“അനുവാദമില്ലാതെ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ചു”; ‘ദൃശ്യം’ അണിയറപ്രവർത്തകർക്കെതിരെ പരാതി

','

' ); } ?>

‘ദൃശ്യം’ സിനിമയുടെ അണിയറപ്രവർത്തകർ നിയമക്കുരുക്കിലേക്ക്. ചിത്രത്തിൽ തന്റെ സ്വകാര്യ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ അനുവാദമില്ലാതെ ഉപയോഗിച്ചെന്ന് കാണിച്ച് ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശിയായ രാജീവ് എന്നയാൾ മൂന്നാർ ഡിവൈഎസ്പിക്ക് പരാതി നൽകി. ചിത്രത്തിന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, സംവിധായകൻ ജീത്തു ജോസഫ് എന്നിവരുൾപ്പെടെയുള്ള അണിയറപ്രവർത്തകർക്കെതിരെയാണ് പരാതി. സിനിമയിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കേന്ദ്രകഥാപാത്രം ഉപയോഗിക്കുന്ന വാഹനത്തിന് നൽകിയിരിക്കുന്നത് തന്റെ കാറിന്റെ നമ്പറാണെന്നും, ഈ രംഗങ്ങൾ അടിയന്തരമായി ചിത്രത്തിൽ നിന്ന് നീക്കം ചെയ്യണമെന്നും പരാതിക്കാരൻ ആവശ്യപ്പെടുന്നു. തെളിവായി തന്റെ വാഹനത്തിന്റെ ആർസി (RC) ബുക്കിന്റെ പകർപ്പും അദ്ദേഹം പോലീസിന് കൈമാറിയിട്ടുണ്ട്.

തന്റെ മഹീന്ദ്ര സ്കോർപിയോ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പറാണ് സിനിമയിൽ മറ്റൊരു ബ്രാൻഡ് കാറിനായി അണിയറപ്രവർത്തകർ ഉപയോഗിച്ചിരിക്കുന്നത്. സിനിമയിലെ പ്രസ്തുത നമ്പർ പ്ലേറ്റ് തന്റെ വാഹനത്തിന്റെ നമ്പറുമായി പൂർണ്ണമായും പൊരുത്തപ്പെടുന്നതാണെന്ന് രാജീവ് വ്യക്തമാക്കുന്നു. ഇത്തരത്തിൽ അനുമതിയില്ലാതെ നമ്പർ പ്ലേറ്റ് ദൃശ്യങ്ങളിൽ ഉൾപ്പെടുത്തിയത് തനിക്ക് ഗുരുതരമായ വ്യക്തിപരവും നിയമപരവുമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ടെന്നാണ് ഉടമയുടെ വാദം. ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ വഴിയിൽ വെച്ചും മറ്റും ആളുകൾ, പ്രത്യേകിച്ച് പുതുതലമുറയിലുള്ളവർ, തന്റെ വാഹനത്തെ സിനിമയിലെ വണ്ടിയായി തെറ്റിദ്ധരിച്ച് സംസാരിക്കുന്നത് അനാവശ്യമായ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ടെന്നും രാജീവ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

സിനിമയിൽ ഈ നമ്പർ ഉപയോഗിക്കുന്നതിന് മുൻപ് നിർമ്മാതാക്കളോ മറ്റ് അണിയറപ്രവർത്തകരോ തന്നോട് അനുവാദം ചോദിക്കുകയോ മുൻകൂട്ടി അറിയിക്കുകയോ ചെയ്തിട്ടില്ല. തന്റെ വണ്ടി നമ്പർ പ്രത്യക്ഷപ്പെടുന്ന എല്ലാ രംഗങ്ങളും സിനിമയിൽ നിന്ന് എത്രയും വേഗം നീക്കം ചെയ്യണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. അല്ലാത്തപക്ഷം നിർമ്മാണ കമ്പനിക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും രാജീവ് വ്യക്തമാക്കി.