“അമ്മയിൽ സംഭവിച്ചത് അനുഭവപരിചയക്കുറവ് മൂലമുണ്ടായ പിഴവുകൾ, നടപടികൾ ആരംഭിച്ചിട്ടുണ്ട്”; തുറന്ന കത്തുമായി ശ്വേതാ മേനോൻ

','

' ); } ?>

ഭരണസമിതിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ അനുഭവപരിചയക്കുറവ് മൂലം സംഭവിച്ചതാണെന്ന് തുറന്നു സമ്മതിച്ച് നടിയും അമ്മയുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ. ഈ പിഴവുകൾ തിരുത്താനുള്ള കൃത്യമായ നടപടികൾ ഇതിനകം തന്നെ ആരംഭിച്ചതായും ശ്വേത വ്യക്തമാക്കി. . ‘അമ്മ’ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർ ചേർന്ന് അമ്മയ്ക്ക് നൽകിയ തുറന്ന കത്തിലാണ് കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്.

കത്തിന്റെ പൂർണ രൂപം;

2026 ജൂൺ 21-ന് നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ ഉണ്ടായ ചർച്ചകളും തുടർന്നുണ്ടായ അഭിപ്രായവ്യത്യാസങ്ങളും എല്ലാ അംഗങ്ങളും നേരിട്ട് കാണുകയും മനസ്സിലാക്കുകയും ചെയ്‌തതാണ്. ആ സംഭവങ്ങൾ പല അംഗങ്ങൾക്കും വിഷമവും നിരാശയും ആശങ്കയും ഉണ്ടാക്കിയിട്ടുണ്ടാകാമെന്ന് ഞങ്ങൾ പൂർണമായി മനസ്സിലാക്കുന്നു. ഞങ്ങളുടെ കമ്മിറ്റിയിൽ നിന്ന് അനുഭവപരിചയക്കുറവ് മൂലമുണ്ടായ പിഴവുകൾ ആത്മാർഥമായ ആത്മപരിശോധനയിലൂടെ തിരിച്ചറിഞ്ഞ്, അവ തിരുത്തുന്നതിനുള്ള നടപടികൾ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. കൂടുതൽ പക്വതയോടെയും ഉത്തരവാദിത്തത്തോടെയും മുന്നോട്ടുപോകാൻ ഞങ്ങൾ പ്രതിജ്‌ഞാബദ്ധരാണ്.

ഇപ്പോൾ ചുമതല വഹിക്കുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ അവരുടെ ഉത്തരവാദിത്തങ്ങൾ തുടർന്നും നിർവഹിച്ചുവരുന്നു. അതിനാൽ 2026 ജൂൺ 21 മുതൽ ഇന്നുവരെ ‘അമ്മ’യുടെ ദൈനംദിന പ്രവർത്തനങ്ങൾക്കും അംഗസേവനങ്ങൾക്കും യാതൊരു തടസ്സവും നേരിട്ടിട്ടില്ല. അംഗങ്ങളുടെ കൈനീട്ടം, സഞ്ജീവനി പദ്ധതി, മെഡിക്കൽ ഇൻഷുറൻസ് ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സേവനങ്ങളും മുടക്കമില്ലാതെ തുടരുകയാണ്. ഇനിയും അതേ ആത്മാർഥതയോടെയും ഉത്തരവാദിത്തത്തോടെയും ഈ സേവനങ്ങൾ തുടരുമെന്ന് ഞങ്ങൾ ഉറപ്പുനൽകുന്നു.

അമ്മയിലെ ഓരോ അംഗത്തിൻ്റെയും ക്ഷേമവും സുരക്ഷയും സംഘടനയുടെ ഐക്യവും കാത്തുസൂക്ഷിക്കുന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ മുൻഗണന. ഇതുവരെ നിങ്ങൾ ഓരോരുത്തരും നൽകിയ സ്നേഹത്തിനും വിശ്വാസത്തിനും സഹകരണത്തിനും ഹൃദയപൂർവം നന്ദി അറിയിക്കുന്നു. തുടർന്നും നിങ്ങളുടെ വിലപ്പെട്ട പിന്തുണയും സഹകരണവും ഉണ്ടാകുമെന്ന് ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു. സ്നേഹപൂർവം, അമ്മ പ്രസിഡന്റ്, ജനറൽ സെക്രട്ടറി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ’’

കഴിഞ്ഞ ജൂൺ 21-നാണ് ‘അമ്മ’യുടെ ജനറൽ ബോഡി യോഗം ചേർന്നത്. അന്ന് രൂപീകരിച്ച അഡ്ഹോക് കമ്മിറ്റിക്ക് നിയമസാധുത ഇല്ലാത്തതിനാൽ നിലവിൽ മുൻ ഭരണസമിതി തന്നെയാണ് സംഘടനയുടെ ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം യാതൊരുവിധ തർക്കങ്ങളുമില്ലാതെ സമാധാനപരമായാണ് മുന്നോട്ടുപോകുന്നതെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു. അംഗങ്ങൾക്കായുള്ള പ്രധാന ക്ഷേമ പദ്ധതികളായ ഇൻഷുറൻസ്, അമ്മ കൈനീട്ടം, സഞ്ജീവനി തുടങ്ങിയവയെല്ലാം യാതൊരു തടസ്സവുമില്ലാതെ ഭംഗിയായി തുടരുന്നുണ്ടെന്നും, തെറ്റുകൾ തിരുത്താനുള്ള കർശന നടപടികളിലേക്ക് കടക്കുകയാണെന്നും ശ്വേതാ മേനോൻ കത്തിൽ വ്യക്തമാക്കുന്നു.