“അനാവശ്യമായി പോയ 10 വർഷങ്ങൾ, ഇനി വൈകില്ല”; ദുൽഖറിനൊപ്പമുള്ള സിനിമയെക്കുറിച്ച് നിവിൻ പോളി

','

' ); } ?>

മലയാള സിനിമാപ്രേമികളുടെ പ്രിയതാരങ്ങളായ നിവിൻ പോളിയും ദുൽഖർ സൽമാനും വീണ്ടും ഒന്നിച്ചൊരു ചിത്രത്തിനായി കൈകോർക്കുന്നു. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഒരുമിച്ചൊരു പ്രോജക്റ്റിനായുള്ള ആലോചനകൾ പുരോഗമിക്കുകയാണെന്ന് നടൻ നിവിൻ പോളി വെളിപ്പെടുത്തി. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ദുൽഖറുമായുള്ള സൗഹൃദത്തെക്കുറിച്ചും ഭാവി സിനിമകളെക്കുറിച്ചും താരം മനസ്സ് തുറന്നത്.

ഏകദേശം ഒരേകാലഘട്ടത്തിൽ അരങ്ങേറ്റം കുറിച്ച് മലയാള സിനിമയിലെ മുൻനിര താരങ്ങളായി ഉയർന്ന ഇരുവർക്കുമിടയിൽ ശത്രുതയുണ്ടെന്ന രീതിയിൽ പ്രചരിച്ചിരുന്ന വാർത്തകൾക്ക് പൂർണ്ണമായും വിരാമമിടുന്നതാണ് നിവിന്റെ വെളിപ്പെടുത്തൽ. മുംബൈയിൽ നടന്ന ഐഎൻസി അവാർഡ് നിശയ്ക്കിടെയാണ് ഒരു ഇടവേളയ്ക്ക് ശേഷം തങ്ങൾ പരസ്പരം കണ്ടുമുട്ടിയതെന്ന് നിവിൻ പറഞ്ഞു. അന്ന് രാത്രി നടന്ന പാർട്ടിയിൽ സിനിമാ വിശേഷങ്ങളും വ്യക്തിപരമായ കാര്യങ്ങളും പങ്കുവെച്ചതായും, പത്തുവർഷം മുൻപുള്ള അതേ ഊഷ്മളത തന്നെയാണ് ദുൽഖറുമായുള്ള ബന്ധത്തിൽ ഇപ്പോഴും അനുഭവപ്പെടുന്നതെന്നും താരം കൂട്ടിച്ചേർത്തു.

‘ബാംഗ്ലൂർ ഡെയ്സ്’, ‘വിക്രമാദിത്യൻ’ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഇരുവരും ഒന്നിച്ചൊരു പ്രോജക്റ്റും ഉണ്ടായിരുന്നില്ല. അനാവശ്യമായി ഒരു പത്ത് വർഷം ഒരുമിച്ചുള്ള സിനിമാ ചർച്ചകളില്ലാതെ കടന്നുപോയെന്നും ഇനി അത് ഉണ്ടാകരുതെന്ന തീരുമാനത്തിലാണ് പുതിയ സിനിമ എന്ന ചിന്തയിലേക്ക് എത്തിയതെന്നും നിവിൻ വ്യക്തമാക്കി. നിലവിൽ അനുയോജ്യമായ ഒരു നല്ല തിരക്കഥയ്ക്കായുള്ള അന്വേഷണത്തിലാണ് ഇരുതാരങ്ങളും. അനുയോജ്യമായ കഥ ലഭിച്ചാൽ ഉടൻ തന്നെ ഈ ചിത്രം യാഥാർത്ഥ്യമാകും.

നിവിൻ പോളിയുടെ വാക്കുകൾ;

“ഐഎന്‍സി അവാര്‍ഡ്‌സ് എന്ന ബോംബെയില്‍ വെച്ച് നടന്ന ഒരു അവാര്‍ഡ് ഷോയില്‍ വെച്ചാണ് ഞാന്‍ ഒരുപാട് നാളുകള്‍ക്ക് ശേഷം ദുല്‍ഖറിനെ കാണുന്നത്. അന്ന് അവിടെ ഒരു നൈറ്റ് പാര്‍ട്ടിയുണ്ടായിരുന്നു. ഞങ്ങള്‍ രണ്ട് പേരും അന്ന് ഒരുപാട് നേരം സംസാരിച്ചു. സിനിമയും പേഴ്‌സണല്‍ കാര്യങ്ങളും തുടങ്ങി ഒരുപാട് പറഞ്ഞു തീര്‍ക്കേണ്ട കാര്യങ്ങളുണ്ടായിരുന്നു.

അതെല്ലാം അന്ന് അവിടെ വെച്ച് പറഞ്ഞു. പത്ത് കൊല്ലം മുൻപ് എങ്ങനെയാണോ അതേ വൈബില്‍ തന്നെയാണ് ദുല്‍ഖറുമായി ഇപ്പോഴും ഫീല്‍ ചെയ്യുന്നത്. അവനും അങ്ങനെ തന്നെയാണ് ഫീല്‍ ചെയ്യുന്നത്. അങ്ങനെ നമ്മള്‍ ആലോചിച്ച് നോക്കുമ്പോള്‍ അനാവശ്യമായി ഒരു പത്ത് വര്‍ഷം സിനിമാ ചര്‍ച്ചകളില്ലാതെ മുന്നോട്ട് പോയി.

ഇനി അങ്ങനെ സംഭവിക്കേണ്ട നമുക്ക് ഒരുമിച്ച് ഒരു സിനിമ ചെയ്യാം എന്ന തീരുമാനത്തിലെത്തി. അതിനു വേണ്ടി ദുല്‍ഖര്‍ ആലോചിക്കുന്നുണ്ട്. നമ്മുടെ സൈഡില്‍ നിന്നും ആലോചനകള്‍ നടക്കുന്നുണ്ട്. അതിന്റെ തിരക്കഥയ്ക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ്. നല്ലൊരു കഥ കിട്ടുകയാണെങ്കില്‍ തീര്‍ച്ചയായും ചെയ്യാം എന്ന ഒരു പ്ലാനിലാണ് ഇപ്പോഴുള്ളത്.”