്റുപാടിയ അനവധി അവിസ്മരണീയ ഗാനങ്ങളുടെ സൃഷ്ടാവാണ് ഇദ്ദേഹം. കെ.എസ്. ചിത്ര, എം.ജി. ശ്രീകുമാർ, സുജാത, അഫ്സൽ, ഷഹബാസ് അമൻ തുടങ്ങി മലയാളത്തിലെ പ്രമുഖ ഗായകരെല്ലാം അവുക്കയുടെ ഈണങ്ങൾക്ക് ശബ്ദമേകിയിട്ടുണ്ട്. സംഗീതസംവിധാനത്തിന് പുറമെ ബാബുരാജ്, ദേവരാജൻ മാസ്റ്റർ, ബോംബെ രവി തുടങ്ങിയ മഹാരഥന്മാരുടെ പ്രിയപ്പെട്ട തബലിസ്റ്റായും അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചു.
രോഗബാധിതനാകുന്നതിന് രണ്ടു ദിവസം മുൻപു വരെയും പുതിയ ഗാനങ്ങൾക്ക് ഈണമിടുന്നതിൽ സജീവമായിരുന്നു ഈ 80-കാരൻ. റിയാലിറ്റി ഷോകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഇദ്ദേഹത്തിന്റെ ഗാനങ്ങൾക്കും കവർ പതിപ്പുകൾക്കും ഇപ്പോഴും വൻ പ്രചാരമുണ്ടെങ്കിലും ഈ മഹാപ്രതിഭയെക്കുറിച്ച് അറിയുന്നവർ പുതിയ തലമുറയിൽ അപൂർവമാണ്. ഹമീദ് കോളിയടുക്കം ഇദ്ദേഹത്തിന്റെ ജീവിതത്തെയും സംഗീതയാത്രയെയും ആസ്പദമാക്കി തയ്യാറാക്കിയ ‘ഈണങ്ങളുടെ സുൽത്താൻ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി രോഗം വില്ലനായത്.