
ജോജു ജോർജ് നായകനാകുന്ന ‘അജ സുന്ദരി’ സിനിമയുടെ പ്രവർത്തകർ കടകളിൽ നിന്ന് സാധനം വാങ്ങി പണം നൽകാതെ പറ്റിച്ചുവെന്നാരോപിച്ച് വ്യാപാരികൾ. മൂന്ന് മാസത്തോളമുള്ള സാധനങ്ങൾ വാങ്ങി ലക്ഷങ്ങളുടെ കടബാധ്യത വരുത്തിയെന്നാണാരോപണം. വിലങ്ങാട് പ്രദേശത്ത് കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചത്. ചിത്രം നിർമിക്കുന്നത് സംവിധായകൻ ആഷിഖ് അബുവിന്റെ നിർമാണ കമ്പനിയാണ്. വ്യാപാരികളിൽ ക്യാൻസർ, കരൾ രോഗികൾ ഉൾപ്പെടെയുണ്ട്. വിലങ്ങാട്ടെ വ്യാപാരികളായ ബെന്നി, അപ്പച്ചൻ, മനോജ്, തോമാച്ചൻ തുടങ്ങിയവർക്കാണ് പണം ലഭിക്കാനുള്ളത്. ഇപ്പോഴിതാ സംഭവത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ആഷിഖ് അബു.
വടകര സ്വദേശിയായ സാജിദ് എന്ന കരാറുകാരൻ വഴിയാണ് സെറ്റിലെ ഭക്ഷണത്തിനുള്ള ഏർപ്പാടുണ്ടാക്കിയതെന്നും ഇയാൾക്ക് മുഴുവൻ തുകയും നൽകിയിരുന്നുവെന്നുമാണ് ആഷിഖ് അബുവിന്റെ വിശദീകരണം.
“സാധാരണ സിനിമയിൽ കരാർ വഴിയാണ് ഭക്ഷണത്തിനുള്ള ഏർപ്പാടുണ്ടാക്കുക. നേരിട്ട് വ്യാപാരികൾക്കല്ല പണം കൊടുക്കുക. അതൊരു കരാറുകാരന് കൊടുക്കുകയാണ് പതിവ്. അത് മെസ് നടത്തുന്ന ഒരാളായിരിക്കും. ഫെഫ്ക യൂണിയനിൽ അംഗമായിട്ടുള്ള സാജിദ് എന്ന വടകരക്കാരനാണ് നമ്മുടെ മെസ് കൈകാര്യം ചെയ്തിരുന്നത്. അയാൾക്ക് നമ്മൾ മുഴുവൻ തുകയും നൽകിയിട്ടുണ്ട്. അയാൾ കഴിഞ്ഞ രണ്ട് മൂന്ന് മാസമായി വിളിച്ചാൽ ഫോൺ എടുക്കുന്നില്ല. അവര് വിളിച്ചാലും ഫോൺ എടുക്കുന്നില്ല. ആൾ മുങ്ങി എന്നാണ് മനസിലാക്കുന്നത്. പൊലീസിൽ പരാതി കൊടുത്തിട്ടുണ്ട്,” ആഷിഖ് അബു പറഞ്ഞു.
‘ഇരട്ട’, ‘പണി’ എന്നീ സിനിമകളുടെ എഡിറ്റർ ആയി ശ്രദ്ധ നേടിയ മനു ആന്റണി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ‘അജ സുന്ദരി’. മനു ആന്റണി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ആഷിഖ് അബുവിന്റെ ഒപിഎം സിനിമാസ് ആണ് നിർമിക്കുന്നത്.