
ബോളിവുഡിലെ ഐക്കോണിക് ചിത്രങ്ങളിൽ ഒന്നായ ‘ഫന’ റിലീസ് ചെയ്തിട്ട് വർഷങ്ങൾ പിന്നിടുമ്പോൾ, ചിത്രീകരണ സമയത്തെ കഠിനമായ അനുഭവങ്ങളും മനോഹരമായ ഓർമകളും പങ്കുവെച്ച് നടി കജോൾ. കുനാൽ കോഹ്ലി സംവിധാനം ചെയ്ത ചിത്രത്തിൽ ആമിർ ഖാനും കജോളുമായിരുന്നു പ്രധാന വേഷങ്ങളിൽ എത്തിയത്.
പോളണ്ടിലെ കടുത്ത തണുപ്പിൽ ആമിർ ഖാനൊപ്പം ഗാനരംഗം ചിത്രീകരിച്ചതിനെക്കുറിച്ചാണ് കജോൾ സോഷ്യൽ മീഡിയയിലൂടെ ഓർമകൾ പങ്കുവെച്ചത്. മൈനസ് 27 ഡിഗ്രി സെൽഷ്യസ് തണുപ്പുള്ള മനോഹരമായ കാടുകളിലായിരുന്നു ചിത്രീകരണം. സെറ്റിലുണ്ടായിരുന്ന മറ്റെല്ലാവരും കട്ടിയുള്ള ജാക്കറ്റുകൾ ധരിച്ചപ്പോൾ തനിക്ക് നേർത്ത സൽവാർ കമീസ് ധരിച്ച് അഭിനയിക്കേണ്ടി വന്നുവെന്ന് നടി കുറിച്ചു. ചിത്രീകരണ സമയത്ത് തന്റെ മകൾക്ക് രണ്ടര വയസ്സായിരുന്നുവെന്നും കജോൾ ഓർത്തെടുത്തു. സിനിമയിലെ ചില ചിത്രങ്ങളും കുറിപ്പിനൊപ്പം നടി പങ്കുവെച്ചിട്ടുണ്ട്.
കാഴ്ചാ പരിമിതിയുള്ള ‘സൂണി അലി ബേഗ്’ എന്ന കഥാപാത്രത്തെയാണ് കജോൾ ചിത്രത്തിൽ അവതരിപ്പിച്ചത്. ആമിർ ഖാൻ അവതരിപ്പിച്ച ‘റെഹാൻ’ എന്ന കഥാപാത്രവുമായി സൂണി പ്രണയത്തിലാകുന്നതും, പിന്നീട് റെഹാന്റെ യഥാർത്ഥ വ്യക്തിത്വം വെളിപ്പെടുന്നതോടെ കഥയിലുണ്ടാകുന്ന അപ്രതീക്ഷിത വഴിത്തിരിവുകളുമാണ് സിനിമയുടെ ഇതിവൃത്തം. ആമിർ – കജോൾ ജോഡികളുടെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളിൽ ഒന്നുകൂടിയാണ് ‘ഫന’.
ഋഷി കപൂർ, കിരൺ ഖേർ, തബു, ശരത് സക്സേ, ലാറ ദത്ത, ഷൈനി അഹൂജ തുടങ്ങിയ വൻ താരനിര അണിനിരന്ന ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് മലയാളി ഛായാഗ്രാഹകൻ രവി കെ. ചന്ദ്രൻ ആയിരുന്നു. ജതിൻ-ലളിത് സഖ്യം ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങൾ ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ടവയാണ്.