“പെൺകുട്ടികൾക്ക് എത്തിപ്പിടിക്കാനാവാത്ത ഉയരങ്ങളോ ചാടിക്കടക്കാനാവാത്ത തടസ്സങ്ങളോ ഇല്ല”; വിദ്യാർഥിനികളോട് നിവിൻ പോളി

','

' ); } ?>

സ്വയം സംശയങ്ങളും ഭയങ്ങളും മാറ്റിവെച്ച് അവസരങ്ങൾ ധൈര്യത്തോടെ പ്രയോജനപ്പെടുത്തണമെന്ന് വിദ്യാർഥിനികളോട് ആഹ്വാനം ചെയ്ത് നടൻ നിവിൻ പോളി. പുതിയ ചിത്രമായ ‘ബത്‌ലഹേം കുടുംബ യൂണിറ്റി’ന്റെ പ്രചാരണാർഥം കൊച്ചി സെന്റ് തെരേസാസ് വനിതാ കോളേജിലെത്തിയപ്പോഴായിരുന്നു താരം വിദ്യാർഥിനികളിൽ ആവേശമുണർത്തുന്ന സന്ദേശം നൽകിയത്. പെൺകുട്ടികൾക്ക് എത്തിപ്പിടിക്കാനാവാത്ത ഉയരങ്ങളോ ചാടിക്കടക്കാനാവാത്ത തടസ്സങ്ങളോ ഇല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അറിഞ്ഞോ അറിയാതെയോ വീട്ടിൽനിന്നും കോളേജിൽനിന്നും സമൂഹത്തിൽനിന്നും നിരവധി നിയന്ത്രണങ്ങളിലൂടെ കടന്നുപോകുന്നവരാണ് പെൺകുട്ടികളെന്ന് നിവിൻ പറഞ്ഞു. ഇത്തരം അതിരുകളിൽ തളച്ചിടപ്പെടാതെ സ്വന്തം സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും വേണ്ടി ധൈര്യത്തോടെ മുൻപോട്ടുപോകണം. ജീവിതത്തിൽ തിരിച്ചുകിട്ടാത്ത കോളേജ് കാലഘട്ടം പൂർണ്ണമായി ആസ്വദിക്കണമെന്നും സമാധാനമുള്ള ജോലി കണ്ടെത്താൻ ശ്രമിക്കണമെന്നും താരം വിദ്യാർഥികളെ ഉപദേശിച്ചു.

തന്റെ സിനിമാ ജീവിതത്തെ മാറ്റിമറിച്ച വ്യക്തിപരമായ അനുഭവവും നിവിൻ പോളി ചടങ്ങിൽ പങ്കുവെച്ചു. ‘മലർവാടി ആർട്‌സ് ക്ലബ്ബ്’ എന്ന ആദ്യ ചിത്രത്തിന്റെ ഓഡിഷന് മുൻപ് അപകടം പറ്റി കിടപ്പിലായ സമയത്ത് പൗലോ കൊയ്‌ലോയുടെ ‘ദ ആൽക്കമിസ്റ്റ്’ എന്ന നോവൽ വായിച്ചതാണ് ജീവിതത്തിൽ വഴിത്തിരിവായത്. സിനിമയിൽ പരിചയക്കാരില്ലാത്തതിനാൽ ഓഡിഷന് പോകാൻ മടിച്ച തനിക്ക് ധൈര്യം തന്നത് ആ പുസ്തകമാണ്. തോൽവിയെയോ കളിയാക്കലുകളെയോ ട്രോളുകളെയോ പേടിക്കാതെ തീരുമാനങ്ങൾ എടുക്കാനുള്ള ധൈര്യമാണ് ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നതെന്ന് സ്വന്തം ജീവിതം മുൻനിർത്തി അദ്ദേഹം വ്യക്തമാക്കി.

വിദ്യാർഥികൾക്ക് പുറമെ അധ്യാപകരോടും പ്രധാനപ്പെട്ടൊരു കാര്യം നടൻ അഭ്യർഥിച്ചു. പഠനത്തിൽ മുന്നിൽനിൽക്കുന്ന മികച്ച വിദ്യാർഥികൾക്ക് മാത്രമായിരിക്കരുത് അധ്യാപകർ ശ്രദ്ധ നൽകേണ്ടത്. മുൻപോട്ടുവരാൻ ഭയവും മടിയുമുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് ആവശ്യമായ പിന്തുണയും പ്രചോദനവും നൽകി ഒപ്പം നിർത്താൻ അധ്യാപകർക്ക് സാധിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.