സിനിമയെ കൊല്ലുന്ന സെൻസർ ബോർഡ് പൂർണമായും നിരോധിക്കണം: രൂക്ഷവിമർശനവുമായി രാം ഗോപാൽ വർമ

','

' ); } ?>

സ്‌മാർട്ട്ഫോണുകളുടെയും ആഗോള സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളുടെയും ഡിജിറ്റൽ യുഗത്തിൽ സെൻസർഷിപ്പിന് യാതൊരു പ്രസക്തിയുമില്ലെന്നും അത് ഇന്ത്യൻ സിനിമയെ കൊന്നുകൊണ്ടിരിക്കുകയാണെന്നും സംവിധായകൻ രാം ഗോപാൽ വർമ. പ്രേക്ഷകരെ തികച്ചും അപമാനിക്കുന്ന ഒന്നാണ് സെൻസർഷിപ്പെന്നും, അതിനാൽ സെൻസർ ബോർഡ് പൂർണമായും നിരോധിക്കണമെന്നും അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ ഭരണാധികാരിയെ തിരഞ്ഞെടുക്കാൻ വോട്ട് രേഖപ്പെടുത്തുന്ന മുതിർന്ന പൗരന്മാർക്ക്, അവർ എന്ത് കാണണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നത് സർക്കാരിന്റെ പരസ്പരവിരുദ്ധമായ നിലപാടാണ് വ്യക്തമാക്കുന്നത്. 18 വയസ്സുള്ള പൗരന്മാർ രാജ്യം ഭരിക്കാൻ പ്രായമുള്ളവരായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, ഒരു സിനിമയിലെ ചീത്തവാക്കോ രംഗമോ അവരെ അഴിമതിക്കാരാക്കുമോ എന്ന് തീരുമാനിക്കാൻ സർക്കാർ ചില കമ്മിറ്റി അംഗങ്ങളെ നിയോഗിക്കുന്നത് വിഡ്ഢിത്തമാണ്. ഇത് സമൂഹത്തെ സംരക്ഷിക്കുകയല്ല, മറിച്ച് ജനങ്ങളെ ശിശുക്കളായി കാണുകയാണ് ചെയ്യുന്നത്. ഇത്തരം കമ്മിറ്റി അംഗങ്ങളുടെ യോഗ്യതയെയും അദ്ദേഹം ശക്തമായി ചോദ്യം ചെയ്തു.

തിയേറ്ററുകളിൽ ഒരു രംഗം വെട്ടിമാറ്റിയതുകൊണ്ട് മാത്രം അത് പ്രേക്ഷകരിൽനിന്ന് മറച്ചുവെക്കാനാവില്ലെന്നാണ് വർമ ചൂണ്ടിക്കാട്ടുന്നത്. മണിക്കൂറുകൾക്കുള്ളിൽ സിനിമയുടെ പൂർണ്ണരൂപം ടോറന്റുകളിലും ടെലിഗ്രാമിലും ലഭ്യമാകുന്ന കാലമാണിത്. സിനിമയിലെ ഉള്ളടക്കം വെട്ടിമാറ്റുന്നത് ആ രംഗങ്ങൾ കാണാനുള്ള പ്രേക്ഷകരുടെ താൽപ്പര്യം വർദ്ധിപ്പിക്കുകയേ ഉള്ളൂ. ഇതിന് ഉദാഹരണമായി ‘ഒബ്‌സഷൻ’ (Obsession) എന്ന ഹോളിവുഡ് സിനിമയെ അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ചിത്രത്തിലെ 38 സെക്കൻഡോളം ദൈർഘ്യമുള്ള അക്രമാസക്തവും ലൈംഗികവുമായ രംഗങ്ങൾ സെൻസർ ബോർഡ് വെട്ടിമാറ്റിയെങ്കിലും, തിയേറ്ററിൽ കണ്ടതിനേക്കാൾ കൂടുതൽ ആളുകൾ ആ രംഗങ്ങൾ സോഷ്യൽ മീഡിയ വഴി കണ്ടുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.

രംഗങ്ങൾ വെട്ടിമാറ്റുന്നതിന് പകരം, സിനിമയിലെ ഉള്ളടക്കത്തെക്കുറിച്ച് വ്യക്തമായ റേറ്റിംഗും വിവരങ്ങളും നൽകി ആസ്വാദകർക്ക് സ്വയം തീരുമാനമെടുക്കാൻ അവസരം നൽകുകയാണ് വേണ്ടത്. നിലവിലെ സെൻസർ ബോർഡിന്റെ രീതികളെ നിയമപരമായും പരസ്യമായും വെല്ലുവിളിക്കാൻ സിനിമാമേഖല ഒന്നിച്ച് നിൽക്കണം. ജനാധിപത്യം ആവിഷ്‌കാര സ്വാതന്ത്ര്യം ആവശ്യപ്പെടുന്നുണ്ടെന്നും, സിനിമകളെ ഇത്തരത്തിൽ മുറിച്ചുമാറ്റുന്നത് സിനിമാ വ്യവസായത്തിന്റെ വളർച്ചയ്ക്ക് വലിയ തടസ്സമാകുമെന്നും പറഞ്ഞുകൊണ്ടാണ് രാം ഗോപാൽ വർമ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.