
സിനിമകളുടെ വ്യാജപതിപ്പുകൾ പ്രചരിപ്പിക്കുന്ന വെബ്സൈറ്റുകളും ടെലിഗ്രാം ചാനലുകളും നിരോധിച്ച് കേന്ദ്ര സർക്കാർ. ഡിജിറ്റൽ പൈറസിക്കെതിരായ രാജ്യവ്യാപക നടപടികളുടെ ഭാഗമായി കേന്ദ്രസഹമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ കത്തിന് മറുപടിയായി ഐടി മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചതാണ് ഇക്കാര്യം. 1263 വെബ്സൈറ്റുകളും 4996 ടെലിഗ്രാം ചാനലുകളുമാണ് പൂട്ടിയത്. ഓൺലൈൻ പൈറസിയും പകർപ്പവകാശ ലംഘനങ്ങളും തടയുന്നതിനുള്ള നിയമസംവിധാനം ശക്തമാക്കിയ ‘സിനിമറ്റോഗ്രഫ് (ഭേദഗതി) ആക്ട് 2023’ ലെ വ്യവസ്ഥകൾ പ്രകാരമാണ് കേന്ദ്രം നടപടി സ്വീകരിച്ചത്.
അടുത്തിടെയാണ് സിനിമകളുടെ വ്യാജപതിപ്പുകൾ തടയുന്നതിന് നടപടിയാവശ്യപ്പെട്ട് സുരേഷ് ഗോപി കേന്ദ്രസർക്കാരിന് കത്തയച്ചത്. ഇതിന് മറുപടിയായി നടപടി സ്വീകരിച്ചെന്ന് വിശദീകരിച്ചുകൊണ്ട് മന്ത്രി അശ്വിനി വൈഷ്ണവ് സുരേഷ് ഗോപിക്ക് കത്തയക്കുകയായിരുന്നു. വ്യാജ പതിപ്പുകൾ സിനിമാ വ്യവസായത്തിനുണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങൾ സർക്കാർ തിരിച്ചറിയുന്നുണ്ടെന്ന് അശ്വനി വൈഷ്ണവ് കത്തിൽ വ്യക്തമാക്കി. നിയമസംവിധാനം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. പകർപ്പവകാശ ലംഘനം നടത്തുന്ന പ്ലാറ്റ്ഫോമുകൾക്കെതിരെ നടപടിയെടുക്കാൻ നിയമം ഭേദഗതി ചെയ്‌തത് സഹായിക്കും. പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രാലയത്തിൻറെ കീഴിൽ ഒരു പ്രത്യേക സംവിധാനം രൂപീകരിച്ചിട്ടുണ്ട്. പരാതികൾ ഏകോപിപ്പിച്ച് വേഗം നടപടിയെടുക്കാൻ പ്രത്യേക ആന്റി പൈറസി പോർട്ടൽ വികസിപ്പിക്കുന്നുണ്ട്. വ്യാജ പതിപ്പുകൾക്കെതിരെ നടപടികൾ കടുപ്പിക്കുന്നതിനു ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
വ്യാജ പതിപ്പുകൾ ഇന്ത്യൻ സിനിമാ വ്യവസായം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണെന്നും നടപടി ശക്തമാക്കണമെന്നുമാണ് സുരേഷ് ഗോപി നേരത്തെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്.