‘മുഖ്യമന്ത്രിയായെങ്കിലും നീ എനിക്ക് ഇന്നും ഡാർലിംഗ്’; വിജയ്‌യെ നേരിൽ കണ്ട് ആശംസകളറിയിച്ച് വിശാൽ

','

' ); } ?>

തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ നടൻ വിജയ്‌യെ നേരിൽ കണ്ട് ആശംസകൾ അറിയിച്ച് നടൻ വിശാൽ. കോളേജ് കാലം തൊട്ടുള്ള തങ്ങളുടെ ദീർഘകാലത്തെ സൗഹൃദത്തെക്കുറിച്ചും കൂടിക്കാഴ്ചയ്ക്ക് ശേഷം വിശാൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പ് ഇപ്പോൾ ശ്രദ്ധേയമാവുകയാണ്.

ഔദ്യോഗിക പദവികൾ മാറിയെങ്കിലും തങ്ങൾക്കിടയിലെ ആത്മബന്ധത്തിന് യാതൊരു മാറ്റവുമില്ലെന്ന് വിശാൽ വ്യക്തമാക്കുന്നു. ലോയോള കോളേജിൽ ഒരുമിച്ച് പഠിച്ച കാലം മുതൽ ആരംഭിച്ചതാണ് ഇരുവരും തമ്മിലുള്ള സൌഹൃദം. തമിഴ്‌നാടിന്റെ മുഖ്യമന്ത്രി പദവിയിലിരിക്കുന്ന വ്യക്തിയെ ഇപ്പോഴും ‘ഡാർലിംഗ്’ എന്ന് അഭിസംബോധന ചെയ്യാൻ കഴിയുന്നത് ഒരു മനോഹരമായ അനുഭവമാണെന്നും അദ്ദേഹം കുറിച്ചു.

തമിഴ് രാഷ്ട്രീയത്തിലെ പ്രമുഖരുമായി മുൻകാലങ്ങളിലുണ്ടായിരുന്ന വ്യക്തിബന്ധങ്ങളെയും താരം ഈ അവസരത്തിൽ അനുസ്മരിച്ചു. കലൈഞ്ജർ കരുണാനിധി, ജയലളിത, എം.കെ. സ്റ്റാലിൻ, ഒടുവിൽ തന്റെ പ്രിയ സുഹൃത്തായ ഉദയനിധി സ്റ്റാലിൻ വരെയുള്ള നേതാക്കളോട് ഇത്തരമൊരു സ്നേഹബന്ധം കാത്തുസൂക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും, തന്നിലെ പഴയ ‘ഫാൻബോയ്’ എക്കാലവും അങ്ങനെ തന്നെ തുടരുമെന്നും വിശാൽ കൂട്ടിച്ചേർത്തു.

“ഏറ്റവും പ്രിയപ്പെട്ട മുഖ്യമന്ത്രി വിജയ്,

ലോയോള കോളജ് കാലം മുതൽ താങ്കളെ പരിചയപ്പെട്ട അന്നുമുതൽ കഴിഞ്ഞ ഇത്രയും വർഷങ്ങളായി ഞാൻ വിളിക്കുന്ന “ഡാർലിങ്” എന്ന വാക്കിന് ഇന്നും ഒരു മാറ്റവുമില്ല. വളർന്നു വരുന്ന ഒരു താരമായി താങ്കളെ പരിചയപ്പെട്ടതു മുതലാണ് ഇതെല്ലാം തുടങ്ങിയത്. പിന്നീട് താങ്കൾ സിനിമയിലെ സൂപ്പർസ്‌റ്റാറായി ഉയരുന്നതും, പ്രതിസന്ധികളെ സ്വന്തം മൗനം കൊണ്ടും വിജയം കൊണ്ടും തട്ടിമാറ്റി മുന്നേറുന്നതും, ഒടുവിൽ തമിഴ്‌നാടിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയായി മാറുന്നതുമെല്ലാം ഞാൻ കണ്ടു.

ഇന്ന് താങ്കളുടെ പദവിയും സ്‌ഥാനപ്പേരും മാറിയിട്ടുണ്ടാകാം, പക്ഷേ താങ്കൾ എന്ന വ്യക്തിക്ക് ഒരു മാറ്റവുമില്ല. താങ്കളെ നേരിൽ കാണാൻ കഴിഞ്ഞതും അന്നത്തെ അതേ സ്നേഹവും ഊഷ്‌മളതയും അനുഭവിക്കാൻ സാധിച്ചതും തികച്ചും സന്തോഷകരമായ ഒരു നിമിഷമായിരുന്നു. കലൈഞ്ജർ അയ്യ മുതൽ, ജയലളിത അമ്മ, സ്‌റ്റാലിൻ അങ്കിൾ, ഒടുവിൽ എൻ്റെ സ്വന്തം ഉദയ വരെ എത്തിനിൽക്കുമ്പോൾ, നമ്മുടെ സംസ്‌ഥാനത്തിൻ്റെ മുഖ്യമന്ത്രിയെ “ഡാർലിങ്” എന്ന് വിളിക്കാൻ കഴിഞ്ഞത് വളരെ മനോഹരമായ ഒരു അനുഭവമാണ്. എന്നിലെ ആ പഴയ ഫാൻബോയ് എപ്പോഴും അങ്ങനെ തന്നെ തുടരും.

ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ. ഔദ്യോഗികമായി നൽകാറുള്ള പൂച്ചെണ്ടുകളും പൊന്നാടകളും സ്വീകരിക്കുന്നതിന് പകരം, ആ തുക കൊണ്ട് തമിഴ്‌നാട്ടിലെ അർഹരായ, നിർധനരായ മൂന്ന് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി താങ്കളുടെ പേരിൽ വിനിയോഗിക്കാം എന്ന എന്റെ നിർദ്ദേശം സ്വീകരിച്ചതിന് വലിയ നന്ദി. അവർ താങ്കളെക്കുറിച്ച് ഓർത്ത് അഭിമാനിക്കുകയും താങ്കളെ എന്നും ഓർമ്മിക്കുകയും ചെയ്യും.

എന്റെ ഹൃദയം നിറഞ്ഞ നന്ദി ഒരിക്കൽ കൂടി അറിയിക്കുന്നു. എല്ലാ ആശംസകളും സി.എം സർ. താങ്കൾക്ക് നന്മയും വളർച്ചയും മാത്രം നേരുന്നു, ഒപ്പം താങ്കളുടെ ഭരണകാലയളവിൽ തമിഴ്‌നാടിന്റെ ഏറ്റവും മികച്ച നാളുകൾക്കായി കാത്തിരിക്കുന്നു.” വിശാൽ കുറിച്ചു.