
മുപ്പത് വർഷം മുൻപ് സംപ്രേഷണം ചെയ്ത അഭിമുഖത്തിലെ അധിക്ഷേപ പരാമർശത്തിൽ നടി ആർ. സുകന്യയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സൺ ടിവി നെറ്റ്വർക്കിനോട് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. മാനനഷ്ടം നേരിട്ടതിന് നഷ്ടപരിഹാരം നൽകണമെന്ന കീഴ്ക്കോടതിയുടെ വിധി ഹൈക്കോടതിയും ശരിവെക്കുകയായിരുന്നു.
1996-ൽ മാധ്യമപ്രവർത്തകൻ നക്കീരൻ ആർ. ഗോപാൽ വീരപ്പനുമായി നടത്തിയ അഭിമുഖമാണ് കേസിന് ആധാരമായത്. സൺ ടിവിയിലൂടെ പുറത്തുവന്ന ഈ അഭിമുഖത്തിൽ, ഒരു രാഷ്ട്രീയ നേതാവിന്റെ ബന്ധുവിനെ നടിയുമായി ചേർത്ത് വീരപ്പൻ അധിക്ഷേപകരമായ പരാമർശം നടത്തിയിരുന്നു. ഇതിലൂടെ തനിക്ക് വലിയ തോതിൽ മാനഹാനിയുണ്ടായെന്ന് ചൂണ്ടിക്കാട്ടി സൺ ടിവി, നക്കീരൻ ഗോപാൽ, വീരപ്പൻ എന്നിവരെ എതിർകക്ഷികളാക്കി 10,00,500 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നടി ആദ്യം സിവിൽ കോടതിയെ സമീപിച്ചത്.
എന്നാൽ ആരെയും അപമാനിക്കാൻ തങ്ങൾക്ക് ഉദ്ദേശ്യമില്ലായിരുന്നുവെന്നാണ് സൺ ടിവിയും ഗോപാലും കോടതിയിൽ വാദിച്ചത്. അഭിമുഖത്തിലെ പരാമർശങ്ങൾ വീരപ്പന്റേത് മാത്രമാണെന്ന് പ്രക്ഷേപണത്തിന് മുൻപ് തന്നെ വ്യക്തമാക്കിയിരുന്നതായും, പരാമർശം ശ്രദ്ധയിൽപ്പെട്ടയുടൻ ഖേദം പ്രകടിപ്പിച്ചിരുന്നതായും സൺ ടിവി കോടതിയെ അറിയിച്ചു. കൂടാതെ എഡിറ്റിങ് അവകാശം സൺ ടിവിക്കായതിനാൽ തനിക്ക് ഇതിൽ ഉത്തരവാദിത്തമില്ലെന്നായിരുന്നു ഗോപാലിന്റെ വാദം.
സൺ ടിവിയുടെയും ഗോപാലിന്റെയും വാദങ്ങൾ പൂർണ്ണമായും തള്ളിക്കൊണ്ടാണ് കോടതി വിധി പ്രസ്താവിച്ചത്. കരാർ പ്രകാരം അഭിമുഖം എഡിറ്റ് ചെയ്യാനുള്ള പൂർണ്ണ അധികാരം സൺ ടിവിക്ക് ഉണ്ടായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉള്ളടക്കത്തിലെ അപകീർത്തികരമായ വിവരങ്ങളെക്കുറിച്ച് കൃത്യമായ അറിവുണ്ടായിട്ടും അത് സംപ്രേഷണം ചെയ്ത കമ്പനിയുടെ നടപടി ദുരുദ്ദേശപരമാണെന്ന് നിരീക്ഷിച്ചാണ് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനുള്ള വിധി ഹൈക്കോടതി ശരിവെച്ചത്.