“അല ബൊലേലോ ചെയ്യുമ്പോൾ ഗർഭിണിയായിരുന്നു, എനിക്കവൾ ജയിലർ ബേബി”; ഷംന കാസിം

','

' ); } ?>

രജനികാന്ത് – നെൽസൺ ദിലീപ്കുമാർ കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ജയിലർ 2’വിലെ ‘അല ബൊലേലോ’ എന്ന ഗാനം ഹിറ്റ് ചാർട്ടുകളിൽ തരംഗമായി മാറിയിരിക്കുകയാണ്. അനിരുദ്ധ് രവിചന്ദറിന്റെ ഈണത്തിൽ നടി ഷംന കാസിമിന്റെ ചടുലമായ നൃത്തച്ചുവടുകളാണ് ഈ പാട്ടിന്റെ പ്രധാന ആകർഷണം. എന്നാൽ, ആറ് ദിവസം നീണ്ടുനിന്ന ഈ ഗാനചിത്രീകരണ വേളയിൽ താൻ ഗർഭിണിയായിരുന്നുവെന്ന അപ്രതീക്ഷിത വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. പാട്ട് ഷൂട്ട് ചെയ്യുമ്പോൾ ഗർഭിണിയാണെന്ന കാര്യം തനിക്കറിയില്ലായിരുന്നുവെന്നും ചിത്രീകരണത്തിന് ശേഷമാണ് ഇക്കാര്യം തിരിച്ചറിഞ്ഞതെന്നും ഷംന വ്യക്തമാക്കുന്നു.

സിനിമയിലേക്ക് ക്ഷണം വന്നപ്പോൾ ആദ്യ ഘട്ടത്തിൽ പ്രൊഡക്ഷൻ ടീമിന്റെ പ്രാങ്ക് ആണെന്നാണ് കരുതിയതെന്ന് ഷംന ഓർക്കുന്നു. രജനികാന്ത് ചിത്രത്തിൽ അവസരം ലഭിച്ചുവെന്ന് കേട്ടപ്പോൾ അത്ഭുതം കാരണം ഭർത്താവിനോട് പോലും പറയാൻ മടിച്ചു. പിന്നീട് വസ്ത്രധാരണത്തിൽ സാരി മതിയെന്നും സൗകര്യത്തിനാണ് മുൻഗണനയെന്നും അണിയറപ്രവർത്തകർ അറിയിച്ചതോടെയാണ് ആശ്വാസമായത്. ‘അല ബൊലേലോ’യുടെ ചിത്രീകരണത്തിനും ‘അഖണ്ഡ 2’വിന്റെ ഷൂട്ടിങ്ങിനും ശേഷമാണ് ഗർഭിണിയാണെന്ന വിവരമറിയുന്നത്. കഠിനമായ നൃത്തച്ചുവടുകൾക്ക് ശേഷം ഗർഭിണിയാണെന്നറിഞ്ഞപ്പോൾ കുടുംബാംഗങ്ങളും ഞെട്ടിപ്പോയി. നിലവിൽ അഞ്ച് മാസം പ്രായമുള്ള തന്റെ പെൺകുഞ്ഞിന് ‘ദുആ ജമീല’ എന്നാണ് പേരിട്ടിരിക്കുന്നതെങ്കിലും സ്നേഹത്തോടെ ‘ജയിലർ ബേബി’ എന്നാണ് താൻ വിളിക്കുന്നതെന്നും ഷംന പറഞ്ഞു.

നേരത്തെ മഹേഷ് ബാബു നായകനായ ‘ഗൂണ്ടൂർകാരം’ എന്ന തെലുങ്ക് ചിത്രത്തിലെ ‘കുർച്ചി മഡ്ത്തപെട്ടി’ എന്ന തരംഗമായ പാട്ടിലും ഷംനയുടെ നൃത്തം ഏറെ പ്രശംസ നേടിയിരുന്നു. മൂത്ത മകന്റെ ജനനശേഷമായിരുന്നു ശ്രീലീലയ്ക്കൊപ്പം ഷംന ആ പാട്ടിൽ അഭിനയിച്ചത്. ഇപ്പോൾ രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തിന് മുന്നോടിയായി ചെയ്ത ‘അല ബൊലേലോ’യും സൂപ്പർഹിറ്റായ സന്തോഷത്തിലാണ് താരം.

ചിത്രീകരണത്തിന് ശേഷം പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലുള്ള ‘ജയിലർ 2’ ഒക്ടോബർ 15-നാണ് തീയേറ്ററുകളിലേക്ക് എത്തുന്നത്. മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ വീണ്ടും അതിഥിവേഷത്തിലെത്തുന്ന ചിത്രത്തിൽ വിദ്യ ബാലൻ, രമ്യ കൃഷ്ണൻ, യോഗി ബാബു, എസ്.ജെ. സൂര്യ, ജാക്കി ഷ്റോഫ്, മിഥുൻ ചക്രവർത്തി എന്നിവർക്കൊപ്പം വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.