“സാമന്തയെ ചതിച്ചു, അവരുടെ കരിയർ നശിപ്പിച്ചു”; വ്യക്തിഹത്യക്കെതിരെ നാഗചൈതന്യ ഹൈക്കോടതിയിൽ

','

' ); } ?>

വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ച് തെലുങ്ക് നടൻ നാഗ ചൈതന്യ. അനധികൃത മെർച്ചൻഡൈസ് ലിസ്റ്റിംഗുകൾ, എഐ ഉപയോഗിച്ച് നിർമിച്ച ഉള്ളടക്കങ്ങൾ, അശ്ലീലമായ സെർച്ച് ടേമുകൾ എന്നിവയ്ക്കെതിരെയാണ് നടൻ കോടതിയെ സമീപിച്ചിരിക്കുന്നത്. പല വെബ്സൈറ്റുകളും ട്രാഫിക് വർദ്ധിപ്പിക്കാനായി ചൈതന്യയുടെ പേരിനൊപ്പം മോശമായ സെർച്ച് ടേമുകൾ ഉപയോഗിക്കുന്നുണ്ടെന്ന് അഭിഭാഷകൻ വൈഭവ് ഗഗ്ഗർ പറഞ്ഞു.

കൂടാതെ മുൻഭാര്യ സാമന്ത റൂത്ത് പ്രഭുവിനെ നാഗചൈതന്യ ചതിച്ചുവെന്നും അവരുടെ കരിയർ നശിപ്പിച്ചു എന്നും സൂചിപ്പിക്കുന്ന തരത്തിലുള്ള ഓൺലൈൻ ഉള്ളടക്കങ്ങളെ നടൻ്റെ അഭിഭാഷകൻ വൈഭവ് ഗഗ്ഗർ കോടതിയിൽ പ്രത്യേകം ചൂണ്ടിക്കാട്ടി. ഇത്തരം ഉള്ളടക്കങ്ങൾ കേവലം വിമർശനങ്ങളല്ലെന്നും മറിച്ച് അനാവശ്യമായ ട്രോളിംഗാണെന്നും അഭിഭാഷകൻ വാദിച്ചു.

യൂട്യൂബിലെ അപകീർത്തികരമായ വീഡിയോകളടക്കം സമർപ്പിച്ചാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഡീപ്പ് ഫേക്ക് സാങ്കേതികവിദ്യ, വോയ്‌സ് ക്ലോണിംഗ്, എഐ ടൂളുകൾ എന്നിവ ഉപയോഗിച്ച് വ്യാജമായ ദൃശ്യശ്രവ്യ ഉള്ളടക്കങ്ങൾ നിർമിച്ച് പ്രചരിപ്പിക്കുന്നത് നടൻ്റെ അന്തസ്സിനും സ്വകാര്യതയ്ക്കും വലിയ ദോഷം വരുത്തുന്നുവെന്ന് ഹർജിയിൽ പറയുന്നു. ഇത്തരം സാങ്കേതിക വിദ്യകൾ വാണിജ്യ ലാഭത്തിനായി ഉപയോഗിക്കുന്നത് വ്യക്തിയുടെ പൊതുപ്രതിച്ഛായയെ തകർക്കുമെന്നും കോടതിയിൽ സമർപ്പിച്ച പരാതിയിൽ വ്യക്തമാക്കുന്നു.

കേസ് പരിഗണിച്ച ജസ്റ്റിസ് ജ്യോതി സിംഗ്, പൊതുപ്രവർത്തനരംഗത്തുള്ളവർ വിമർശനങ്ങൾക്ക് വിധേയരാകാമെങ്കിലും അതിന് പരിധിയുണ്ടെന്ന് നിരീക്ഷിച്ചു. പൊതുജീവിതത്തിലുള്ളവർ മറ്റുള്ളവരേക്കാൾ കൂടുതൽ വ്യക്തിഹത്യയ്ക്ക് ഇരയാകാൻ സാധ്യതയുള്ളവരാണെന്നും എന്നാൽ അത് അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. പരാതിയിൽ സൂചിപ്പിച്ചിരിക്കുന്ന ചില ലിങ്കുകൾ അതിർവരമ്പുകൾ ലംഘിക്കുന്നവയാണെന്നും കോടതി നിരീക്ഷിച്ചു.

ഈ കേസിൽ കൂടുതൽ വാദം കേൾക്കുന്നതിനായി സെപ്റ്റംബർ 30-ലേക്ക് മാറ്റിയിരിക്കുകയാണ്. കോടതി എതിർകക്ഷികൾക്ക് സമൻസ് അയയ്ക്കുകയും ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് സൂചിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. നേരത്തെ നാഗചൈതന്യയുടെ പിതാവായ നടൻ നാഗാർജുനയും സമാനമായ രീതിയിൽ കോടതിയിൽ നിന്ന് വ്യക്തിത്വ അവകാശ സംരക്ഷണം നേടിയിരുന്നു.

നാഗചൈതന്യയും സാമന്തയും വർഷങ്ങൾനീണ്ട പ്രണയത്തിനുശേഷം ശേഷം 2017-ൽ വിവാഹിതരാവുകയും 2021-ൽ വിവാഹമോചനം നേടുകയും ചെയ്‌തു. അദ്ദേഹം പിന്നീട് നടി ശോഭിത ധൂലിപാലയെ വിവാഹംചെയ്തു‌തു. സാമന്ത സംവിധായകൻ രാജ് നിദിമോരുവിനേയും ജീവിതപങ്കാളിയാക്കി.