മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ ഷാഹിർ പ്രതി, കുറ്റപത്രം സമർപ്പിച്ചു.

','

' ); } ?>

ബോക്സ് ഓഫീസിൽ ഇരുന്നൂറ് കോടിയിലധികം രൂപ കക്ഷൻ നേടി ചരിത്രം സൃഷ്ടിച്ച ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കൾക്കെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. നടൻ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരെ പ്രതികളാക്കി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം ആയിരം പേജുള്ള കുറ്റപത്രം നൽകിയത്. രണ്ട് ദിവസം മുൻപാണ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.

സിനിമയുടെ ലാഭവിഹിതത്തിൽ നിന്നും വലിയൊരു തുക വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു എന്ന പരാതിയിലാണ് ഇപ്പോൾ നിർമാതാക്കൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ലാഭത്തിൽ നിന്ന് 40 ശതമാനം നൽകാമെന്ന് വിശ്വസിപ്പിച്ച് അരൂർ സ്വദേശിയായ സിറാജ് വലിയ വീട്ടിൽ ഹമീദിൽ നിന്നും പ്രതികൾ ഏഴുകോടി രൂപ കൈപ്പറ്റിയിരുന്നു. എന്നാൽ ചിത്രം വൻ വിജയമായിട്ടും ലാഭവിഹിതമോ മുടക്കുമുതലോ ഉൾപ്പെടെ ഒരു രൂപ പോലും തിരികെ നൽകിയില്ലെന്ന് കാണിച്ച് സിറാജ് നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് വിശദമായ അന്വേഷണം നടത്തിയത്.

പറവ ഫിലിംസിന്റെ ബാനറിൽ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്ന് നിർമിച്ച് ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’ 2024 ഫെബ്രുവരി 22-നാണ് തിയേറ്ററുകളിലെത്തിയത്. കേരളത്തിന് പുറമേ തമിഴ്‌നാട്ടിലും റെക്കോർഡ് വിജയം നേടിയ ചിത്രം ആഗോളതലത്തിൽ 200 കോടിയിലധികം രൂപ കളക്ട് ചെയ്തിരുന്നു. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ദീപക് പറമ്പോൽ, ജീൻ പോൾ ലാൽ, ഗണപതി, ബാലു വർഗീസ്, ജോർജ് മരിയൻ, അഭിരാം രാധാകൃഷ്ണൻ, ഖാലിദ് റഹ്‌മാൻ തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.