
തമിഴ്‌നാട് സർക്കാരിന്റെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പങ്കെടുത്തതിന്റെ പേരിൽ നടി തൃഷയ്‌ക്കെതിരെ നടക്കുന്ന വ്യക്തിപരമായ ആക്രമണങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി നടി സഞ്ജന ഗൽറാണി. വിജയ്‌യുടെ രാഷ്ട്രീയത്തെയോ ഭരണത്തെയോ നേരിടാൻ കഴിയാത്തവർ ഒരു സ്ത്രീയുടെ വ്യക്തിജീവിതത്തെ ലക്ഷ്യമിടുന്നത് ഖേദകരമാണെന്ന് സഞ്ജന പറഞ്ഞു. കോട്ട സെന്റ് ജോർജിൽ നടന്ന ചടങ്ങിൽ വിജയ്‌യുടെ മാതാപിതാക്കൾക്കൊപ്പം മുൻനിരയിൽ തൃഷ ഇരുന്നതും പരസ്പരം സല്യൂട്ട് കൈമാറിയതുമാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അന്തസ്സ് കെടുത്തുന്ന നടപടിയാണിതെന്ന് ഡി.എം.കെ മുഖപത്രമായ ‘മുരശൊലി’ വിമർശിച്ചിരുന്നു.
എന്നാൽ, രാഷ്ട്രീയ നേതാക്കളെ നേരിടാൻ വ്യക്തിപരമായ കാര്യങ്ങളെ ലക്ഷ്യം വെക്കുന്നത് ശരിയായ രാഷ്ട്രീയ ശൈലിയല്ലെന്ന് സഞ്ജന ആരോപിച്ചു. ഏതൊരു സ്ത്രീയെയും പോലെ അർഹമായ ബഹുമാനം തൃഷയ്ക്കും ലഭിക്കേണ്ടതുണ്ട്. തൃഷയും വിജയ്‌യും തമ്മിലുള്ള സൗഹൃദമോ ബന്ധമോ എന്താണെന്നത് അവരുടെ തികച്ചും വ്യക്തിപരമായ കാര്യമാണ്. ഒരു രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ വിജയ്‌യുടെ നേട്ടങ്ങളോ പോരായ്മകളോ ആണ് പൊതുസമൂഹത്തിൽ ചർച്ച ചെയ്യപ്പെടേണ്ടത്. അതിനു പകരം ഒരു സ്ത്രീയുടെ സാന്നിധ്യത്തെ രാഷ്ട്രീയ ആയുധമാക്കുന്നത് നിർഭാഗ്യകരമാണെന്നും അവർ വ്യക്തമാക്കി.
വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ മികച്ച വികസന പദ്ധതികൾ വേഗത്തിലാക്കാൻ വിജയ്ക്ക് സാധിച്ചിട്ടുണ്ടെന്ന് സഞ്ജന അഭിപ്രായപ്പെട്ടു. റോഡ് വികസനം, ഗ്രാമീണ മേഖലകളിലെ വാട്ടർ ടാങ്കുകളുടെ അറ്റകുറ്റപ്പണികൾ, സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുട്ടികൾക്കുള്ള സ്വർണ്ണനാണയ പദ്ധതി തുടങ്ങിയവ ഇതിന് ഉദാഹരണമായി അവർ ചൂണ്ടിക്കാട്ടി. രാഷ്ട്രീയപരമായ വിയോജിപ്പുകൾ നയങ്ങളുടെ അടിസ്ഥാനത്തിൽ പ്രൊഫഷണലായി ചർച്ച ചെയ്യുകയാണ് വേണ്ടതെന്നും സഞ്ജന കൂട്ടിച്ചേർത്തു.
“ഏതൊരു സ്ത്രീയെയും ബഹുമാനിക്കേണ്ടത് വളരെ പ്രധാനമാണ്. വിജയ്ക്കൊപ്പം തുല്യ അളവിലുള്ള ബഹുമാനത്തിന് അർഹയായ നടിയാണ് തൃഷ. മറ്റെല്ലാത്തിനും ഉപരിയായി അത് അവരുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. അവർ സുഹൃത്തുക്കളാണോ, ഭാര്യാഭർത്താക്കന്മാരാണോ, അതോ കാമുകി-കാമുകന്മാരാണോ എന്തുവേണമെങ്കിലും ആയിക്കൊള്ളട്ടെ. തിരഞ്ഞെടുക്കലിന്റെ പേരിൽ നിങ്ങളെങ്ങനെയാണ് അവരെ വിധിക്കുകയും വിലയിരുത്തുകയും ചെയ്യുക? ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിലുള്ള വിജയ്‌യുടെ നേട്ടങ്ങളെക്കുറിച്ച് സംസാരിക്കൂ. പോരായ്മകളെക്കുറിച്ച് സംസാരിക്കൂ. നിങ്ങൾക്ക് യാതൊരു പോരായ്മകളും കണ്ടെത്താൻ കഴിയില്ല, പക്ഷേ അതിനർത്ഥം ഒരു സ്ത്രീയെ ലക്ഷ്യം വെയ്ക്കണം എന്നല്ല.” സഞ്ജന പറഞ്ഞു.