
‘ബാഹുബലി’യുടെ വിജയത്തിനു പിന്നാലെ തന്റെ ജീവിതത്തിലും കരിയറിലും നേരിട്ട കടുത്ത മാനസിക സമ്മർദ്ദങ്ങളെക്കുറിച്ച് വെളിപ്പെടുത്തി നടൻ പ്രഭാസ്. ഈ സിനിമയോടെ തെലുങ്ക് സിനിമയുടെ ബിസിനസ് ഒറ്റരാത്രി കൊണ്ട് മാറിമറിഞ്ഞെന്നും, അടുത്തതായി എന്ത് ചെയ്യണമെന്ന ചിന്ത കാരണം രണ്ടുമൂന്ന് വർഷത്തോളം തനിക്ക് ശരിയായി ഉറങ്ങാൻ പോലും കഴിഞ്ഞിരുന്നില്ലെന്നും പ്രഭാസ് പറഞ്ഞു. ‘ബാഹുബലി ദ് ടോർച്ച്ബെയറർ’ എന്ന ഡോക്യുമെന്ററിയിലാണ് പ്രഭാസ് ഇക്കാര്യം വെളിപ്പെടുത്തിയത്.
“ബാഹുബലി കാരണം മാത്രമാണ് അത് സംഭവിച്ചത്. അതിൽ മറ്റൊന്നുമല്ല. ഏതൊരു ഭാഷയുടെയും ആദ്യ ദിനം ബാഹുബലി കാരണം മാത്രമായിരുന്നു. ബാഹുബലിക്ക് ശേഷമുള്ള എന്റെ ചിത്രങ്ങളായ സാഹോ, രാധേ ശ്യാം എന്നിവയുടെ വലിയ ബജറ്റുകൾ സാധ്യമായത് ബാഹുബലി സമ്മാനിച്ച സാമ്പത്തിക സ്വാതന്ത്ര്യം കൊണ്ട് മാത്രമാണ്.
അതിനുമുൻപ് എന്റെ സിനിമകളുടെ ബജറ്റ് വെറും 20 മുതൽ 40 കോടി രൂപ വരെ മാത്രമായിരുന്നു. എന്നാൽ ബാഹുബലിയുടെ വിജയം എന്നിൽ അടിച്ചേൽപ്പിച്ച ഉത്തരവാദിത്വം ചെറുതായിരുന്നില്ല. ബാഹുബലിക്ക് ശേഷം ഒരു മികച്ച സിനിമ തിരഞ്ഞെടുക്കുക എന്നത് തന്റെ കരിയറിലെ ഏറ്റവും സമ്മർദ്ദമേറിയ കാലഘട്ടമായിരുന്നു.” പ്രഭാസ് പറഞ്ഞു.
“ഇനി അടുത്തത് എന്താണ്? ബാഹുബലി പോലെ വൈകാരികത നിറഞ്ഞ ഒരു ഡ്രാമ വേണോ? അതോ അതിനേക്കാൾ വലിയൊരു വിഷ്വൽ വണ്ടർ വേണോ എന്നത് ഒരു ചോദ്യ ചിഹ്നമായി. പക്ഷേ അത്തരം സിനിമകൾ ചെയ്യാൻ രാജമൗലി വേണമായിരുന്നു. ഒടുവിൽ ഒരു പ്രണയകഥ ചെയ്യാമെന്ന് തീരുമാനിക്കവെ പ്രശാന്ത് നീൽ, നാഗ് അശ്വിൻ തുടങ്ങിയ സംവിധായകരുമായി നിരവധി ചർച്ചകൾ നടത്തി.ബാഹുബലിക്ക് ശേഷം രണ്ട് മൂന്ന് വർഷത്തേക്ക് എനിക്ക് ശരിയായി ഉറങ്ങാൻ കഴിഞ്ഞിട്ടില്ല. സിനിമയുടെ ഓരോ മേഖലയിലുമുള്ള ഉത്തരവാദിത്വം പെട്ടെന്ന് ആയിരം മടങ്ങായി വർധിച്ചു.
എന്റെ ജീവിതത്തിലെ ഏറ്റവും സമ്മർദ്ദമേറിയ വർഷങ്ങളായിരുന്നു അത്. എങ്കിലും, ആ കടുത്ത സമ്മർദ്ദവും ബാഹുബലി എന്ന സിനിമയുമാണ് പിന്നീട് ‘കൽക്കി 2898 എഡി’, ‘സലാർ’ തുടങ്ങിയ വമ്പൻ ചിത്രങ്ങളിലേക്ക് എന്നെ നയിച്ചത്.” പ്രഭാസ് കൂട്ടിച്ചേർത്തു.