
അരങ്ങേറ്റ ചിത്രമായ ‘തുടക്കം’ റിലീസിന് ഒരുങ്ങവേ, കടുത്ത സൈബർ ആക്രമണവും ബോഡി ഷെയ്മിങ്ങും നേരിട്ട് നടൻ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ. ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് വീഡിയോകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഒരു വിഭാഗം ആളുകൾ വിസ്മയയുടെ ശരീരപ്രകൃതിയെയും സംസാരശൈലിയെയും വ്യക്തിഹത്യ ചെയ്തുകൊണ്ട് രംഗത്തെത്തിയത്. അതേസമയം, സൈബർ അധിക്ഷേപങ്ങളെ പ്രതിരോധിച്ച് വിസ്മയയിലെ ജനാധിപത്യവാദിയായ വ്യക്തിത്വത്തെയും നിലപാടുകളെയും പിന്തുണച്ച് വലിയൊരു വിഭാഗം പ്രേക്ഷകരും രംഗത്തെത്തിയിട്ടുണ്ട്.
ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചത് മുതൽ തന്നെ വിസ്മയയ്ക്കെതിരെ ബോയ്കോട്ട് ക്യാമ്പെയ്നുകളും വിമർശനങ്ങളും സജീവമായിരുന്നു. എന്നാൽ ഇത്തരം ആക്രമണങ്ങളിൽ തളരാതെ സ്വന്തം നിലപാടുകളിൽ ഉറച്ചുനിന്ന വിസ്മയയ്ക്ക് കുടുംബത്തിന്റെ പൂർണ പിന്തുണയുമുണ്ടായിരുന്നു. സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും തന്റെ ശരീരഭാഷയെക്കുറിച്ചും മലയാളം സംസാരിക്കുന്നതിലെ പരിമിതികളെക്കുറിച്ചും വിസ്മയ മുൻപ് തന്നെ തുറന്നുപറഞ്ഞിരുന്നു. ഈ ആശങ്കകളെയാണ് ഒരു കൂട്ടർ ഇപ്പോൾ അധിക്ഷേപങ്ങൾക്കായി ആയുധമാക്കുന്നത്.
ട്രെയിലർ ലോഞ്ച് വീഡിയോകൾക്ക് താഴെ വ്യക്തിപരമായ ആക്ഷേപങ്ങളും വിദ്വേഷ പരാമർശങ്ങളുമാണ് നിറയുന്നത്. വിസ്മയയുടെ രൂപത്തെയും ചലനങ്ങളെയും പരിഹസിക്കുന്നതിനൊപ്പം, അഭിനയരംഗത്തേക്ക് കടന്നുവരുന്നതിനെ അനാവശ്യമായി ചോദ്യം ചെയ്യുന്ന തരത്തിലുള്ള കടുത്ത പ്രതികരണങ്ങളാണ് സൈബർ ആക്രമണകാരികൾ നടത്തുന്നത്.
”അപ്പന്റെ വിരലുകള്‍ വരെ അഭിനയിക്കും. മോളുടെ ശരീരം മൊത്തം അഭിനയിക്കുന്നുണ്ട്. ഓരോ വാക്കും പറയുമ്പോള്‍ ശരീരം മൊത്തം ഇളകി ആടുന്നു. മലയാളം സിനിമയില്‍ അഭിനയിച്ച ഇവള് ഒരൊറ്റ വാക്ക് മലയാളത്തില്‍ പറയുന്നില്ല, എന്തുപറ്റി സ്പ്രിംങ് വിഴുങ്ങിയോ, എന്തോ ഒരു സ്പെല്ലിങ് മിസ്റ്റെക്ക് തോന്നുന്നുണ്ടോ, ഇവള്‍ക്ക് ഏതോ ഒരു ഞരമ്പുരോഗം ഉണ്ട് അതായി കാണിക്കുന്നത് എത്രയും പെട്ടെന്ന് ഞരമ്പുരോഗത്തിന് ചികിത്സ തേടുക, എന്തോ ഒരു കിളി പോയ പോലെ. കിലുക്കത്തിലെ രേവതി കഥാപാത്രം, ഇവളെന്താ ഗുസ്തി, ടീമിലുള്ളവളാണോ ഇവളൊക്കെ എങ്ങനെ നായികമാരാകുന്നു.എവിടെയോ എന്തോ തകരാര്‍ പോലെ.. അതെ ഉള്ളൂ കുഴപ്പം, ഒരണ കുറവുള്ളത് പോലെ, ഗുസ്തി കഴിഞ്ഞ് വരുക ആണോ?’ എന്നും ചിലര്‍ പറയുന്നു.
എന്നാൽ, ഈ കടന്നാക്രമണങ്ങൾക്കിടയിലും വിസ്മയയെ ചേർത്തുപിടിക്കുന്ന അനുഭവമാണ് സോഷ്യൽ മീഡിയയിൽ കാണാനാകുന്നത്. വിസ്മയ എന്ന കലാകാരിയെക്കാൾ ഉപരി വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടും ജനാധിപത്യബോധവുമുള്ള നല്ലൊരു മനുഷ്യനാണ് അവരെന്ന് പിന്തുണയ്ക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു. ആത്മവിശ്വാസത്തോടെയും ലളിതമായ പെരുമാറ്റത്തോടെയും സദസ്സിനെ അഭിമുഖീകരിച്ച വിസ്മയയ്ക്ക് വെള്ളിത്തിരയിൽ സ്വന്തമായ ഇടം കണ്ടെത്താൻ സാധിക്കുമെന്ന് വ്യക്തമാക്കിയാണ് ആരാധകരും സിനിമാപ്രേമികളും ഓഗസ്റ്റ് 7-ന് തീയേറ്ററുകളിലെത്തുന്ന ‘തുടക്കം’ എന്ന ചിത്രത്തിന് ആശംസകൾ നേരുന്നത്.