‘സ്പിരിറ്റ്’ വിവാദം: നിർമാതാക്കൾക്കെതിരെ ഇൻസ്റ്റഗ്രാം ലൈക്കിലൂടെ പരോക്ഷ മറുപടിയുമായി ദീപിക പദുക്കോൺ

','

' ); } ?>

പ്രഭാസിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘സ്പിരിറ്റിൽ’നിന്ന് നടി ദീപിക പദുക്കോൺ പിന്മാറിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾ സോഷ്യൽ മീഡിയയിൽ വീണ്ടും പുകയുന്നു. ചിത്രത്തിന്റെ നിർമാതാവും സന്ദീപ് റെഡ്ഡി വാംഗയുടെ സഹോദരനുമായ പ്രണയ് റെഡ്ഡി വാംഗ നടത്തിയ ചില വെളിപ്പെടുത്തലുകളെ ചോദ്യം ചെയ്യുന്ന ഇൻസ്റ്റഗ്രാം കുറിപ്പ് ദീപിക ലൈക്ക് ചെയ്തതോടെയാണ് വിഷയം സിനിമാ ലോകത്ത് പുതിയ ചർച്ചകൾക്ക് വഴിതുറന്നത്. നിർമാതാക്കളുടെ നിലപാടുകളോടുള്ള താരത്തിന്റെ പരോക്ഷ പ്രതികരണമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രണയ് റെഡ്ഡി വാംഗ ദീപികയുടെ പിന്മാറ്റത്തിന് പിന്നിലെ കാരണങ്ങൾ വ്യക്തമാക്കിയത്. സിനിമയുടെ ലാഭത്തിൽനിന്ന് 10 ശതമാനം വിഹിതം ദീപിക ആവശ്യപ്പെട്ടെന്നും, ഇത് ചിത്രത്തിന്റെ ബജറ്റിന് താങ്ങാൻ കഴിയാത്തതിനാലാണ് മറ്റ് നടികളെക്കുറിച്ച് ആലോചിച്ചതെന്നുമാണ് പ്രണയ് അവകാശപ്പെട്ടത്. ഇതിനുപുറമെ, പ്രതിഫല തർക്കങ്ങളും എട്ട് മണിക്കൂർ മാത്രം ജോലി ചെയ്യണമെന്ന നിബന്ധനയും ചർച്ചകൾ പുറത്തു പ്രചരിച്ചതും സഹകരണം അവസാനിപ്പിക്കാൻ കാരണമായതായി അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഇതിനെ വിമർശിച്ചുകൊണ്ട് മാധ്യമപ്രവർത്തകയായ ജാൻവി മഞ്ചന്ദ പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റിനാണ് ദീപിക പിന്തുണയറിയിച്ചത്. വർഷങ്ങളായി പുരുഷ താരങ്ങൾ സിനിമകളുടെ ലാഭവിഹിതം വാങ്ങുന്നത് സാധാരണ സംഭവമാണെന്നും എന്നാൽ ഒരു സ്ത്രീ ഇതേ ആവശ്യം ഉന്നയിക്കുമ്പോൾ മാത്രം എന്തുകൊണ്ടാണ് വിവാദമാകുന്നതെന്നും ചോദ്യം ചെയ്യുന്നതായിരുന്നു ആ കുറിപ്പ്.

കഴിഞ്ഞ വർഷം ചിത്രത്തിൽ നിന്ന് ദീപിക പിന്മാറിയപ്പോഴും സമാനമായ രീതിയിൽ വലിയ ചർച്ചകൾ ഉടലെടുത്തിരുന്നു. ഒരു അമ്മയെന്ന നിലയിൽ എട്ട് മണിക്കൂർ ജോലി സമയം ആവശ്യപ്പെടുന്നത് സ്വാഭാവികമാണെന്നും പുരുഷ താരങ്ങൾക്കും ഇത്തരം സമയക്രമങ്ങൾ നൽകാറുണ്ടെന്നുമായിരുന്നു അന്ന് ദീപികയുടെ പ്രതികരണം. എന്നാൽ ഈ ചർച്ചകൾക്കിടെ, പേര് എടുത്തുപറയാതെ സംവിധായകൻ സന്ദീപ് റെഡ്ഡി വാംഗ സോഷ്യൽ മീഡിയയിലൂടെ “ഡേർട്ടി പിആർ ഗെയിംസ്” എന്ന് വിശേഷിപ്പിച്ച് കടുത്ത വിമർശനമുന്നയിച്ചിരുന്നു. ഒന്നര വർഷത്തോളം നടിയുമായി ചർച്ച നടത്തിയിരുന്നെങ്കിലും സാമ്പത്തിക പ്രായോഗികതയും അണിയറയിലെ ചർച്ചകൾ പുറത്തായതുമാണ് നടിയെ ഒഴിവാക്കാനുള്ള തീരുമാനത്തിലേക്ക് സന്ദീപിനെ നയിച്ചത്.

വിവാദങ്ങൾക്ക് പിന്നാലെ ദീപികയ്ക്ക് പകരം തൃപ്തി ദിമ്രിയെ ‘സ്പിരിറ്റിലെ’ പുതിയ നായികയായി അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. ടി-സീരീസുമായി ചേർന്ന് ഭൂഷൺ കുമാർ, പ്രണയ് റെഡ്ഡി വാംഗ, കൃഷൻ കുമാർ, പ്രഭാകർ റെഡ്ഡി വാംഗ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രം എട്ട് ഭാഷകളിലാണ് റിലീസിനായി ഒരുങ്ങുന്നത്. പ്രഭാസിനൊപ്പം വിവേക് ഒബ്‌റോയ്, ഐശ്വര്യ ദേശായി എന്നിവരും വേഷമിടുന്ന ചിത്രം 2027 മാർച്ച് 5-ന് തിയേറ്ററുകളിലെത്തും. അതേസമയം, വിവാദങ്ങൾക്കിടയിലും ഷാരൂഖ് ഖാനൊപ്പമുള്ള ‘കിംഗ്’, അല്ലു അർജുനൊപ്പം അറ്റ്‌ലി സംവിധാനം ചെയ്യുന്ന ‘രാക’ എന്നീ പുതിയ സിനിമകളുടെ തിരക്കുകളിലാണ് ദീപിക പദുക്കോൺ.