
അന്തരിച്ച നടൻ സലീം കുമാറിന്റെ മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട് ഓൺലൈൻ മീഡിയകൾക്കെതിരെ ഉയരുന്ന വിമർശനങ്ങളിൽ മറുപടിയുമായി ഓൺലൈൻ മീഡിയ അവതാരകനായ അജിൻ വർഗീസ്. കഴിഞ്ഞ ദിവസം 24 ന്യൂസ് ചാനലിൽ ശ്രീകണ്ഠൻ നായർ നയിച്ച തമ്മിൽ തമ്മിൽ എന്ന ചർച്ചയിലാണ് അജിൻ തന്റെ നിലപാടുകൾ വ്യക്തമാക്കിയത്.
ഫോൺ കൈവശമുള്ള എല്ലാവരും ഓൺലൈൻ മീഡിയക്കാരാണെന്ന ധാരണ തെറ്റാണെന്ന് അജിൻ വർഗീസ് ചൂണ്ടിക്കാട്ടി. സലീം കുമാറിന്റെ സംസ്കാര ചടങ്ങുകൾക്കിടെ ഉണ്ടായ പല അനിഷ്ട സംഭവങ്ങളിലും ഓൺലൈൻ മീഡിയകൾക്ക് പങ്കില്ല. മുഖ്യമന്ത്രി വി.ഡി. സതീശന് മാലയിട്ടതും, ദിലീപ് എത്തിയപ്പോൾ സെൽഫിയെടുത്തതും, മകൻ ചന്തുവിനെ പ്രകോപിപ്പിച്ചതും ഓൺലൈൻ മീഡിയക്കാരാണോ എന്ന് അദ്ദേഹം ചോദിച്ചു. “മരണവീട് ഒരു റിയാലിറ്റി ഷോ പോലെയാണ് പലരും കൈകാര്യം ചെയ്യുന്നത്. അവിടെ എത്തുന്ന താരങ്ങൾ ആരാധകർക്ക് കൈകൊടുക്കുന്നതും ചിരിച്ചുകൊണ്ട് സംസാരിക്കുന്നതും ഓൺലൈൻ മീഡിയയുടെ കുഴപ്പമല്ല.” അജിൻ പറഞ്ഞു.
“മകൻ ചന്തു ദേഷ്യപ്പെട്ട് പറയുന്നത് ഓൺലൈൻ മീഡിയക്കാരോടാണോ? ശ്രീകണ്ഠൻ നായർ സാറുൾപ്പെടെ ചിരിച്ചുകൊണ്ട് എല്ലാവർക്കും കൈ കൊടുത്ത് നടന്നുവരുന്ന ഒരു ദൃശ്യം ഞാൻ കണ്ടു. ശരിക്കും ഇതൊരു റിയാലിറ്റി ഷോയാണോ മരണാനന്തര ചടങ്ങാണോ? അപ്പോൾ പൂർണ്ണമായിട്ടും ഓൺലൈൻ മീഡിയക്കാരെ കുറ്റം പറയാനാവില്ല.” അജിൻ കൂട്ടിച്ചേർത്തു.
അതേസമയം, മരണവീട്ടിൽ എത്തുമ്പോൾ പരിചയമുള്ളവർ അഭിവാദ്യം ചെയ്യുമ്പോൾ തിരിച്ച് പ്രതികരിക്കുന്നത് സ്വാഭാവികമാണെന്നും തന്റെ പിതാവിന്റെ സംസ്കാര ചടങ്ങിനിടെയും ആളുകൾ വന്നപ്പോൾ താൻ കൈ കാണിച്ചിട്ടുണ്ടെന്നും ശ്രീകണ്ഠൻ നായർ ഇതിന് വിശദീകരണം നൽകി.
എന്നാൽ പല പ്രമുഖ നടിമാരും തങ്ങൾ പൊതുസ്ഥലങ്ങളിൽ എത്തുന്ന വിവരം ഓൺലൈൻ മീഡിയകളെ മുൻകൂട്ടി അറിയിക്കാറുണ്ടെന്ന് അജിൻ ആരോപിച്ചു. വൈറ്റില ബസ് സ്റ്റാൻഡിലോ ലുലു മാളിലോ എത്തുന്ന സമയം കൃത്യമായി വിളിച്ചു പറയുന്ന നടിമാരെ തനിക്ക് അറിയാം. എയർപോർട്ടിൽ എത്തുമ്പോൾ പത്ത് മീഡിയക്കാരെ കൊണ്ടുവരണമെന്നും അതിനായി പണം നൽകാമെന്നും കരാർ സംസാരിക്കുന്നവരുണ്ട്. ഇത്തരത്തിൽ മീഡിയയെ സ്വയം വിളിച്ചുവരുത്തിയ ശേഷം ക്യാമറയ്ക്ക് മുന്നിൽ മാന്യത ചമയുകയാണ് പലരുമെന്ന് അദ്ദേഹം വിമർശിച്ചു.
ഓൺലൈൻ മീഡിയകൾ ചോദിക്കുന്ന ചോദ്യങ്ങളിൽ വിയോജിപ്പുണ്ടെങ്കിൽ അത് ഡിലീറ്റ് ചെയ്യിക്കാനോ നിയമനടപടി സ്വീകരിക്കാനോ ഉള്ള ഓപ്ഷൻ താരങ്ങൾക്കുണ്ടെന്നും, ചോദ്യങ്ങൾ ഇഷ്ടപ്പെടുന്നില്ലെങ്കിൽ മീഡിയയെ സ്വന്തം ആവശ്യങ്ങൾക്കായി വിളിച്ചു വരുത്തുന്നത് താരങ്ങൾ ഒഴിവാക്കണമെന്നും അജിൻ വർഗീസ് കൂട്ടിച്ചേർത്തു.
നടൻ സലിം കുമാറിന്റെ മരണാനന്തരച്ചടങ്ങിൽ മകൻ ചന്തു സലിം കുമാർ ഓൺലൈൻ മീഡിയക്കെതിരെ ശബ്ദമുയർത്തിയത് വാർത്തയായിരുന്നു. മരണപ്പെട്ട വീട്ടിൽ പോലും ഓൺലൈൻ മീഡിയ പ്രവർത്തകർ മര്യാദയില്ലാതെ പെരുമാറുന്നുവെന്നാരോപിച്ച് മുഖ്യമന്ത്രി വി ഡി സതീശനടക്കം നിരവധി പ്രമുഖർ രംഗത്തെത്തിയിരുന്നു.