
“കാട്ടാളനിൽ” ഉണ്ണി മുകുന്ദൻ അഭിനയിക്കുന്നില്ലെന്ന് വ്യക്തമാക്കി നടൻ്റെ നിർമാണക്കമ്പനിയായ ഉണ്ണി മുകുന്ദൻ ഫിലിംസ്. ‘കാട്ടാളൻ’ സിനിമയുമായോ മറ്റേതെങ്കിലും യൂണിവേഴ്സുമായോ നടന് യാതൊരു ബന്ധവുമില്ലെന്നും ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകൾ അവസാനിപ്പിക്കണമെന്നും കമ്പനി അഭ്യർത്ഥിച്ചു. ഉണ്ണി മുകുന്ദൻ ഫിലിംസ് പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെയാണ് പ്രതികരണം.
യു.എം.എഫ് പങ്കുവെച്ച വാർത്താക്കുറിപ്പിൻ്റെ പൂർണ്ണരൂപം:
“യഥാർഥമായ കഥപറച്ചിലുകളെയും ചലച്ചിത്ര നിർമാണത്തെയും അതിന്റെ ഓരോ ഘട്ടത്തിലും പ്രോത്സാഹിപ്പിക്കുകയും ആഘോഷമാക്കുകയും ചെയ്യുക എന്നത് ഉണ്ണി മുകുന്ദൻ ഫിലിംസ് (UMF യു.എം.എഫ്) എപ്പോഴും വിശ്വസിക്കുന്ന കാര്യമാണ്. ക്യൂബ്സ് എൻ്റർടൈൻമെന്റ്സിന്റെ രണ്ടാമത്തെ സംരംഭത്തിന് (കാട്ടാളൻ) ഞങ്ങളുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
“യഥാർഥമായ കഥപറച്ചിലുകളെയും ചലച്ചിത്ര നിർമാണത്തെയും അതിന്റെ ഓരോ ഘട്ടത്തിലും പ്രോത്സാഹിപ്പിക്കുകയും ആഘോഷമാക്കുകയും ചെയ്യുക എന്നത് ഉണ്ണി മുകുന്ദൻ ഫിലിംസ് (UMF യു.എം.എഫ്) എപ്പോഴും വിശ്വസിക്കുന്ന കാര്യമാണ്. ക്യൂബ്സ് എൻറർടൈൻമെന്റ്സിന്റെ രണ്ടാമത്തെ സംരംഭത്തിന് (കാട്ടാളൻ) ഞങ്ങളുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
അവരുടെ ആദ്യ സംരംഭമായ ‘മാർക്കോ’യുടെ ഭാഗമാകാൻ ഞങ്ങൾക്ക് അവസരം ലഭിച്ചു, അതിൽ ഞങ്ങൾ സഹ നിർമാതാക്കളായിരുന്നു, അതൊരു അഭിമാനകരമായ യാത്രയായിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ ആ ചിത്രത്തിന്റെ മുഴുവൻ അണിയറപ്രവർത്തകർക്കും സാധിക്കട്ടെ എന്ന് ഞങ്ങൾ ആശംസിക്കുന്നു.
ഉണ്ണി മുകുന്ദനെ സ്നേഹിക്കുന്ന എല്ലാവർക്കും, നിങ്ങളുടെ പിന്തുണയ്ക്കും പ്രോത്സാഹനങ്ങൾക്കും ഞങ്ങൾ ഹൃദയപൂർവം നന്ദി രേഖപ്പെടുത്തുന്നു. എന്നാൽ, ഈ പുതിയ പ്രോജക്റ്റിലോ, അതുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള സിനിമാറ്റിക് യൂണിവേഴ്സിലോ ഉണ്ണി മുകുന്ദൻ ഭാഗമല്ല എന്ന് ഞങ്ങൾ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ഈ വിഷയത്തിൽ ഞങ്ങളുമായി കൂടുതൽ ബന്ധപ്പെടുത്തുന്നത് സംബന്ധിച്ചുള്ള ചോദ്യങ്ങൾ ചോദിക്കുന്നത് ആരാധകരും പ്രേക്ഷകരും ദയവായി ഒഴിവാക്കണമെന്ന് വിനയപൂർവം അഭ്യർത്ഥിക്കുന്നു.
ആളുകളെ ഒന്നിപ്പിക്കുന്നതും പ്രചോദിപ്പിക്കുന്നതും വിനോദിപ്പിക്കുന്നതുമായ കഥകൾ പറയുന്ന ഞങ്ങളുടെ ഈ യാത്രയിൽ ഞങ്ങൾ എന്നും പ്രതിജ്ഞാബദ്ധരായിരിക്കും. നിങ്ങളുടെ തുടർന്നുള്ള സ്നേഹത്തിനും വിശ്വാസത്തിനും പ്രോത്സാഹനത്തിനും എല്ലാവർക്കും നന്ദി. ഇത് ഞങ്ങൾക്ക് ഏറെ വിലപ്പെട്ടതാണ്.”
ആന്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ സിങ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിർമിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കാട്ടാളൻ’. ഇത് ‘മാർക്കോ’ യൂണിവേഴ്സിൽ വരുന്ന സിനിമയാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. മാത്രമല്ല ഉണ്ണി മുകുന്ദൻ തകർത്താടിയ ‘മാർക്കോ’യിലെ അഡാട്ട് ജോർജ് പീറ്റർ എന്ന അതേ കഥാപാത്രമായാണ് ‘കാട്ടാളനി’ൽ സിദ്ദീഖ് എത്തുന്നത്.
മാർക്കോയുടെ സഹോദരനും അഡാട്ട് കുടുംബത്തിൻ്റെ അമരക്കാരനുമായ ജോർജ്, കാട്ടാളൻ്റെ ലോകത്ത് പ്രത്യക്ഷപ്പെടുമോ? ഉണ്ണി മുകുന്ദനും അതിഥി വേഷത്തിലെത്തുമോ എന്നും ആരാധകരിൽ നിന്നും സംശയങ്ങൾ ഉയർന്നിരുന്നു.