“എന്താണ് ആ മനുഷ്യൻ ചെയ്‌ത തെറ്റ്?, ഞാൻ തന്നെ വളരെ ദേഷ്യപ്പെട്ട് അവരോട് സംസാരിച്ചു.” വി ഡി സതീശൻ

','

' ); } ?>

അന്തരിച്ച നടൻ സലിം കുമാറിൻ്റെ ആരോഗ്യനില വഷളായിരുന്ന സമയത്ത് സോഷ്യൽ മീഡിയയിൽ നടന്ന ക്രൂരമായ സൈബർ ആക്രമണങ്ങളെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. കലാകാരന്മാർക്ക് രാഷ്ട്രീയ നിലപാടുകൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും എന്നാൽ അതിൻ്റെ പേരിൽ മരണക്കിടക്കയിൽ പോലുമുള്ള വ്യക്‌തിയെ വേട്ടയാടുന്നത് കേരളീയ സംസ്കാരത്തിന് ചേർന്നതല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കൂടാതെ അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകൾക്കിടെ യൂട്യൂബ് ചാനലുകളുടെയും ജനങ്ങളുടെയും അനിയന്ത്രിതമായ തള്ളിക്കയറ്റത്തിൽ കടുത്ത അമർഷവും അദ്ദേഹം രേഖപ്പെടുത്തി.

“ഇതൊക്കെ നിയമം കൊണ്ട് നിയന്ത്രിക്കേണ്ട കാര്യങ്ങൾ അല്ല. ഞാൻ തന്നെ വളരെ ദേഷ്യപ്പെട്ട് അവരോട് സംസാരിച്ചു. കാരണം അദ്ദേഹത്തിന് മരണാനന്തര ബഹുമതി കൊടുക്കാൻ പൊലീസിന് പറ്റുന്നില്ല. കുടുംബാംഗങ്ങൾക്ക് അവരുടെ കർമ്മങ്ങൾ ചെയ്യാൻ അവരെ അനുവദിക്കുന്നില്ല. വല്ലാത്ത ഒരു സ്‌ഥിതിയായിരുന്നു. അപ്പോൾ ഞാനാണ് ആദ്യം അതിനോട് പ്രതികരിച്ചത്. നിങ്ങൾ മാറിനിൽക്കണം, കുടുംബത്തിന് ഈ കർമ്മങ്ങൾ ചെയ്യാൻ അവരെ അനുവദിക്കണം’ എന്ന് പറഞ്ഞു. അത് മാത്രമല്ലല്ലോ സലിംകുമാർ രോഗബാധിതനായി കിടക്കുമ്പോൾ സോഷ്യൽ മീഡിയയിൽ വലിയൊരു ആക്രമണം ആണു നടന്നത്. ‘ചത്തുകൂടെ’ എന്നാണ് ചോദിച്ചത്.” മുഖ്യമന്ത്രി പറഞ്ഞു.

“എന്താണ് ആ മനുഷ്യൻ ചെയ്‌ത തെറ്റ്? മരിച്ചു കഴിഞ്ഞിട്ടും വളരെ മോശമായ രീതിയിലുള്ള സോഷ്യൽ മീഡിയ പ്രചരണം നടന്നു. നമ്മുടെ കേരളത്തിലാണോ ഇത് നടക്കുന്നത്. ദേശീയ അവാർഡ് നേടിയ ഒരു നടനാണ്. മലയാളികളെ കുടുകുടെ ചിരിപ്പിച്ച ഒരു നടനാണ്. എല്ലാവർക്കും ഇഷ്ടമുള്ള ആ ഒരാളെക്കുറിച്ച് എന്തും സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തുകയാണ്. സുഖമില്ലാതെ ഒരാൾ കിടക്കുമ്പോൾ ‘ചത്തുകൂടെ’ എന്നാണ് ചോദിച്ചത്. ഇതാണോ നമ്മുടെ കേരളം. ആരാണ് ഈ ക്യാംപയിന്റെ പുറകിൽ? എല്ലാവർക്കും രാഷ്ട്രീയമുണ്ട്. കലാകാരന്മാർക്കും സാംസ്കാരിക പ്രവർത്തകർക്കും ഒക്കെ രാഷ്ട്രീയം ഉണ്ട്. രാഷ്ട്രീയത്തിന്റെ പേരിൽ ഒരാൾ സുഖമില്ലാതെ വെൻ്റിലേറ്ററിൽ മരണത്തോട് മല്ലടിച്ചു കിടക്കുമ്പോൾ നടത്തിയ ഒരു ക്യാംപയിൻ ഉണ്ടല്ലോ ഇത് നമ്മുടെ കേരളത്തിന് യോജിച്ചതല്ല. കേരളം അത് തിരിച്ചറിയും. ഇത് ചെയ്യുന്ന ആളുകൾ അത് മനസ്സിലാക്കണം.” മുഖ്യമന്ത്രി കൂട്ടിച്ചേർത്തു