
അന്താരാഷ്ട്ര ചലച്ചിത്ര മേളയെ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് മാറ്റാൻ സർക്കാർ ഒരുങ്ങുന്നുവെന്ന സൂചനകൾക്കിടെ പ്രതിഷേധവുമായി ചലച്ചിത്ര പ്രേമികൾ. മേളയുടെ സ്ഥിരം വേദി മാറ്റാനുള്ള സർക്കാരിന്റെ നീക്കം വലിയ സാങ്കേതിക പ്രതിസന്ധികൾക്ക് കാരണമായേക്കാമെന്ന് ചലച്ചിത്ര പ്രമികൾ ചൂണ്ടിക്കാട്ടുന്നു. തീരുമാനത്തിനെതിരെ തലസ്ഥാനത്തെ സമൂഹ്യമാധ്യമ കൂട്ടായ്മകളും പ്രവർത്തകരും രംഗത്തെത്തി.
നേരത്തെ, കൊവിഡ് മഹാമാരിയുടെ സമയത്ത് 25-ാമത് ഐഎഫ്എഫ്കെ നാല് മേഖലകളിലായി നടത്താൻ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി തീരുമാനിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. മേള തിരുവനന്തപുരത്തു നിന്ന് മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് ആരോപിച്ച് ശശി തരൂർ എംപിയും കെ എസ് ശബരീനാഥനും ഉൾപ്പെടെയുള്ള പ്രമുഖരും തലസ്ഥാനത്തെ വിവിധ കൂട്ടായ്മകളും അന്ന് രംഗത്തെത്തിയിരുന്നു.
എന്നാൽ കൊവിഡ് പശ്ചാത്തലത്തിലുള്ള താൽക്കാലിക ക്രമീകരണം മാത്രമാണിതെന്നും തലസ്ഥാനം തന്നെയായിരിക്കും സ്ഥിരം വേദിയെന്നും അന്ന് സാംസ്കാരിക വകുപ്പ് മന്ത്രിയും ചലച്ചിത്ര അക്കാദമിയും ആവർത്തിച്ച് വ്യക്തമാക്കിയതോടെ പ്രതിഷേധം തണുത്തു. മുൻ സർക്കാരുകളും സ്ഥിരം വേദി പ്രഖ്യാപിച്ചിരുന്നെങ്കിലും, ആ നിർദേശങ്ങളെല്ലാം തിരുവനന്തപുരത്ത് തന്നെ വേദി ഒരുക്കാനുള്ളതായിരുന്നു. ഈ സാഹചര്യത്തിൽ, കൊച്ചിയിലേക്ക് മേള മാറ്റാനുള്ള പുതിയ നീക്കം ചലച്ചിത്ര ആസ്വാദകർക്കിടയിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.
മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ അവതരിപ്പിച്ച 2026-27 സാമ്പത്തിക വർഷത്തെ പുതുക്കിയ ബജറ്റിലാണ് കൊച്ചിയിൽ 100 കോടി രൂപ ചെലവിൽ ‘ജെ സി ഡാനിയേൽ ഇന്റർനാഷണൽ ഫിലിം സിറ്റി’ സ്ഥാപിക്കുമെന്ന പ്രഖ്യാപനം. ഇതിന് പിന്നാലെ ഐഎഫ്എഫ്കെയ്ക്ക് ഒരു സ്ഥിരം വേദിയൊരുക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കുന്നുണ്ട്. ‘ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻസിന്റെ’ അക്രഡിറ്റേഷനുള്ള ചലച്ചിത്ര മേളയാണ് ഐഎഫ്എഫ്കെ. ഈ അംഗീകാരം നിലനിർത്തണമെങ്കിൽ മേളയ്ക്ക് ഒരു സ്ഥിരം വേദി ഉണ്ടായിരിക്കണം.
നിലവിലെ സ്ഥിരം വേദി മാറ്റിയാൽ അന്താരാഷ്ട്ര തലത്തിലുള്ള ഈ വലിയ അക്രഡിറ്റേഷൻ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, ടാഗോർ തിയേറ്ററും, കൈരളി-ശ്രീ-നിളയും, കലാഭവനും ഉൾപ്പെടെയുള്ള തിയേറ്റർ കോംപ്ലക്സുകളും മേളയുടെ പ്രധാന കേന്ദ്രമായ നിശാഗന്ധിയും നൽകുന്ന ആ അന്തരീക്ഷം മറ്റൊരു നഗരത്തിലും പുനഃസൃഷ്ടിക്കാൻ കഴിയില്ലെന്നും തീയറ്ററുകളിലേക്ക് നടന്ന് പോയി സിനിമ കാണാമെന്ന പ്രത്യേകതയും തലസ്ഥാനത്തിന്റെ പ്രത്യേകതയെന്ന് തിരുവനന്തപുരത്തെ സിനിമാ കൂട്ടായ്മകളും ചൂണ്ടിക്കാട്ടുന്നു. മേളയ്ക്കെത്തുന്നവരുടെ താമസവും വിദേശികളെയുൾപ്പടെ സൗകര്യങ്ങളുമുള്ള തിരുവനന്തപുരത്ത് നിന്നും ചലച്ചിത്രമേളയെ കൊച്ചിയിലേക്ക് പറിച്ച് നടരുതെന്നാണ് സമൂഹ്യമാധ്യമങ്ങളിലടക്കം ഉയരുന്ന ആവശ്യം.