മറാത്തി ചിത്രത്തിന് രക്ഷകനായി ഷാരൂഖ് ഖാൻ; 42 ലക്ഷത്തിന്റെ ബിൽ എഴുതിത്തള്ളി ‘കിങ് ഖാൻ’

','

' ); } ?>

ബോക്‌സ് ഓഫീസിൽ വെറും 9-10 കോടി രൂപയുടെ ചെറിയ ബജറ്റിൽ ഒരുങ്ങി, ഇപ്പോൾ 80 കോടിയിലധികം നേടി 100 കോടി ക്ലബ്ബിലേക്ക് കുതിക്കുന്ന ‘ദിയൂൾ ബന്ദ് 2’ എന്ന മറാത്തി ചിത്രത്തിന്റെ വൻ വിജയത്തിന് പിന്നിൽ ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാന്റെ വലിയൊരു സഹായക്കൈയുണ്ട്. പണമില്ലാത്തതിന്റെ പേരിൽ സിനിമ തിയേറ്ററുകളിൽ എത്തിക്കാൻ പോലും കഴിയാതെ അണിയറപ്രവർത്തകർ പ്രതിസന്ധിയിലായ ഘട്ടത്തിലാണ് ഷാരൂഖ് ഖാന്റെ നിർണായക ഇടപെടലുണ്ടാകുന്നത്. ചിത്രത്തിന്റെ സംവിധായകൻ പ്രവീൺ താർഡെയാണ് സിനിമയുടെ ഈ അവിശ്വസനീയ വിജയത്തിന് പിന്നിലെ ഷാരൂഖ് ഖാന്റെ പങ്ക് വെളിപ്പെടുത്തിയത്.

സിനിമ തിയേറ്ററുകളിൽ എത്തിക്കുന്നതിനുള്ള ഡിജിറ്റൽ സിനിമ പാക്കേജിംഗിനായി (DCP) 12 ലക്ഷം രൂപയായിരുന്നു നിർമാതാക്കൾ മാറ്റിവെച്ചിരുന്നത്. എന്നാൽ സാങ്കേതിക തികവോടെ റിലീസ് ചെയ്യാനായി കണക്കാക്കിയപ്പോൾ ബിൽ തുക 42 ലക്ഷം രൂപയായി ഉയർന്നു. ഇത്രയും വലിയൊരു തുക കണ്ടെത്താൻ മറ്റ് വഴികളില്ലാതെ വന്നതോടെയാണ് സംവിധായകനും സംഘവും ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള ‘റെഡ് ചില്ലീസ്’ എന്റർടൈൻമെന്റിനെ സമീപിക്കുന്നത്. ഇതൊരു ചെറിയ മറാത്തി സിനിമയാണെന്നും വലിയ രീതിയിൽ റിലീസ് ചെയ്യാൻ തങ്ങളെ സഹായിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.

വിഷയം ശ്രദ്ധയിൽപ്പെട്ട ഷാരൂഖ് ഖാൻ തന്റെ ടെക്‌നിക്കൽ ടീമിനോട് കാര്യങ്ങൾ തിരക്കുകയായിരുന്നു. സൽമാൻ ഖാൻ ‘അന്തിം’ എന്ന പേരിൽ റീമേക്ക് ചെയ്ത സൂപ്പർഹിറ്റ് മറാത്തി ചിത്രം ‘മുൽഷി പാറ്റേൺ’ ഒരുക്കിയ ടീമിന്റെ സിനിമയാണിതെന്ന് അറിഞ്ഞതോടെ അദ്ദേഹം കാര്യങ്ങൾ വേഗത്തിലാക്കി. പണമില്ലാത്തതിനാൽ ഡിസിപി പാക്കേജ് നൽകാനാകില്ലെന്ന സാങ്കേതിക തടസ്സം നിലനിൽക്കെ, രണ്ടാമതൊന്ന് ആലോചിക്കാതെ ആ 42 ലക്ഷം രൂപയുടെ ബിൽ പൂർണ്ണമായും എഴുതിത്തള്ളാൻ ഷാരൂഖ് ഉത്തരവിടുകയായിരുന്നു. പണത്തേക്കാൾ സിനിമയ്ക്കും പ്രാദേശിക ഭാഷയ്ക്കും അദ്ദേഹം നൽകിയ വലിയ ആദരവായിരുന്നു ആ തീരുമാനം.

വിജയിക്കുമോ ഇല്ലയോ എന്ന് പോലും ഉറപ്പില്ലാതിരുന്ന ഒരു ഘട്ടത്തിൽ, യാതൊരു ഗ്യാരണ്ടിയും നോക്കാതെ ഷാരൂഖ് ഖാൻ ചെയ്ത ആ സഹായമാണ് ഇന്ന് സിനിമയെ മറാത്തിയിലെ എക്കാലത്തെയും വലിയ അഞ്ച് ഹിറ്റുകളുടെ പട്ടികയിൽ എത്തിച്ചിരിക്കുന്നത്. ചിത്രത്തിന്റെ വിജയത്തിന് ശേഷം എല്ലാവരും തങ്ങളെ അഭിനന്ദിക്കുന്നുണ്ടെങ്കിലും, തങ്ങൾ ഒന്നുമല്ലാതിരുന്നപ്പോൾ കൈപിടിച്ചുയർത്തിയ ഷാരൂഖ് ഖാനോട് എന്നും കടപ്പെട്ടിരിക്കുമെന്നും അദ്ദേഹത്തിനായി ചിത്രത്തിന്റെ ഒരു പ്രത്യേക സ്‌ക്രീനിങ് ഒരുക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും സംവിധായകൻ പ്രവീൺ താർഡെ കൃതജ്ഞതയോടെ കൂട്ടിച്ചേർത്തു.