
നടി അൻസിബ ഹസൻ്റെ പരാതിയിൽ നടി ലക്ഷ്മിപ്രിയയ്ക്കെതിരെ കേസെടുത്ത സംഭവത്തിൽ എഫ്ഐആറിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ലക്ഷ്മിപ്രിയയുടെ പരാതിയിൽ അൻസിബയെ ജയിലിലിടുമെന്ന് എസ്.ഐ രേഷ്മ ഭീഷണിപ്പെടുത്തിയെന്നും, അൻസിബയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി തടഞ്ഞുവെച്ചു. ഭീഷണിപ്പെടുത്തി സ്റ്റേഷൻ റെക്കോർഡിൽ ഒപ്പിടാൻ നിർബന്ധിച്ചു. അൻസിബ പറഞ്ഞതിന് വിപരീതമായി രേഖകൾ തയ്യാറാക്കി ഉപയോഗിച്ചുവെന്നും എഫ്ഐആറിൽ പറയുന്നു.
പത്തോളം വകുപ്പുകൾ ചുമത്തിയാണ് ലക്ഷ്മിപ്രിയ, തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിതാ എസ്.ഐ രേഷ്മ, ലക്ഷ്മിപ്രിയയുടെ ഭർത്താവ് ജയേഷ് എന്നിവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ആദ്യം ലക്ഷ്മിപ്രിയക്കെതിരെയുള്ള പരാതിയിൽ കഴമ്പില്ലെന്ന് പറഞ്ഞ് പോലീസ് തള്ളിയെങ്കിലും അൻസിബ കോടതിയെ സമീപിക്കുകയായിരുന്നു. പോലീസ് കേസെടുക്കാൻ തയ്യാറാകുന്നില്ല എന്ന ഹർജി പരിഗണിച്ച മജിസ്ട്രേറ്റ് കോടതിയാണ് പോലീസിനോട് കേസെടുക്കാൻ നിർദ്ദേശിച്ചത്.
നേരത്തേ നടൻ ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയും സമാന രീതിയിൽ ആദ്യഘട്ടത്തിൽ പോലീസ് അവഗണിക്കുകയും പിന്നീട് കോടതിയുടെ ഇടപെടലിനെ തുടർന്ന് പരാതിയിൽ കേസെടുക്കുകയും ചെയ്തിരുന്നു.
ലക്ഷ്മി പ്രിയ നൽകിയ ഒരു പരാതിയുടെ അടിസ്ഥാനത്തിൽ അൻസിബയെ മുൻപ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാൽ ഈ പരാതി വ്യാജമാണെന്നും, തന്നെ മാനസികമായി പീഡിപ്പിക്കാനാണ് ലക്ഷ്മിപ്രിയ ശ്രമിച്ചതെന്നും അൻസിബ ആരോപിച്ചു. സ്റ്റേഷനിൽ വെച്ച് തന്നെക്കൊണ്ട് നിർബന്ധിതമായി മാപ്പ് എഴുതി വാങ്ങിച്ചു എന്ന ഗുരുതരമായ ആരോപണവും അൻസിബ ഉന്നയിച്ചിരുന്നു.
തൃപ്പൂണിത്തുറ വനിതാ എസ്ഐ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് അൻസിബ ഈ പരാതി നൽകിയത്. ഈ വിഷയത്തിൽ നേരത്തെ മുഖ്യമന്ത്രിക്കുൾപ്പെടെ അൻസിബ പരാതി നൽകിയിരുന്നു. പിന്നാലെ തൃക്കാക്കര എസിപിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിനൊടുവിൽ അൻസിബയുടെ പരാതിയിൽ കഴമ്പില്ലെന്ന റിപ്പോർട്ടാണ് പോലീസ് നൽകിയത്. എന്നാൽ പോലീസിൻ്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ചൂണ്ടിക്കാട്ടി അൻസിബ കോടതിയെ സമീപിക്കുകയായിരുന്നു.