
സോഷ്യൽ മീഡിയ ട്രോളുകളിൽ പലപ്പോഴും ഇടംപിടിക്കാറുള്ള നടി ഗായത്രി സുരേഷ് വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഇത്തവണ ലോകകപ്പ് ഫുട്ബോൾ ആവേശത്തിനിടയിലാണ് താരത്തിന്റെ പുതിയൊരു വീഡിയോ വൈറലായിരിക്കുന്നത്. മൂവാറ്റുപുഴ മെന്റർ എഞ്ചിനീയറിങ് കോളജിലെ ലോകകപ്പ് ഫാൻസ് സെലിബ്രേഷനിൽ മെസിയുടെ ജഴ്സിയണിഞ്ഞ് പങ്കെടുത്ത ഗായത്രിക്ക് ഫുട്ബോൾ താരങ്ങളെക്കുറിച്ച് സംഭവിച്ച ഒരു അബദ്ധമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
റൊണാൾഡോയും നെയ്മറും ബ്രസീൽ ടീമിലാണെന്നാണ് താരം വീഡിയോയിൽ പറയുന്നത്. ‘നെയ്മറും റൊണാൾഡോയും ഒരു ടീമിലാണോ’ എന്ന് ചുറ്റുമുള്ളവർ ആശ്ചര്യത്തോടെ ചോദിക്കുമ്പോൾ, ‘അല്ലേ?’ എന്ന് ഗായത്രി തിരിച്ചു ചോദിക്കുന്നതും കാണാം. തുടർന്ന് അവിടുത്തെ ഒരാൾ പറഞ്ഞത് ശരിയാണെന്ന് വാദിച്ചപ്പോൾ, ചിരി കണ്ട് തനിക്ക് തെറ്റിയതാണോ എന്ന് ഭയന്നുപോയെന്ന് പറഞ്ഞ് താരം അവിടെനിന്ന് മാറുകയായിരുന്നു. വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
എന്നാൽ ഈ വിഷയത്തിൽ ഗായത്രിയെ അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ഫുട്ബോൾ ചരിത്രത്തിലെ ഇതിഹാസ താരമായ ബ്രസീലിന്റെ ‘റൊണാൾഡോ നസാരിയോ’യെ കുറിച്ചാകാം താരം സംസാരിച്ചതെന്നും, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന് കൃത്യമായി ചോദിച്ചാലല്ലേ പോർച്ചുഗൽ എന്ന് പറയേണ്ടതുള്ളൂ എന്നുമാണ് ആരാധകരുടെ വാദം. വീഡിയോ മുഴുവനായി നൽകാതെ കട്ട് ചെയ്ത് തെറ്റിദ്ധാരണ ഉണ്ടാക്കുകയാണെന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്.
മലയാളത്തിൽ റിലീസ് ചെയ്ത ‘തയ്യൽ മെഷീൻ’ എന്ന സിനിമയാണ് ഗായത്രിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഈ ചിത്രത്തിൽ ഒരു യക്ഷിയുടെ വേഷത്തിലാണ് താരം പ്രേക്ഷകർക്ക് മുന്നിലെത്തിയത്.