“വെജിറ്റേറിയനാണ്, ബീഫ് ട്രൈ ചെയ്തിട്ടില്ല”; യൂട്യൂബറുടെ അനാവശ്യ ചോദ്യത്തിനെതിരെ സൈബർ മീഡിയ

','

' ); } ?>

പൃഥ്വിരാജ് നായകനാകുന്ന ‘ഖലീഫ’ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന തെലുങ്ക് നടി മാളവിക ശർമയോട് ഓൺലൈൻ മാധ്യമപ്രവർത്തകർ ചോദിച്ച അനാവശ്യ ചോദ്യത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ താരത്തോട് ഭക്ഷണത്തെക്കുറിച്ച് ചോദിച്ചതിനിടയിലാണ് വിവാദങ്ങൾക്ക് അടിസ്ഥാനമായ സംഭവമുണ്ടായത്.

കേരളത്തിൽ വന്നിറങ്ങിയ ഉടനെ മാളവികയോട് പാപ്പരാസികൾ ഇവിടുത്തെ ഭക്ഷണങ്ങളെക്കുറിച്ച് ചോദിച്ചറിയുകയായിരുന്നു. താൻ ചില വിഭവങ്ങൾ പരീക്ഷിച്ചുവെന്ന് താരം മറുപടി നൽകുന്നതിനിടെയാണ്, ‘ബീഫും പഴംപൊരിയും ചേർന്നുള്ള കോംബോ ഇഷ്ടമാണോ’ എന്ന് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ചോദ്യം യൂട്യൂബർമാരുടെ ഭാഗത്തുനിന്നുണ്ടായത്. എന്നാൽ താനൊരു പൂർണ്ണ വെജിറ്റേറിയനാണെന്നും അതിനാൽ ബീഫ് കഴിക്കാറില്ലെന്നും വളരെ ശാന്തമായി തന്നെ മാളവിക മറുപടി നൽകി. ഈ അഭിമുഖത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് ഓൺലൈൻ മാധ്യമങ്ങളുടെ ഇത്തരം പ്രവണതകൾക്കെതിരെ രൂക്ഷമായ പ്രതികരണങ്ങൾ ഉയർന്നത്.

സിനിമയുമായോ താരവുമായോ യാതൊരു ബന്ധവുമില്ലാത്ത ഇത്തരം ചോദ്യങ്ങൾ ബോധപൂർവ്വം വിവാദങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമമാണെന്നാണ് പ്രധാന ആരോപണം. കൂടാതെ, ഈ വീഡിയോയുടെ ചില ഭാഗങ്ങൾ മാത്രം കട്ട് ചെയ്ത് ഉത്തരേന്ത്യൻ സോഷ്യൽ മീഡിയ പേജുകൾ കേരളത്തിനെതിരെ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ടെന്നും നെറ്റിസൺസ് ചൂണ്ടിക്കാണിക്കുന്നു. കേരളത്തിന്റെ പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ട് ഇറങ്ങുന്ന ‘കേരള സ്റ്റോറി’ പോലുള്ള പ്രൊപ്പഗണ്ടകൾക്ക് ഇത്തരം അനാവശ്യ ചോദ്യങ്ങൾ വളമിട്ടു നൽകുകയാണെന്നാണ് ഉയർന്നുവരുന്ന വിമർശനം. ബീഫ് കഴിക്കുമോ, കാവി വസ്ത്രം ധരിച്ചതെന്തിന് തുടങ്ങിയ അടിസ്ഥാനരഹിതമായ ചോദ്യങ്ങളിലൂടെ മലയാളികളെ മൊത്തത്തിൽ അപമാനിക്കുന്ന രീതിയിലേക്ക് ചില യൂട്യൂബർമാരുടെ നിലവാരം താഴുകയാണെന്നും, ഇത് നിഷ്പക്ഷരായ ആളുകളെപ്പോലും തീവ്രചിന്താഗതിക്കാരക്കാൻ കാരണമാകുമെന്നും പ്രതികരണങ്ങളുണ്ട്.

മഹാരാഷ്ട്ര സ്വദേശിയായ മാളവിക ശർമ ഇതിനകം തെലുങ്കിൽ ശ്രദ്ധേയയായ താരമാണ്. ‘റെഡ്’, ‘നേല ടിക്കറ്റ്’, ‘ഹാരോം ഹാര’, ‘ഭീമ’ തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളിലൂടെയാണ് മാളവിക പ്രേക്ഷകർക്ക് പ്രിയങ്കരിയായത്. മലയാളത്തിൽ പൃഥ്വിരാജിനൊപ്പമുള്ള ‘ഖലീഫ’യ്ക്ക് പുറമെ ‘ബ്രിന്ദാവിഹാരി’ എന്ന കന്നഡ ചിത്രവും താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. മികച്ച സ്വീകരണമാണ് താരത്തിന് കേരളത്തിൽ ലഭിച്ചതെങ്കിലും, ചില പാപ്പരാസികളുടെ ഇടപെടലുകൾ ആതിഥേയത്വത്തിന് മങ്ങലേൽപ്പിച്ചുവെന്ന വിലയിരുത്തലിലാണ് സിനിമാസ്വാദകർ.