കുടുംബജീവിതം തകർക്കാൻ ശ്രമം; ഭാര്യയുമായി ചേർന്നെടുത്ത തീരുമാനങ്ങളിൽ കൂടുതൽ ഉറച്ചുനിൽക്കുന്നുവെന്ന് എം.ബി. പദ്മകുമാർ

','

' ); } ?>

തന്റെ കുടുംബജീവിതത്തിൽ അസ്വസ്ഥതകൾ സൃഷ്ടിക്കാൻ ചിലരുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായതായും താനും ഭാര്യയും ചേർന്നെടുത്ത തീരുമാനങ്ങളിൽ കൂടുതൽ കരുത്തോടെ മുന്നോട്ടുപോകാൻ ഉറപ്പിച്ചതായും നടനും സംവിധായകനുമായ എം.ബി. പദ്മകുമാർ. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കിലൂടെ പങ്കുവെച്ച ദീർഘമായ കുറിപ്പിലാണ് തങ്ങൾ നേരിട്ട അനാവശ്യ ഇടപെടലുകളെക്കുറിച്ചും കുടുംബത്തിന്റെ ഉറച്ച നിലപാടിനെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസങ്ങളിൽ തന്റെ കുടുംബത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ബോധപൂർവ്വമായ നീക്കങ്ങൾ നടന്നതായി പദ്മകുമാർ വെളിപ്പെടുത്തി. എന്നാൽ ഇത്തരം വിനാശകരമായ ശ്രമങ്ങൾ തങ്ങളുടെ ബന്ധത്തെ പിടിച്ചുലയ്ക്കുന്നതിന് പകരം കൂടുതൽ ദൃഢമാക്കുകയാണ് ചെയ്തത്. ദമ്പതികൾ എന്ന നിലയിൽ മുൻപെടുത്ത തീരുമാനങ്ങൾ കൂടുതൽ കരുത്തോടെ വീണ്ടും ഉറപ്പിക്കുകയാണ് ഈ ഘട്ടത്തിൽ തങ്ങൾ ചെയ്തതെന്നും, കുടുംബത്തിന്റെ ഭദ്രതയെ തകർക്കാൻ ആരുടെ ഭാഗത്തുനിന്നുമുള്ള ശ്രമങ്ങൾക്കും കഴിയില്ലെന്നും അദ്ദേഹം കുറിച്ചു.

കഴിഞ്ഞ ദിവസം ഞങ്ങൾ കുടുംബമായി എന്നെ ക്ഷണിച്ച ഒരു പരിപാടിയിൽ പങ്കെടുത്തു. പതിവുപോലെ ദാമ്പത്യത്തെക്കുറിച്ചും കുടുംബജീവിതത്തെക്കുറിച്ചും എന്റെ അനുഭവങ്ങൾ ഞാൻ പങ്കുവച്ചു. പ്രസംഗം കഴിഞ്ഞ് ഭക്ഷണം കഴിക്കുന്ന സമയത്ത് ഒരു സ്ത്രീ എന്റെ ഭാര്യയോട് രഹസ്യമായി പറഞ്ഞു: “ഭർത്താവ് എന്ത് മോശമാണ് ചെയ്യുന്നത്! ഭാര്യയെ ഇങ്ങനെ കുറ്റം പറയാൻ പാടുണ്ടോ? നിങ്ങളെ ഓർക്കുമ്പോൾ സഹതാപം തോന്നുന്നു.” ആ കൊളുത്ത് വീട്ടിലെത്തി വലിയ പ്രശ്നമാകുമെന്നാണ് അവർ വിചാരിച്ചത്.

പക്ഷേ ഇന്നലെ ഞങ്ങളുടെ കുടുംബത്തിലെ പതിവ് സംസാരത്തിനിടെ ഈ വിഷയം വന്നു. അപ്പോൾ ഭാര്യ ചിരിച്ചുകൊണ്ട് പറഞ്ഞു, ഇത് ആദ്യമായല്ല. പോസ്റ്റുകൾ കണ്ട് പലരും അവരോട് ഇതേ രീതിയിൽ സംസാരിച്ചിട്ടുണ്ടത്രേ. ഒരു ജ്യോതിഷൻ മുതൽ വീട്ടിൽ വേസ്റ്റ് എടുക്കാൻ വരുന്ന സ്ത്രീ വരെ, പലരും തങ്ങളുടേതായ ” കുടുംബം കലക്കി സന്ദേശങ്ങൾ” അവരെ ഏൽപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടത്രേ. ഞങ്ങൾ അതുകേട്ട് ഒരുപാട് ചിരിച്ചു.

അപ്പോഴാണ് തോന്നിയത്, കുടുംബം കലക്കാൻ ശ്രമിക്കുന്നവരോടും, പരദൂഷണത്തിലൂടെ ജീവിക്കുന്നവരോടും ഞങ്ങളുടെ ദാമ്പത്യത്തെക്കുറിച്ച് തുറന്ന് പറയണമെന്ന്. ശരിയാണ്…എനിക്ക് ഭാര്യയോട് പ്രണയമില്ല, ആത്മാർത്ഥമായ സ്നേഹവും കരുതലുമുണ്ട്. ഭാര്യ വീട്ടുകാരുടെ അനാരോഗ്യകരമായ ഇടപെടലുകൾ ഞങ്ങളുടെ ജീവിതത്തെ ബാധിച്ചിട്ടുണ്ട്. ഡിവോഴ്‌സിന്റെ വക്കത്ത് വരെ പലരും ചേർന്ന് ഞങ്ങളെ എത്തിച്ചിട്ടുണ്ട്. ഇതൊന്നും ഞങ്ങളുടെ കുടുംബത്തെ തകർത്തില്ല. കാരണം ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ, ആ സംഭവങ്ങളെ ഞാൻ ഒരു സാധാരണ മനുഷ്യൻ തന്റെ വികാരങ്ങളിലും പരിമിതികളിലും പ്രതികരിച്ച നിമിഷങ്ങളായി മാത്രമാണ് കാണുന്നത്. ഞാൻ തൊഴിൽ പരമായി ഒരു നടൻകൂടിയാണ്. പക്ഷെ ജീവിത്തിൽ എനിക്ക് അഭിനയിക്കാൻ താൽപര്യമില്ല. ഇനി

മുകളിലെ ഫോട്ടോ ഒന്ന് ശ്രദ്ധിക്കൂ. ഞങ്ങൾ തമ്മിലുള്ള ഉയരത്തിന്റെ വ്യത്യാസം. അത് ഞങ്ങളുടെ ദാമ്പത്യത്തിലും ഉണ്ട്. എല്ലാ അർത്ഥത്തിലും ഞങ്ങൾ രണ്ട് വ്യത്യസ്ത തലങ്ങളിലുള്ള മനുഷ്യരാണ്. ഞങ്ങൾ മാത്രമല്ല. ഈ സമൂഹത്തിലെ ഒരുപാട് ദമ്പതിമാരും അങ്ങനെയാണ്. പക്ഷേ കുടുംബം എന്നത് ഒരുപോലെയുള്ള രണ്ട് മനുഷ്യരുടെ കൂട്ടായ്മയല്ല. പൊരുത്തമില്ലായ്മയിൽ പൊരുത്തം കണ്ടെത്താനുള്ള യാത്രയാണ്. ആ യാത്രയുടെ ഏറ്റവും വലിയ തെളിവ് ഞങ്ങളുടെ മക്കളാണ്. നല്ല മനുഷ്യരായി വളർന്ന മക്കൾ. ദാമ്പത്യം ഭാര്യയും ഭർത്താവും മാത്രമല്ല. ആ ചരടിൽ കുട്ടികളേയും കെട്ടിയിരിക്കുന്നു. ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധം പൊട്ടുമ്പോൾ, ഏറ്റവും വലിയ വില കൊടുക്കുന്നത് പലപ്പോഴും കുട്ടികളുടെ മനസ്സാണ്. അത് ഞങ്ങളുടെ കുടുംബത്തിൽ സംഭവിക്കാതിരിക്കാൻ ഞങ്ങൾ വർഷങ്ങളായി ചില തീരുമാനങ്ങൾ എടുത്തു. ‌ ഇന്നലെ ആ തീരുമാനങ്ങൾ വീണ്ടും ഉറപ്പിച്ചു.  വികാരപരമായ അകലം പാലിക്കുക.  വ്യക്തമായ അതിർത്തികൾ ഉണ്ടാക്കുക.  ജോലി സമയത്തെ സംരക്ഷിക്കുക.  അനാവശ്യ തർക്കങ്ങളിൽ നിന്ന് പിന്മാറുക. കുടുംബം ആരെയും പരസ്പരം തളച്ചിടാനുള്ള ഒരു വ്യവസ്ഥയല്ല.

പരസ്പരം മനസ്സിലാക്കാൻ കഴിയുന്നിടത്ത് സ്നേഹം വളരും. മനസ്സിലാക്കാൻ കഴിയാത്തിടത്ത് ബഹുമാനവും അതിർത്തികളും കുടുംബത്തെ സംരക്ഷിക്കും. ഒരു സ്ത്രീ തന്റെ സ്ത്രീത്വത്തെ മനസ്സിലാക്കി ഒരു പുരുഷനോട് ചേർന്നുനിൽക്കുകയും, ഒരു പുരുഷൻ തന്റെ പൗരുഷം അധികാരമല്ല ഉത്തരവാദിത്വമാണെന്ന് തിരിച്ചറിഞ്ഞ് ജീവിക്കുകയും ചെയ്യുന്നിടത്ത്, ഈ അതിർത്തികൾ ഒരുനാൾ ഇല്ലാതാകാം. അവിടെ പ്രണയവും വീണ്ടും ജനിക്കാം. ഇതാണ് ഞങ്ങളുടെ കുടുംബം. ഞങ്ങളെക്കുറിച്ച് കഥകൾ പറഞ്ഞവരും, ഞങ്ങളുടെ ജീവിതം തകരുമെന്ന് കരുതിയവരും വർഷങ്ങളായി ഉണ്ടായിരുന്നു. പക്ഷേ കുടുംബം എന്നത് മറ്റുള്ളവർ എഴുതുന്ന കഥയല്ല. ഓരോ ദിവസവും നമ്മൾ എഴുതുന്ന തീരുമാനങ്ങളുടെ ആകെത്തുകയാണ്. ഈ സംഭവിത്തിൽ ഞാൻ തീരുമാനിച്ചത് കുടുംബതത്തിന്റെ ഞാൻ ചെയ്തിരുന്ന ഉത്തരവാദിത്വങ്ങൽ ഇന്നുമുതൽ ഭാര്യെ ഏൽപ്പിക്കാനാണ്. അവരാകട്ടെ ഇനിമുതൽ കുടുംബനാഥ.