
സിനിമയിലെ തുടക്കകാലത്ത് മുതിർന്ന നടിമാരിൽ നിന്നുൾപ്പെടെ നേരിടേണ്ടി വന്ന കടുത്ത അപമാനങ്ങളെക്കുറിച്ചും പിന്നീട് അതിന് നൽകിയ മധുരപ്രതികാരത്തെക്കുറിച്ചും തുറന്നു പറഞ്ഞ് നടി അംബിക. ഷൂട്ടിങ് സെറ്റിൽ തനിക്ക് കരിമീൻ നൽകിയതിനെച്ചൊല്ലി മലയാളത്തിലെ ഒരു പ്രമുഖ നടി പരസ്യമായി അപമാനിച്ചുവെന്നും, വർഷങ്ങൾക്ക് ശേഷം താൻ മുൻനിര നായികയായി തിളങ്ങിനിൽക്കുമ്പോൾ പ്രതിസന്ധിയിലായ അതേ നടിക്ക് സ്വന്തം മേക്കപ്പ് റൂം നൽകി താൻ പകരം വീട്ടിയെന്നുമാണ് അംബിക ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞത്.
പുതിയ ആളുകൾക്ക് എന്തിനാണ് കരിമീനെന്നും മറ്റുള്ളവർക്ക് കൊടുക്കുന്ന ഭക്ഷണം ഇവർക്കും നൽകിയാൽ മതിയെന്നും അന്ന് ആ മുതിർന്ന നടി ശകാരിച്ചു. മറ്റൊരു നടി തനിക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാൻ പോലും അനുവദിച്ചില്ല. ഇതിന് പുറമെ, മൂക്കിന് ഭംഗിയില്ലാത്ത നീ എന്തിനാണ് അഭിനയിക്കാൻ വന്നതെന്നും ടീച്ചറായിക്കൂടെ എന്നും ചോദിച്ച് അപമാനിച്ച സംവിധായകരുമുണ്ടെന്ന് അംബിക ഓർക്കുന്നു. സെറ്റിലുണ്ടായ കരിമീൻ വിവാദം തന്റെ അമ്മയെ വല്ലാതെ വേദനിപ്പിച്ചിരുന്നു. അന്ന് കണ്ണുനിറഞ്ഞ തന്നെ വിളിച്ച് അമ്മ എറണാകുളത്തെ ഗ്രാൻഡ് ഹോട്ടലിൽ നിന്നും കരിമീൻ വാങ്ങിക്കൊണ്ടു വന്നു നൽകി. നിനക്കൊരു കാലം വരുമെന്നും അന്ന് മധുരമായി പകരം വീട്ടണമെന്നും മാതാപിതാക്കൾ അന്ന് നൽകിയ ഉപദേശമാണ് പ്രതിസന്ധികളിൽ താരത്തിന് കരുത്തായത്.
പിന്നീട് അംബിക തെന്നിന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള നായികയായി മദ്രാസിൽ കത്തിനിൽക്കുന്ന സമയത്താണ് ആ മധുരപ്രതികാരത്തിന് അവസരം ലഭിച്ചത്. ഒരു ഷൂട്ടിങ്ങിനായി മദ്രാസിലെത്തിയ തന്നെ അപമാനിച്ച നടിക്ക് അവിടെ മേക്കപ്പ് റൂം ലഭിച്ചിരുന്നില്ല. ഇതുകണ്ട താൻ അവരെ സ്വന്തം മേക്കപ്പ് റൂമിലേക്ക് ക്ഷണിച്ചിരുത്തുകയും തന്റെ അസിസ്റ്റന്റിനെ അവരുടെ സഹായത്തിനായി ഒപ്പം നിർത്തുകയും ചെയ്തു. അന്ന് ആ നടി തന്നെ നോക്കിയ നോട്ടത്തിൽ അവരുടെ പശ്ചാത്താപം മുഴുവനുണ്ടായിരുന്നുവെന്ന് അംബിക പറയുന്നു. എങ്കിലും എറണാകുളത്തെ ഗ്രാൻഡ് ഹോട്ടലിന് മുന്നിലൂടെ പോകുമ്പോഴും, കരിമീൻ എന്ന് കേൾക്കുമ്പോഴും അക്കാലത്തെ സങ്കടങ്ങൾ ഇന്നും ഓർമവരുമെന്നും നടി കൂട്ടിച്ചേർത്തു.
രാജാവിന്റെ മകൻ, ഇരുപതാം നൂറ്റാണ്ട് തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികൾക്കും പ്രിയങ്കരിയായ അംബിക തമിഴിലും തെലുങ്കിലും ഒരുകാലത്ത് സൂപ്പർതാരങ്ങളുടെ സ്ഥിരം നായികയായിരുന്നു. സഹോദരി രാധയും തെന്നിന്ത്യൻ സിനിമയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. സിനിമയിലെ സജീവസാന്നിധ്യമായിരുന്ന അംബിക ഇപ്പോൾ ടെലിവിഷൻ സീരിയലുകളിലൂടെയാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.