“അമിത പ്രതീക്ഷകൾ ബന്ധങ്ങളിൽ കൈപ്പുനീര് നിറയ്ക്കും”; ചർച്ചയായി വിനീതിന്റെ പഴയ വാക്കുകൾ

','

' ); } ?>

‘ബെത്‌ലേഹം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിന്റെ തിയേറ്റർ വിജയത്തോടൊപ്പം സംവിധായകൻ ഗിരീഷ് എ.ഡിയും നടൻ നസ്‌ലെനും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇതിനിടെ, ചലച്ചിത്ര മേഖലയിലെ കടപ്പാടുകളെയും വ്യക്തിബന്ധങ്ങളെയും കുറിച്ച് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ മുൻപ് നൽകിയൊരു അഭിമുഖത്തിലെ പരാമർശങ്ങൾ ഈ വിവാദങ്ങളോട് ചേർത്തുപിടിച്ച് വീണ്ടും ശ്രദ്ധ നേടുകയാണ്.

ഉപേക്ഷിക്കപ്പെട്ട ‘പ്രേമലു 2’ എന്ന ചിത്രത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ ഗിരീഷ് എ.ഡി നടത്തിയ പ്രതികരണമാണ് നിലവിലെ വിവാദങ്ങൾക്ക് വഴിവെച്ചത്. തനിക്കൊപ്പം പ്രവർത്തിച്ചിരുന്നവർ ‘ഓവർ അംബീഷ്യസ്’ ആയി മാറിയെന്ന ഗിരീഷിന്റെ വാക്കുകൾ നടൻ നസ്‌ലെനെ ഉദ്ദേശിച്ചുള്ളതാണെന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ. ഇതോടെ ഇരുവർക്കും അനുകൂലമായും പ്രതികൂലമായും നിരവധി ആളുകൾ രംഗത്തെത്തുകയും ആരാധകർ ചേരിതിരിഞ്ഞ് വാദപ്രതിവാദങ്ങൾ ഉയർത്തുകയും ചെയ്തു.

ഈ സാഹചര്യത്തിലാണ് സിനിമയിലെ വ്യക്തിബന്ധങ്ങളെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചുമുള്ള വിനീത് ശ്രീനിവാസന്റെ ദീർഘവീക്ഷണമുള്ള വാക്കുകൾ വീണ്ടും തരംഗമാകുന്നത്. നമ്മളെ സഹായിച്ച ആളുകളോട് എപ്പോഴും കടപ്പാടുണ്ടായിരിക്കണമെന്നും എന്നാൽ തിരിച്ച് അത്തരം കടപ്പാടുകൾ പ്രതീക്ഷിക്കരുതെന്നുമാണ് വിനീത് പറയുന്നത്. നമ്മളിലൂടെ സിനിമയിലേക്ക് കടന്നുവന്നവർ എപ്പോഴും നമ്മളെ പരിഗണിക്കണമെന്ന് വിചാരിക്കുന്നത് മണ്ടത്തരമാണെന്നും, എല്ലാവർക്കും അവരുടേതായ യാത്രകളുണ്ടെന്നും ചൂണ്ടിക്കാണിച്ച വിനീത്, മറ്റുള്ളവരിൽ നിന്ന് അമിത പ്രതീക്ഷകൾ വെച്ചുപുലർത്തുന്നത് വ്യക്തിബന്ധങ്ങളിൽ കൈപ്പുനീര് നിറയ്ക്കാൻ മാത്രമേ ഉപകരിക്കൂ എന്നും വ്യക്തമാക്കുന്നു.

നിവിൻ പോളി ഉൾപ്പെടെയുള്ള നിരവധി താരങ്ങളെ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയ വിനീതിന്റെ വാക്കുകൾ സിനിമാ ലോകത്തിന്റെ യാഥാർത്ഥ്യത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഗിരീഷും നസ്‌ലെനും തമ്മിൽ എന്തെങ്കിലും തരത്തിലുള്ള അസ്വാരസ്യങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ ഈ അനുഭവപാഠങ്ങൾ ഉൾക്കൊള്ളണമെന്നാണ് സോഷ്യൽ മീഡിയ നൽകുന്ന പ്രധാന ഉപദേശം.