
സിനിമാ മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് സാധാരണക്കാരായ തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധികളും ആശങ്കകളും മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിട്ട് കണ്ട് ബോധ്യപ്പെടുത്തി സംവിധായകൻ എ.ബി. ബിനിൽ. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ സിനിമാ മേഖലയിലെ സമഗ്രമായ വിഷയങ്ങൾ ചർച്ചയായെന്നും അദ്ദേഹം ഏറെ ശ്രദ്ധയോടെയാണ് കാര്യങ്ങൾ കേട്ടതെന്നും ബിനിൽ വ്യക്തമാക്കി.
സമീപകാലത്ത് സിനിമകൾക്ക് നേരെ നടക്കുന്ന അതിരുകടന്ന ഡിഗ്രേഡിംഗിനെക്കുറിച്ചും ഉത്തരവാദിത്തമില്ലാത്ത റിവ്യൂ സംസ്കാരത്തെക്കുറിച്ചും ഗൗരവമായ ചർച്ചകൾ ഉയരേണ്ടതുണ്ടെന്ന് ബിനിൽ ചൂണ്ടിക്കാട്ടി. താൻ സംവിധാനം ചെയ്ത ‘പൊങ്കാല’ എന്ന ചിത്രം തീയറ്ററുകളിൽ എത്തിയപ്പോൾ കടുത്ത പരിഹാസവും ആസൂത്രിതമായ ആക്രമണവുമാണ് നേരിടേണ്ടി വന്നത്. എന്നാൽ ഇതേ ചിത്രം ഒ.ടി.ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തപ്പോൾ കഴിഞ്ഞ രണ്ടാഴ്ചയായി മികച്ച പ്രതികരണവും ജനപിന്തുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
വിമർശനം എന്ന പേരിൽ സിനിമകളെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും, റിലീസ് ദിനങ്ങളിൽ തന്നെ പൊതുജനങ്ങൾക്ക് മുന്നിൽ മുൻകൂട്ടി വിധി എഴുതി ചിത്രങ്ങളെ തകർക്കാൻ ശ്രമിക്കുന്നതും ഒരു നല്ല പ്രവണതയല്ല. മലയാള സിനിമയുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് കൃത്യമായ ഒരു റിവ്യൂ സംസ്കാരം രൂപപ്പെടേണ്ടതുണ്ടെന്നും, ഈ വിഷയത്തിൽ സർക്കാരിൻ്റെ ഭാഗത്തുനിന്ന് ആവശ്യമായ ഇടപെടലുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും കൂടിക്കാഴ്ചയ്ക്ക് ശേഷം എ.ബി. ബിനിൽ കൂട്ടിച്ചേർത്തു.
എ,ബി. ബിനിലിൻ്റെ സോഷ്യൽ മീഡിയാ കുറിപ്പിന്റെ പൂർണ രൂപം
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. വി ഡി സതീശൻ സാറിനെ ഇന്ന് നേരിൽ കാണാൻ അവസരം ലഭിച്ചു. മലയാള സിനിമാ വ്യവസായം ഇന്ന് നേരിടുന്ന ചില ഗുരുതര വെല്ലുവിളികളും, ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ ആശങ്കകളും അദ്ദേഹത്തിന്റെറെ ശ്രദ്ധയിൽപ്പെടുത്താൻ കഴിഞ്ഞു. ക്ഷമയോടെ കേൾക്കുകയും വിഷയത്തിന് പ്രാധാന്യം നൽകുകയും ചെയ്ത അദ്ദേഹത്തിന് ഹൃദയം നിറഞ്ഞ നന്ദി.
ഈ കൂടിക്കാഴ്ചചയിൽ ഞാൻ ഒരു വ്യക്തിപരമായ അനുഭവവും പങ്കുവെച്ചു. എന്റെ സിനിമയായ “പൊങ്കാല” തീയറ്റർ റിലീസിനിടെ കടുത്ത നെഗറ്റീവ് റിവ്യൂകളും പരിഹാസങ്ങളും നേരിട്ടിരുന്നു. എന്നാൽ ഇന്ന് അതേ സിനിമ Amazon Prime Video-യിൽ ഇന്ത്യയിലെ ആക്ഷൻ സിനിമകളിൽ 9-ാം സ്ഥാനത്ത് രണ്ട് ആഴ്ചയായി നിലകൊള്ളുകയാണ്. ഇത് ഒരു സിനിമയുടെ യഥാർത്ഥ മൂല്യം പലപ്പോഴും ആദ്യ ദിവസങ്ങളിലെ സോഷ്യൽ മീഡിയ വിധികളിലൂടെ മാത്രം നിർണയിക്കപ്പെടുന്നില്ലെന്ന് തെളിയിക്കുന്നു.
വിമർശനത്തെ ഞാൻ എതിർക്കുന്നില്ല. വിമർശനം കലയുടെ വളർച്ചയ്ക്ക് ആവശ്യമാണ്. പക്ഷേ വിമർശനത്തിൻ്റെ പേരിൽ സിനിമകളെ പരിഹസിക്കുകയും അപമാനിക്കുകയും പൊതുജനങ്ങൾക്ക് മുന്നിൽ മുൻകൂട്ടി വിധിയെഴുതുകയും ചെയ്യുന്ന പ്രവണതയെക്കുറിച്ച് ഗൗരവമായ ചർച്ചകൾ അനിവാര്യമാണ്.
ഒരു സിനിമയുടെ പിന്നിൽ നൂറുകണക്കിന് തൊഴിലാളികളും കോടിക്കണക്കിന് രൂപയുടെ നിക്ഷേപവും ആയിരക്കണക്കിന് കുടുംബങ്ങളുടെ പ്രതീക്ഷകളും ഉണ്ടെന്ന കാര്യം നമ്മൾ മറക്കരുത്. മലയാള സിനിമയുടെ ആരോഗ്യകരമായ വളർച്ചയ്ക്കും ഉത്തരവാദിത്തമുള്ള റിവ്യൂ സംസ്കാരത്തിനും ആവശ്യമായ ഇടപെടലുകൾ ഉണ്ടാകുമെന്ന പ്രതീക്ഷയോടെയാണ് ഞാൻ മടങ്ങുന്നത്.