നടി ആക്രമിക്കപ്പെട്ട കേസ്; : മെമ്മറി കാർഡ് ഹർജി പരിഗണിക്കുന്നതിൽ നിന്ന് പിന്മാറി ജഡ്ജി

','

' ); } ?>

നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ സംഭവത്തിൽ അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യനാണ് കേസ് കേൾക്കുന്നതിൽനിന്ന് ഒഴിവായത്. ഇതോടെ ഈ ഹർജി ഇനി ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് പരിഗണിക്കും.

മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചെന്ന കണ്ടെത്തലിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് രാവിലെ വാദം കേൾക്കുന്നതിനിടെ കോടതി സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ, വകുപ്പുതല നടപടികൾ ആരംഭിച്ചോയെന്ന് വ്യക്തമാക്കാൻ സർക്കാർ അഭിഭാഷകനോട് ഉച്ചയ്ക്ക് മുൻപ് അറിയിക്കാനായിരുന്നു നിർദേശം. ഇതിനിടെ കേസ് വീണ്ടും പരിഗണനയ്ക്ക് എടുത്തപ്പോഴാണ് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ അപ്രതീക്ഷിതമായി പിന്മാറുന്നതായി അറിയിച്ചത്.

മുൻപ് ഈ ഹർജി ഹൈക്കോടതിക്ക് മുമ്പാകെ വന്നപ്പോഴും അദ്ദേഹം തന്നെയായിരുന്നു പരിഗണിച്ചിരുന്നത്. ഹൈക്കോടതി രജിസ്ട്രിയുടെ ഭാഗമായി പ്രവർത്തിച്ചിരുന്ന സമയത്ത് ഈ കേസുമായി ബന്ധപ്പെട്ട ഔദ്യോഗിക കത്തിടപാടുകളിൽ ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ ഭാഗമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ പിന്മാറ്റമെന്നാണ് സൂചന. മുൻപ് ഏതെങ്കിലും തരത്തിൽ ഇടപെട്ടിട്ടുള്ള കേസുകളിൽനിന്ന് ജഡ്ജിമാർ വാദം കേൾക്കാതെ പിന്മാറുന്നത് സ്വാഭാവിക നിയമനടപടി മാത്രമാണെന്നാണ് വിലയിരുത്തൽ.

മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്നാണ് അതിജീവിതയുടെ പ്രധാന ആവശ്യം. കാർഡ് ചിലർ നിയമവിരുദ്ധമായി പരിശോധിച്ചിട്ടുണ്ടെന്ന് നേരത്തെ സിംഗിൾ ബെഞ്ച് കണ്ടെത്തുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. വിചാരണക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലും ചില ഉദ്യോഗസ്ഥർ അനധികൃതമായി മെമ്മറി കാർഡ് പരിശോധിച്ചതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാരായവർക്കെതിരെ വകുപ്പുതല നടപടികൾ സ്വീകരിക്കുന്നതിനായി ഒരു അന്വേഷണ ഉദ്യോഗസ്ഥനെ നിയോഗിച്ച് നടപടികൾ പുരോഗമിക്കുകയാണ്. ഈ അന്വേഷണത്തിന്റെ അന്തിമഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.