
നടൻ ടിനി ടോം കാരണമാണ് താരസംഘടനയായ ‘അമ്മ’യിൽ (AMMA) നിന്ന് താൻ രാജിവെച്ചതെന്ന് തുറന്നു പറഞ്ഞ് നടി അൻസിബ ഹസൻ.ടിനി ടോമിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അൻസിബ ഉന്നയിച്ചിരിക്കുന്നത്. ടിനി ടോം തനിക്കെതിരെ കടുത്ത മതപരമായ അധിക്ഷേപം നടത്തിയതായി അൻസിബ ആരോപിച്ചു. തട്ടമിട്ട ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിനെ തുടർന്ന് തന്നെ ‘ജിഹാദി’ എന്ന് വിളിച്ചെന്നും, മറ്റുള്ളവരെ മതം മാറ്റാൻ ശ്രമം നടത്തുന്നു എന്ന് ആരോപിച്ചെന്നും അൻസിബ പറഞ്ഞു. ഇതിനുപുറമേ തനിക്ക് പലരുമായും അവിഹിത ബന്ധമുണ്ടെന്ന തരത്തിൽ മോശമായ പ്രചാരണങ്ങൾ നടത്തിയതായും അൻസിബ വെളിപ്പെടുത്തി.
സംഘടനയിലെ ഒരു വനിതാ എക്സിക്യൂട്ടീവ് അംഗം തനിക്കെതിരെ വ്യാജ പരാതി നൽകിയതായും താരം കൂട്ടിച്ചേർത്തു. ഈ എക്സിക്യൂട്ടീവ് അംഗത്തിനും ടിനി ടോമിനുമെതിരെ താൻ സംഘടനയിൽ പരാതി നൽകിയിരുന്നതായും അൻസിബ വ്യക്തമാക്കി. എന്നാൽ ഈ വിഷയങ്ങളിൽ സംഘടനയുടെ ഭാഗത്തുനിന്ന് അനുകൂലമായ നിലപാടല്ല ഉണ്ടായതെന്ന സൂചന നൽകിക്കൊണ്ടാണ് അൻസിബയുടെ വെളിപ്പെടുത്തൽ.
താരസംഘടനയായ ‘അമ്മ’യിൽ (AMMA) നിന്ന് രാജിവെക്കാനുണ്ടായ സാഹചര്യം വെളിപ്പെടുത്തി നടി അൻസിബ ഹസൻ. നടൻ ടിനി ടോമിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അൻസിബ ഉന്നയിച്ചിരിക്കുന്നത്. മാതൃഭൂമി ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ടിനി ടോം തനിക്കെതിരെ വ്യക്തിഹത്യയും വ്യാജപ്രചാരണങ്ങളും നടത്തിയതായി അൻസിബ തുറന്നുപറഞ്ഞത്.
“ഞാൻ ഫെബ്രുവരി 21-ന് രാജി സമർപ്പിച്ചിരുന്നു. വ്യക്തിപരമായ കാര്യങ്ങളും ജോലിത്തിരക്കുകളും കാരണം രാജിവെയ്ക്കുന്നുവെന്നാണ് പറഞ്ഞിരുന്നത്. പക്ഷേ യഥാർഥ കാരണം ഞാൻ സെക്രട്ടറി കുക്കു പരമേശ്വരനോട് പറഞ്ഞിരുന്നു. രാജിക്കത്ത് വാട്‌സാപ്പിലയയ്ക്കുകയും മെയിൽ അയയ്ക്കുകയും ചെയ്‌തിരുന്നു. വാട്‌സാപ്പിലെ മെസേജ് കണ്ടപ്പോൾ പ്രസിഡൻ്റ് ശ്വേതാ മേനോൻ കണ്ണ് തള്ളിയ ഒരു ഇമോജിയാണ് മറുപടിയായി അയച്ചത്. സെക്രട്ടറി എന്താണ് കാര്യമെന്ന് അന്വേഷിച്ചു.
ടിനി ചേട്ടൻ എന്നെ ജിഹാദിയെന്ന് പറഞ്ഞത് ഞാൻ കുക്കു ചേച്ചിയെ അറിയിച്ചു. നീനാക്കുറുപ്പ് ചേച്ചിയാണ് എന്നോട് ഇക്കാര്യം പറഞ്ഞത്. അദ്ദേഹത്തിന്റെ്റെ ഡ്രൈവറും മറ്റൊരു പ്രൊഡക്ഷൻ കൺട്രോളറുടെ മകനും ഉൾപ്പെടെ പലരേയും ഞാൻ മതം മാറ്റാൻ ശ്രമിച്ചു. ഞാൻ മതതീവ്രവാദിയാണ്, ജിഹാദിയാണ് എന്നെല്ലാമാണ് ടിനി ടോം ആരോപിച്ചത്. എനിക്ക് അവിഹിതമുണ്ടാകാൻ ലോകത്ത് ഇനിയൊരാളും ബാക്കിയില്ല എന്ന തരത്തിലും കഥകളുണ്ടായി. എൻ്റെ സ്വന്തം വീട്ടിലുള്ള ആളുകളെ ചേർത്തുവരെ അപവാദം പറഞ്ഞിട്ടുണ്ട്. അതുകൂടി കേട്ടപ്പോഴാണ് രാജിവെയ്ക്കാൻ തീരുമാനിച്ചത്.
ഇങ്ങനെയുള്ളവരുടെ കൂടെയിരിക്കാൻ അറപ്പുതോന്നില്ലേ? അമ്മയുടെ കുടുംബസംഗമത്തിൻ്റെ ടൈറ്റിൽ സോങ്ങുമായി ബന്ധപ്പെട്ട പ്രശ്നം ഉയർന്നപ്പോൾ ഞാൻ മതേതരത്വത്തിൻ്റെ പക്ഷമാണ് ചേർന്നത്. ധാർമികതയുടെ ഭാഗത്താണ് ഞാൻ നിന്നത്. ആ പ്രശ്‌നത്തിൽ ഞാൻ നോ പറഞ്ഞതിന് ശേഷമാണ് സന്തോഷ് കീഴാറ്റൂർ നോ പറഞ്ഞത്. കമ്മിറ്റി എന്ത് തീരുമാനിച്ചാലും അതിനൊപ്പം നിൽക്കും. പക്ഷേ എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമില്ലേ?” അൻസിബയുടെ വാക്കുകൾ.