
ഇൻഡസ്ട്രിയിൽ വിജയിക്കാനുള്ള ഒരേയൊരു മാനദണ്ഡം ബോക്സ് ഓഫീസ് കളക്ഷനല്ലെന്ന് വ്യക്തമാക്കി നടൻ രാം ചരൺ. മികച്ച ബോക്സ് ഓഫീസ് കളക്ഷൻ എന്നത് അഭിനേതാക്കൾക്ക് കൂടുതൽ പരീക്ഷണം നടത്താനുള്ള ഒരു അവസരം കൂടിയാണെന്നും രാം ചരൺ കൂട്ടിച്ചേർത്തു. ‘പെദ്ദി’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി എഎൻഐയോട് സംസാരിക്കുകയായിരുന്നു നടൻ.
“മികച്ച ബോക്സ് ഓഫീസ് കളക്ഷൻ എന്നത് അടുത്ത സിനിമയുമായി ബന്ധപ്പെട്ട കാര്യമാണ്. അഭിനേതാക്കൾക്ക് കൂടുതൽ പരീക്ഷണം നടത്താനുള്ള ഒരു അവസരം കൂടിയാണത്. അതുകൊണ്ട് ബോക്സ് ഓഫീസ് കണക്കുകൾ പ്രധാനമാണ്, പക്ഷേ അത് മാത്രമല്ല കാര്യം”.രാം ചരൺ പറഞ്ഞു.
ഷങ്കർ സംവിധാനം ചെയ്ത ഗെയിം ചെയ്ഞ്ചർ ആണ് ഇതിനു മുൻപ് രാം ചരണിന്റേതായി റിലീസിനെത്തിയ ചിത്രം. വൻ ഹൈപ്പിലാണ് ചിത്രം തിയറ്ററുകളിലെത്തിയതെങ്കിലും ബോക്സ് ഓഫീസിൽ വൻ പരാജയമായി മാറി. അതേസമയം ബുചി ബാബു സന സംവിധാനം ചെയ്യുന്ന പെദ്ദി ജൂൺ നാലിനാണ് റിലീസിനെത്തുന്നത്.
ജാൻവി കപൂർ ആണ് ചിത്രത്തിൽ റാം ചരണിന്റെ നായിക. ഇരുവരും ആദ്യമായാണ് ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്. അതേസമയം, ചിരഞ്ജീവിയോടും ശ്രീദേവിയോടുമാണ് റാം ചരണിനെയും ജാൻവിയെയും ആരാധകർ താരതമ്യപ്പെടുത്തുന്നത്.
ജഗദേക വീരുഡു അതിലോക സുന്ദരി, എസ്പി പരശുറാം, കാതൽ ദേവതൈ തുടങ്ങിയ ചിത്രങ്ങളിൽ ചിരഞ്ജീവിയും ശ്രീദേവിയും ഒന്നിച്ചെത്തിയിരുന്നു. ശിവരാജ് കുമാർ, ജഗപതി ബാബു, ബോമൻ ഇറാനി, ദിവ്യേന്ദു എന്നിവരും പെദ്ദിയിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഒരു സ്പോർട്സ് ഡ്രാമയായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. എആർ റഹ്മാനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.