
സിനിമ വിട്ട് നടൻ സൂര്യയും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന സൂചനകൾ ശക്തമാക്കി ആരാധക സംഘടനയുടെ യോഗത്തിലെ പ്രസംഗം പുറത്ത്. ചെന്നൈയിൽ നടന്ന അഖിലേന്ത്യാ സൂര്യ തലമൈ നൽപണി ഇയക്കത്തിന്റെ ജില്ലാ ഭാരവാഹികളുടെ യോഗത്തിൽ ഒരു പ്രധാന നേതാവ് നടത്തിയ പരാമർശങ്ങളാണ് ഇപ്പോൾ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്ക് പിന്നാലെ സൂര്യയും രാഷ്ട്രീയത്തിലേക്ക് സജീവമാകുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ്, ചർച്ചകൾക്ക് ചൂടുകൂട്ടി ഈ വിവരങ്ങൾ പുറത്തുവരുന്നത്.
കാലവും സമയവും തീരുമാനിച്ചാൽ സൂര്യ ജനനേതാവായി വരുന്നത് തടയാൻ ആർക്കും കഴിയില്ലെന്നാണ് സംഘടനയുടെ യോഗത്തിൽ നേതാവ് വ്യക്തമാക്കിയത്. തമിഴ്‌നാട്ടിലെ പ്രമുഖ വാർത്താ ചാനലായ തന്തി ടിവിയാണ് ഈ യോഗത്തിന്റെ ദൃശ്യങ്ങളും പ്രസംഗവും പുറത്തുവിട്ടത്.
‘ഞാൻ നിങ്ങളുടെ മുഖങ്ങൾ കാണുന്നു, എന്നാൽ കാലത്തിന്റെ കണ്ണാടിയിലൂടെ നിങ്ങളുടെ മുഖങ്ങളിലേക്ക് നോക്കുമ്പോൾ എനിക്ക് ഇവിടെ പല എം.എൽ.എമാരെയും എം.പിമാരെയും കാണാൻ സാധിക്കുന്നുണ്ട്. നിയമസഭയ്ക്കുള്ളിൽ ‘മന്ത്രി’ എന്നെഴുതിയ നെയിം ബോർഡിന് പിന്നിൽ ഇരിക്കുന്ന വ്യക്തികളെ എനിക്ക് കാണാൻ കഴിയുന്നു. കാലവും ദൈവവും തീരുമാനിച്ചാൽ ഇത് സംഭവിക്കും. സൂര്യ നൽപണി ഇയക്കം വെക്കുന്ന ഈ ഒരടി, രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ 130 അടി ഉയരത്തിലേക്ക് എത്തും. അതിനായി നിങ്ങൾ ഓരോരുത്തരും തയ്യാറായിരിക്കണം.’ സംഘടനാ നേതാവ് പ്രസംഗിച്ചു.
‘സൂര്യ അണ്ണന് വേണ്ടി അധ്വാനിക്കാൻ നിങ്ങൾ തയ്യാറാണോ? നിങ്ങൾ ഓരോരുത്തരും പിന്തുണ നൽകിയാൽ മാത്രമേ ഇത് മുന്നോട്ട് നീങ്ങുകയുള്ളൂ, അതിന് നിങ്ങൾ തയ്യാറാണോ? ഇവിടെ ‘ഞാൻ’ എന്ന ഭാവം മറന്ന്, മറ്റ് ഭാരവാഹികളുമായുള്ള വ്യത്യാസങ്ങൾ മറന്ന്, അണ്ണന് വേണ്ടി എന്തിനും തയ്യാറാണെന്ന് പറയാൻ നിങ്ങൾ തയ്യാറാണോ? അങ്ങനെയെങ്കിൽ സൂര്യ അണ്ണൻ ജനപ്രതിനിധിയായിവരും.’ പ്രസംഗത്തിൽ പറയുന്നു.
. കഴിഞ്ഞ വർഷം നടന്ന സൂര്യയുടെ അഗരം ഫൗണ്ടേഷന്റെ ഒരു പരിപാടിക്ക് പിന്നാലെ, അദ്ദേഹം രാഷ്ട്രീയത്തിലിറങ്ങുമെന്ന് വ്യാപകമായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ, വാർത്ത തള്ളി സൂര്യയുടെ ആരാധക സംഘടന രംഗത്തെത്തി. അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതവും സൂര്യയുടെ ആശയങ്ങൾക്ക് വിരുദ്ധവുമാണെന്നായിരുന്നു അന്നത്തെ വിശദീകരണം.