
മലയാള സിനിമാ ലോകത്തെ ആവേശം കൊള്ളിച്ചുകൊണ്ട് സംവിധായകൻ ജയരാജ് തന്റെ കരിയറിലെ ഏറ്റവും വലിയ തരംഗങ്ങളിലൊന്നായ ‘4 ദി പീപ്പിൾ’ വീണ്ടും തിയറ്ററുകളിലേക്ക് എത്തിക്കുന്നു. കഴിഞ്ഞ നാല് വർഷമായി ഇന്ത്യൻ സിനിമാ മേഖലയിൽ റീ-റിലീസുകൾ വലിയ ചലനം സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് ഈ പ്രഖ്യാപനം. ആദ്യ റിലീസിൽ ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രങ്ങളും തിയറ്ററുകളിൽ പരാജയപ്പെട്ടതുമായ പല സിനിമകളും റീ-റിലീസിലൂടെ പിന്നീട് കോടികൾ വാരിയ ചരിത്രമുണ്ട്. മലയാളത്തിൽ മോഹൻലാൽ, മമ്മൂട്ടി ചിത്രങ്ങൾ ഇത്തരത്തിൽ വീണ്ടും പ്രദർശനത്തിനെത്തിയെങ്കിലും, പ്രേക്ഷകർ ഒന്നടങ്കം തിയറ്ററിൽ തിരിച്ചെത്താൻ ഏറെ ആഗ്രഹിച്ച ചിത്രങ്ങളിലൊന്നാണ് ‘4 ദി പീപ്പിൾ’. പുത്തൻ സാങ്കേതിക മികവോടെ വരും മാസങ്ങളിൽ തന്നെ ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് സംവിധായകൻ വ്യക്തമാക്കിയത്.
കേരളക്കരയാകെ നൃത്തം ചെയ്യിച്ച, ഇന്നും ജനങ്ങൾ വീണ്ടും കാണാൻ ആഗ്രഹിക്കുന്ന ഈ ചിത്രം പുതിയ ഭാവത്തോടെയായിരിക്കും പ്രേക്ഷകർക്ക് മുന്നിലെത്തുകയെന്ന് ജയരാജ് അറിയിച്ചു. സംവിധായകന്റെ ഈ ഔദ്യോഗിക പ്രഖ്യാപനത്തെ വലിയ ആവേശത്തോടെയാണ് സോഷ്യൽ മീഡിയയും സിനിമാപ്രേമികളും ഏറ്റെടുത്തിരിക്കുന്നത്. റിലീസ് ചെയ്ത സമയത്ത് തിയറ്ററിൽ കാണാൻ സാധിക്കാത്തവർക്കും ചിത്രത്തിന്റെ വലിയ ആരാധകർക്കും ഇതൊരു സുവർണ്ണാവസരമാണ്. പ്രത്യേകിച്ച് ജാസി ഗിഫ്റ്റിന്റെ പാട്ടുകളും ‘ലജ്ജാവതിയേ’ എന്ന ഹിറ്റ് ഗാനവും തീയറ്ററുകളിൽ വീണ്ടും മുഴങ്ങുമ്പോൾ വലിയൊരു പൂരം തന്നെയായിരിക്കും കാത്തിരിക്കുന്നതെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. ഈ റീ-റിലീസ് മുൻപത്തെ പല റെക്കോർഡുകളും തകർക്കുമെന്നാണ് സിനിമാ ലോകം വിലയിരുത്തുന്നത്.
2004-ൽ പുറത്തിറങ്ങിയ ‘4 ദി പീപ്പിൾ’ അനീതിക്കെതിരെ പോരാടുന്ന നാല് യുവാക്കളുടെ കഥയാണ് പറഞ്ഞത്. സിനിമയുടെ കഥയും മേക്കിംഗും അക്കാലത്ത് വലിയൊരു ട്രെൻഡ് സെറ്ററായി മാറി. ചിത്രത്തോടൊപ്പം തന്നെ ജാസി ഗിഫ്റ്റ് ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും കേരളത്തിൽ തരംഗം സൃഷ്ടിച്ചിരുന്നു. ഭരത്, അരുൺ, പദ്മകുമാർ, അർജുൻ ബോസ്, ഗോപിക, നരേൻ തുടങ്ങിയ യുവതാരനിര അണിനിരന്ന ചിത്രം മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്ന ഓർമ്മയാണ്.