
കെ.ജി. ജോർജ്, പത്മരാജൻ, ഭരതൻ തുടങ്ങിയ പ്രഗത്ഭർ കെട്ടിപ്പടുത്ത ‘മിഡ് സിനിമ’ പാരമ്പര്യത്തിന്റെ പുതിയകാല വക്താവാണ് സംവിധായകൻ ചിദംബരമെന്ന് കവിയും ഗാനരചയിതാവുമായ അൻവർ അലി. സാമ്പത്തിക ഭദ്രതയും ഉയർന്ന സൗന്ദര്യശാസ്ത്ര നിലവാരവും ഒരുപോലെ കാത്തുസൂക്ഷിക്കുന്ന ഈ സിനിമാരീതിയുടെ വർത്തമാനകാല അടയാളമാണ് ചിദംബരത്തിന്റെ ‘ബാലൻ’ എന്നും, സമാന്തര സിനിമകൾ അവസാനിച്ചെന്ന വാദം തെറ്റാണെന്നും സമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
വലിയ പണച്ചെലവുള്ള മാധ്യമമെന്ന നിലയിൽ നിർമാതാവിന് നഷ്ടം വരുത്താതെയും എന്നാൽ കലാമേന്മയിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെയും സിനിമ ചെയ്യുക എന്നത് വലിയ വെല്ലുവിളിയാണ്. രാമു കാര്യാട്ട്, സേതുമാധവൻ, മോഹൻ തുടങ്ങിയ സംവിധായകരിൽ തുടങ്ങി കെ.ജി. ജോർജ്ജ് വരെയുള്ളവർ വിജയകരമായി നടപ്പിലാക്കിയ മിഡ് സിനിമ എന്ന ശൈലിയുടെ തുടർച്ച തന്നെയാണ് ഇന്നത്തെ ചെറുപ്പക്കാരും പിന്തുടരുന്നത്. മാർക്കറ്റിനെയും എസ്തെറ്റിക്സിനെയും ഉപേക്ഷിക്കാതെ ഇൻഡസ്ട്രിക്കുള്ളിൽ നിന്നുതന്നെ പ്രവർത്തിക്കുന്ന ചിദംബരത്തെപ്പോലുള്ള സംവിധായകർ ഈ വിഭാഗത്തിനാണ് കരുത്തേകുന്നത്.
അതേസമയം, പഴയകാല ആർട്ട് സിനിമകളുടെ യുഗം അവസാനിച്ചെന്ന വാദത്തെ അൻവർ അലി നിഷേധിക്കുന്നു. യൂറോപ്യൻ ന്യൂവേവ് ചിത്രങ്ങൾ, സത്യജിത് റേ, ഋത്വിക് ഘട്ടക് എന്നിവരുടെ സൃഷ്ടികൾ, കേരളത്തിൽ അരവിന്ദനും ജോൺ അബ്രഹാമും അടൂരും മുന്നോട്ടുവെച്ച സിനിമാ സംസ്കാരം എന്നിവയുടെ ആധുനിക ആവിഷ്കാരങ്ങളാണ് ഇന്നത്തെ ഇൻഡിപെൻഡന്റ് സിനിമകൾ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ഈ.മ.യൗ’, കൃഷാന്തിന്റെ സിനിമകൾ എന്നിവയൊക്കെ ഉയർന്ന സൗന്ദര്യബോധം പുലർത്തുന്ന സ്വതന്ത്ര സിനിമകളാണ്. ഇവ ഫെസ്റ്റിവലുകളിൽ മാത്രം ഒതുങ്ങുന്നുവെന്ന തരം പ്രതിസന്ധികൾ താൽക്കാലികം മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
പഴയകാല മെഗാസ്റ്റാർഡം മാതൃകകളെ വിട്ട് പുതിയ എന്തെങ്കിലും സൃഷ്ടിക്കണമെന്ന ആഗ്രഹം യുവ കലാകാരന്മാർക്കുണ്ട്. തമിഴിൽ ഭാരതിരാജയുടെ കാലം മുതൽ ശക്തിപ്പെട്ട ദളിത് സിനിമാ പ്രസ്ഥാനങ്ങൾ പോലെ, സമൂഹത്തോടുള്ള കരുതലും സാമൂഹിക പ്രതിബദ്ധതയും അടങ്ങിയ ചിത്രങ്ങൾ മലയാളത്തിലും സജീവമാകുന്നുണ്ട്. സിനിമാ നിർമാണത്തിന്റെ കലയിൽ വിട്ടുവീഴ്ച ചെയ്യാതെ ഇത്തരം ആശയങ്ങൾ സംസാരിക്കുന്ന മികച്ച ചിത്രമാണ് ‘ബാലൻ’ എന്നും അൻവർ അലി കൂട്ടിച്ചേർത്തു.
അൻവർ അലിയുടെ വാക്കുകളിലേക്ക്:
സിനിമയിൽ ചില എസ്തെറ്റിക് ഡിസിപ്ലിൻസ്, എസ്തെറ്റിക് കൺസേൺസ് ഒക്കെ ഫോളോ ചെയ്യണം. അതേസമയം പണം മുടക്കുന്ന പരിപാടിയാണ് പടം. അപ്പോൾ പണവും പടവും കൂടെ മുടങ്ങരുത് എന്നുമുണ്ട്. അതു രണ്ടും കലർന്നിട്ടുള്ള സിനിമയ്ക്ക് വലിയ ചരിത്രമുണ്ട്. കേരളത്തിൽ മിഡ് സിനിമ എന്നാണതിനെ വിളിച്ചിരുന്നത്. ഉദാഹരണം കെജി ജോർജ്. അദ്ദേഹമൊരു ഗംഭീര ഫിലിം മേക്കറാണ്. എസ്തെറ്റിക്കലി ബ്രില്യന്റായ ഫിലിം മേക്കറായിരിക്കെത്തന്നെ ഇൻഡസ്ട്രിയിൽ പ്രവർത്തിച്ചത് മിഡ് സിനിമയുടെ ആളായാണ്. പദ്മരാജൻ, ഭരതൻ, മോഹൻ തുടങ്ങിയവരും അതിലുൾപ്പെടും.
രാമു കാര്യാട്ടിനെയും സേതുമാധവനെയും പോലെയുള്ളവരും ഫലത്തിൽ ഇതേ മിഡ് സിനിമ തന്നെയാണ് ആവിഷ്കരിച്ചത്. വലിയ പണം മുടക്കുള്ള മാധ്യമമായതുകൊണ്ട് പണം നഷ്ടം വരരുത് എന്നുള്ള തീരുമാനവും അതേസമയം എസ്തെറ്റിക്കലി ബ്രില്യന്റായ സിനിമ നിർമിക്കണമെന്ന ആഗ്രഹവും ഉണ്ടായിരുന്നു. ഇടക്കാലത്ത് അതിന്റെ തുടർച്ച ദുർബലപ്പെട്ടിരിക്കാം. എന്നാൽ ഇപ്പോൾ മലയാള സിനിമയിൽ അതിന്റെ തുടർച്ചയുണ്ടാകുന്നുണ്ട്.
യുവ സംവിധായകർ, യുവ തിരക്കഥാകൃത്തുക്കൾ, യുവ കലാകാരന്മാർ, ഇവർക്കൊക്കെ പുതിയതെന്തെങ്കിലും വേണമെന്ന തോന്നലുണ്ട്. പണ്ടത്തെ മെഗാസ്റ്റാർഡത്തിനൊപ്പമല്ല. അവർക്കൊക്കെ വയസ്സായി. പുതിയതെന്തെങ്കിലുമൊക്കെ ഉണ്ടായിവരേണ്ട കാലമാണ്. ലോകത്തു തന്നെ ധാരാളം മാറ്റങ്ങളുണ്ടാവുകയാണ്. ഭാരതിരാജയുടെ കാലത്തു തുടങ്ങി ഇങ്ങോട്ട് ദളിത് സിനിമകളുടെ ഒരു മൂവ്മെന്റ് തമിഴിലുണ്ടെന്നാണ് ഞാൻ കരുതുന്നത്. വ്യത്യസ്തമായി മലയാള സിനിമയിലും സമൂഹത്തോടുള്ള കരുതലടങ്ങിയ ചിത്രങ്ങളുണ്ടാകുന്നുണ്ട്. അതിലുൾപ്പെടുന്ന ബ്രില്യന്റ് സിനിമയാണ് ബാലൻ. അപ്പോൾ പോലും ആർട്ട് ഓഫ് ഫിലിംമേക്കിങ്ങിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ ഒരുക്കുന്ന സിനിമ എന്നത് കുറച്ചുകൂടെ വ്യത്യസ്തമാണെന്നാണ് എന്റെ അഭിപ്രായം.
യൂറോപ്പിലെ ന്യൂവേവ് സിനിമ, ഇന്ത്യയിൽ സത്യജിത് റേയും ഋത്വിക് കുമാർ ഘട്ടക്കുമൊക്കെ പ്രതിനിധീകരിക്കുന്ന സിനിമ, കേരളത്തിൽ അരവിന്ദനേയും ജോണിനേയും അടൂരിനേയും പോലെയുള്ള ആളുകൾ പ്രതിനിധീകരിക്കുന്ന സിനിമ, എന്നിവയുടെ പുതിയകാല ആവിഷ്കാരത്തെയാണ് നമ്മൾ സ്വതന്ത്ര സിനിമകൾ ( ഇൻഡിപെന്റന്റ് സിനിമ ) എന്നു വിളിക്കുന്നത്. ഇമയൗ പോലെയുള്ള സിനിമ, കൃഷാന്തിന്റെ സിനിമ ഒക്കെയാണ് കുറേക്കൂടെ എസ്തെറ്റിക് എന്നാണ് ഞാൻ കരുതുന്നത്. അതിന് പ്രേക്ഷകരില്ല, ഫെസ്റ്റിവലിൽ മാത്രമേ പോകുന്നുള്ളൂ എന്നൊക്കെ പറയുന്നത് മാറി വരും. അത്തരം പ്രതിസന്ധികൾ എല്ലാകാലത്തും സിനിമ അഭിമുഖീകരിക്കുന്നുണ്ട്.
തീർച്ചയായും ഇൻഡസ്ട്രിക്ക് അകത്തുനിന്നും ജോർജ് ഒക്കെ ചെയ്ത പരിപാടികളുടെ തുടർച്ചയാണ് ഇപ്പോൾ ചിദംബരത്തെപ്പോലെയുള്ള സംവിധായകർ ചെയ്യുന്നത്. അവർക്ക് എസ്തെറ്റിക്സിനെയും മാർക്കറ്റിനെയും പൂർണമായും ഉപേക്ഷിക്കാൻ വയ്യ. അങ്ങനെയാണ് മിഡ് സിനിമയുണ്ടാകുന്നത്. അതിന്റെ വക്താവ് എന്ന നിലയ്ക്ക് ബാലന് വലിയ പ്രാധാന്യമുണ്ട്. അതിനപ്പുറത്തേക്ക് പഴയ ആർട്ട് സിനിമകളൊക്കെ നിന്നു സമാന്തര സിനിമകളൊക്കെ അവസാനിച്ചു എന്ന വാദത്തോട് ഞാൻ യോജിക്കുന്നില്ല.