“സൗഹൃദ രീതിയിൽ ജഗതിയെ അടിച്ചു, തിരിച്ച് അദ്ദേഹം പുളിച്ച തെറി വിളിച്ചു”; ശാന്തി വിള ദിനേശ്

','

' ); } ?>

ജഗതി ശ്രീകുമാർ യഥാർത്ഥ ജീവിതത്തിൽ തികഞ്ഞ ഗൗരവക്കാരനും പെട്ടെന്ന് കോപിക്കുന്ന പ്രകൃതക്കാരനുമാണെന്ന് വെളിപ്പെടുത്തി സംവിധായകൻ ശാന്തിവിള ദിനേശ്. കാവടിയാട്ടം എന്ന സിനിമ ലൊക്കേഷനിലെ സംഭവും, ജഗതിയെക്കുറിച്ചുള്ള നടി ഉർവശിയുടെയും വാക്കുകൾ വെച്ചാണ് സംവിധായകന്റെ വെളിപ്പെടുത്തൽ.

മികച്ച വായനാശീലമുള്ള, ഉയർന്ന വിദ്യാഭ്യാസമുള്ള ജഗതി വ്യക്തിജീവിതത്തിൽ കാര്യങ്ങളെ വളരെ ഗൗരവത്തോടെ കാണുന്ന ആളാണെന്നാണ് നടി ഉർവശി പറയുന്നത്. പലപ്പോഴും പൊതുവേദികളിൽ സംസാരിക്കുമ്പോൾ അദ്ദേഹം വളരെ കടുത്ത വാക്കുകൾ ഉപയോഗിക്കാറുണ്ടെന്നും ഉർവശി ഓർക്കുന്നു. അദ്ദേഹത്തെ കാണുമ്പോൾ ആരെങ്കിലും വെറുതെ ചിരിച്ചാലോ, അല്ലെങ്കിൽ കോമഡി പറയാൻ ശ്രമിച്ചാലോ പെട്ടെന്ന് ദേഷ്യപ്പെടുന്ന പ്രകൃതമാണ് അദ്ദേഹത്തിന്റേത്. എപ്പോഴാണ് ജഗതിക്ക് ദേഷ്യം വരികയെന്ന് മുൻകൂട്ടി പറയാൻ സാധിക്കില്ലെന്നും ഉർവശി വ്യക്തമാക്കുന്നു.

ഉർവശിയുടെ ഈ വാക്കുകളെ സാധൂകരിക്കുന്നതാണ് സംവിധായകൻ ശാന്തിവിള ദിനേശ് അടുത്തിടെ പങ്കുവെച്ച സിനിമാ ലൊക്കേഷനിലെ ഒരു സംഭവം. ‘കാവടിയാട്ടം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ എറണാകുളത്ത് വെച്ചായിരുന്നു ഇത് നടന്നത്. ഹൈക്കോടതിക്ക് സമീപമുള്ള ഒരു കെട്ടിടത്തിന് മുന്നിൽ ഷൂട്ടിംഗ് പുരോഗമിക്കവേ, ടേക്കിനായി ക്യാമറയ്ക്ക് മുന്നിലേക്ക് വന്ന ജഗതിയുടെ മുതുകിൽ അവിടെ നിന്നിരുന്ന ഒരാൾ അപ്രതീക്ഷിതമായി വന്ന് ശക്തിയായി അടിക്കുകയും കുശലാന്വേഷണം നടത്തുകയും ചെയ്തു. അപ്രതീക്ഷിതമായ ഈ അടിയിൽ വേദനിച്ച ജഗതി കടുത്ത ദേഷ്യത്തിലാവുകയും അയാളെ തനി തിരുവനന്തപുരം ശൈലിയിൽ കണക്കറ്റ് ചീത്ത വിളിക്കുകയും ചെയ്തു.

ചുറ്റും നിന്നവരെല്ലാം സ്തംഭിച്ചുപോയ ആ നിമിഷത്തിൽ, തന്റെ ദേഷ്യം തീരുന്നതുവരെ പ്രതികരിച്ച ശേഷം യാതൊന്നും സംഭവിക്കാത്ത മട്ടിൽ വളരെ കൂളായി അദ്ദേഹം ക്യാമറയ്ക്ക് മുന്നിലെത്തുകയായിരുന്നു. തൊട്ടുമുൻപ് നടന്ന അനിഷ്ട സംഭവങ്ങളുടെ യാതൊരു അലോസരവുമില്ലാതെ മികച്ച രീതിയിൽ അദ്ദേഹം ആ ഷോട്ട് പൂർത്തിയാക്കുകയും ചെയ്തു.