
പോപ്പ് ഗായകൻ മൈക്കിൾ ജാക്സന്റെ ‘ബീറ്റ് ഇറ്റ്’ എന്ന ഹിറ്റ് ഗാനത്തിന് ചുവട് വെക്കുന്ന വീഡിയോ പങ്കുവെച്ച് ഗായികയും അവതാരകയുമായ റിമി ടോമി. യുകെയിലെ സ്റ്റേജ് ഷോയ്ക്കിടെ വിദേശത്തുനിന്നും പകർത്തിയ റീൽസ് വിഡിയോയാണ് റിമി തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചത്. കറുത്ത വസ്ത്രവും കൂളിങ് ഗ്ലാസും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് താരം വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.
“ഞാനൊരു പ്രൊഫഷണൽ നർത്തകിയല്ല, മൈക്കിൾ ജാക്സന്റെ ഒരു കടുത്ത ആരാധിക മാത്രമാണ്” എന്ന കുറിപ്പോടെയാണ് റിമി വിഡിയോ പങ്കുവെച്ചത്. ചുരുങ്ങിയ സമയത്തിനുള്ളിൽ വൈറലായ വിഡിയോയ്ക്ക് താഴെ നിരവധി ആരാധകരും സഹപ്രവർത്തകരുമാണ് നടിയെ പ്രശംസിച്ച് രംഗത്തെത്തിയത്. വിഡിയോ വൈറലായതോടെ കമന്റുകളുമായി താരങ്ങളും ആരാധകരുമെത്തി. നമുക്ക് പിന്നെ എന്തും പോകും, റിമി തീ എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയ കമന്റുകള്‍. തമാശയായി പാവങ്ങളുടെ മൈക്കിള്‍ ജാക്‌സണ്‍ എന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്.
എന്നാൽ, വിഡിയോയ്ക്ക് താഴെ വന്ന ഒരു പരിഹാസ കമന്റും അതിന് റിമി നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ചാവിഷയം.
‘ഇത് വേണ്ടായിരുന്നു, ഒത്തില്ല’ എന്നായിരുന്നു ഒരാളുടെ പരിഹാസം. ഇതിന് ‘തൽക്കാലം ഇത്രയും ഒത്താൽ മതി’ എന്ന റിമിയുടെ കുറിക്കുകൊള്ളുന്ന മറുപടി ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. താരത്തെ പിന്തുണച്ചുകൊണ്ട് നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇതൊരു മത്സരമൊന്നുമല്ലല്ലോ എന്നും റിമിയുടെ എനർജി സമ്മതിക്കണമെന്നുമാണ് ആരാധകരുടെ പക്ഷം. നിലവിൽ യുകെയിൽ സ്റ്റേജ് ഷോകളുടെ തിരക്കിലാണ് റിമി ടോമി.