സംവിധായകൻ വിജീഷ് മണിയുടെ ജീപ്പ് കത്തിച്ച് അജ്ഞാതർ; കേസെടുത്ത് പോലീസ്

','

' ); } ?>

ചലച്ചിത്ര സംവിധായകന്‍ വിജീഷ് മണിയുടെ വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പ് അജ്ഞാത സംഘം തീയിട്ടു നശിപ്പിച്ചു. മുതുവട്ടൂര്‍ ആലുംപടിയിലെ വീട്ടുപറമ്പിൽ പാർക്ക് ചെയ്തിരുന്ന വാഹനമാണ് വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെ കത്തി നശിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ചാവക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മഴക്കോട്ട് ധരിച്ചെത്തിയ രണ്ടുപേർ വീട്ടുവളപ്പിലേക്ക് അതിക്രമിച്ചുകയറി വാഹനത്തിന് തീയിട്ട ശേഷം ഓടിരക്ഷപ്പെടുകയായിരുന്നു. സമീപത്തെ സിസിടിവി ക്യാമറകളിൽ ഇതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ജീപ്പിൽ നിന്ന് തീ ഉയർന്നത് ശ്രദ്ധയിൽപ്പെട്ട അയൽക്കാരാണ് വിവരം വിജീഷിന്റെ വീട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് വീട്ടുകാരും പ്രദേശവാസികളും ഗുരുവായൂരില്‍ നിന്നെയെത്തിയ അഗ്നിരക്ഷാസേനയും ചേർന്ന് തീയണച്ചെങ്കിലും ജീപ്പിന്റെ ഉൾഭാഗം പൂർണ്ണമായും കത്തിനശിച്ചു.

വാഹനത്തിന്റെ ഗ്ലാസ് തകർത്ത ശേഷം ഉള്ളിലേക്ക് ഇന്ധനമൊഴിച്ചാണ് തീ കൊളുത്തിയതെന്ന് സംശയിക്കുന്നതായി വിജീഷ് മണി പ്രതികരിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അക്രമികളെ തിരിച്ചറിയാനുള്ള ഊർജ്ജിത ശ്രമത്തിലാണ് പോലീസ്.