
മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിലെ അഡ്ഹോക് കമ്മിറ്റിയുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തിൽ നിന്ന് നടൻ രമേഷ് പിഷാരടി പൂർണ്ണമായി പിന്മാറി. കമ്മിറ്റിയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ ഇനി മുന്നോട്ടു പോകാൻ താല്‌പര്യമില്ലെന്ന് രമേശ് പിഷാരടിയുടെ അഭിഭാഷകൻ എറണാകുളം മുൻസിഫ് കോടതിയെ ഔദ്യോഗികമായി അറിയിച്ചു. വിഷയം മുൻപും പരസ്യമായി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, ജുഡീഷ്യൽ പ്രക്രിയയുടെ ഭാഗമായി ഔദ്യോഗികമായിത്തന്നെ കോടതിയിൽ നിലപാട് രേഖപ്പെടുത്തുന്നത് ഇപ്പോഴാണ്.
നടി ശ്വേതാ മേനോൻ സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കായി രമേശ് പിഷാരടിയെ കൺവീനറാക്കി അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചിരുന്നു. എന്നാൽ സംഘടനയുടെ ബൈലോ പ്രകാരം ഇത്തരം ഒരു കമ്മിറ്റിയുടെ രൂപീകരണം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്വേതാ മേനോൻ കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി അഡ്ഹോക് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തുകയും, കൺവീനറായ രമേശ് പിഷാരടിയെ കേസിലെ എതിർകക്ഷിയാക്കുകയുമായിരുന്നു. ഇതേത്തുടർന്നാണ് കേസിൽ നിന്നും പൂർണ്ണമായി ഒഴിഞ്ഞുമാറാനുള്ള നിലപാട് അദ്ദേഹം കോടതിയെ അറിയിച്ചത്.
അതേസമയം, ഈ കേസിൽ തന്നെക്കൂടി കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് നടി അൻസിബ ഹർജി നൽകിയിട്ടുണ്ട്. എന്നാൽ അൻസിബയുടെ ഈ നീക്കത്തിനെതിരെ ശ്വേതാ മേനോൻ ശക്തമായ എതിർപ്പുമായി മുന്നോട്ടുവന്നു. കേസിൽ ഇനി അൻസിബയുടെ ഹർജിയിന്മേലുള്ള വാദപ്രതിവാദങ്ങളാകും കോടതിയിൽ തുടരുക.