“ബസന്തി മുതൽ അവന്തിക വരെ”; മലയാളത്തിന്റെ നിത്യദാസ്

','

' ); } ?>

ആർഭാടങ്ങളോ ബഹളങ്ങളോ ഇല്ലാതെ, അഭിനയിച്ച കഥാപാത്രങ്ങളിലെല്ലാം തന്റേതായ കയ്യൊപ്പ് ചാർത്തിയ അഭിനേത്രി. ഒരു നടി എന്നതിനപ്പുറം മലയാളിത്തനിമയുടെയും നാട്ടിൻപുറത്തിന്റെ നിഷ്കളങ്കതയുടെയും പ്രതീകമായിട്ടാണ് പ്രേക്ഷകർ എപ്പോഴും നിത്യയെ നെഞ്ചിലേറ്റിയത്. സിനിമയുടെ ഗ്ലാമർ ലോകത്ത് നിലകൊള്ളുമ്പോഴും തികച്ചും ലളിതമായ ജീവിതരീതി കൊണ്ടും, അനായാസമായ അഭിനയ മികവുകൊണ്ടും അവർ പ്രേക്ഷകരെ വിസ്മയിപ്പിച്ചു. സമകാലികരായ പല നായികമാരും കാലപ്രവാഹത്തിൽ വെള്ളിത്തിരയോട് വിടപറഞ്ഞ് വിസ്മൃതിയിലേക്ക് മറഞ്ഞപ്പോഴും, നിത്യാദാസ് ഇന്നും വെള്ളിത്തിരയിലും, മിനിസ്‌ക്രീനിലും ഭാഷാ ഭേദമന്യേ സജീവമാണ്. മലയാളത്തിന്റെ പ്രിയപ്പെട്ട നായികയ്ക്ക് സെല്ലുലോയ്ഡിന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.

കോഴിക്കോട് സ്വദേശിയായ നിത്യ അപ്രതീക്ഷിതമായാണ് ചലച്ചിത്ര ലോകത്തേക്ക് കടന്നുവരുന്നത്. മലയാള സിനിമയിലെ എക്കാലത്തെയും വലിയ ജനപ്രിയ ചിത്രങ്ങളിലൊന്നായ ‘ഈ പറക്കും തളിക’ എന്ന സിനിമയിലെ ‘ബസന്തി’ എന്ന നാടോടിപ്പെൺകുട്ടിയെ അവതരിപ്പിച്ചുകൊണ്ടാണ് അവർ അരങ്ങേറ്റം കുറിച്ചത്. ഒരു നവാഗത നടിയുടെ യാതൊരുവിധ പരിഭ്രമവുമില്ലാതെ, ഹരിശ്രീ അശോകൻ, ദിലീപ്, കൊച്ചിൻ ഹനീഫ തുടങ്ങിയ പ്രതിഭകളുടെ കോമഡി ടൈമിങ്ങിനൊപ്പം അസാധ്യമായ പ്രകടനം കാഴ്ചവെക്കാൻ നിത്യക്ക് കഴിഞ്ഞു. ആദ്യ സിനിമയിലൂടെ തന്നെ ഇത്രയധികം ജനപ്രീതി നേടിയ മറ്റൊരു നടി അക്കാലത്ത് അപൂർവ്വമായിരുന്നു എന്ന് തന്നെ പറയാം.

‘ഈ പറക്കും തളിക’ എന്ന ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം നിത്യയെ തേടി നിരവധി അവസരങ്ങളാണ് മലയാള സിനിമയിൽ നിന്നും എത്തിയത്. ഗ്ലാമർ വേഷങ്ങളേക്കാൾ കൂടുതൽ തനിക്ക് ഇണങ്ങുന്ന നാട്ടിൻപുറത്തുകാരിയുടെ വേഷങ്ങളും, കുടുംബ പശ്ചാത്തലമുള്ള കഥാപാത്രങ്ങളുമാണ് അവർ തിരഞ്ഞെടുത്തത്. കലാഭവൻ മണി നായകനായി എത്തിയ ‘കണ്മഷി’ എന്ന ചിത്രം നിത്യയുടെ കരിയറിലെ മറ്റൊരു നാഴികക്കല്ലായിരുന്നു. തന്റേടിയായ, എന്നാൽ ഉള്ളിൽ സ്നേഹമുള്ള കണ്മഷി എന്ന കഥാപാത്രം പ്രേക്ഷകരുടെ കണ്ണുനിറയ്ക്കുകയും ഒപ്പം ചിരിപ്പിക്കുകയും ചെയ്തു. നായകനോടൊപ്പം കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം കാഴ്ചവെക്കാൻ ആ ചിത്രത്തിൽ നിത്യക്ക് സാധിച്ചു. അതിനുശേഷം പുറത്തിറങ്ങിയ ‘ബാലേട്ടൻ’ എന്ന ചിത്രത്തിലെ ദേവൂട്ടി എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. മോഹൻലാലിന്റെ അനിയത്തിയായി, സ്നേഹമുള്ള കുടുംബാംഗമായി ജീവിക്കുകയായിരുന്നു അവർ ആ ചിത്രത്തിൽ. വലിയ താരനിര അണിനിരന്ന ചിത്രങ്ങളിൽ പോലും സ്വന്തമായൊരു സ്പേസ് കണ്ടെത്താൻ നിത്യക്ക് കഴിഞ്ഞിരുന്നു എന്നതിന് ഉദാഹരണമാണ് ഈ ചിത്രങ്ങളെല്ലാം.

സിനിമയിൽ തിളങ്ങിനിൽക്കുന്ന സമയത്ത് തന്നെയാണ് നിത്യ തന്റെ വിവാഹജീവിതത്തിലേക്ക് കടക്കുന്നത്. എയർ ഇന്ത്യയിൽ പൈലറ്റായ അരവിന്ദ് സിംഗ് ജംവാലുമായുള്ള വിവാഹത്തിനുശേഷം അവർ സിനിമയിൽ നിന്നും താല്ക്കാലികമായി ഒരു ഇടവേള എടുത്തു. ഒരു സാധാരണ സിനിമാ നടി എന്നതിനപ്പുറം നല്ലൊരു കുടുംബിനിയായി ജീവിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് തന്റെ തീരുമാനങ്ങളിലൂടെ അവർ തെളിയിച്ചു. കാശ്മീർ സ്വദേശിയായ അരവിന്ദിനൊപ്പമുള്ള വിവാഹജീവിതവും തുടർന്ന് അവർക്ക് ജനിച്ച മക്കളായ നൈനയും നമനും നിത്യയുടെ ജീവിതത്തെ കൂടുതൽ മനോഹരമാക്കി. പല നടിമാരും വിവാഹശേഷം പൊതുരംഗത്തുനിന്നും പൂർണ്ണമായി അപ്രത്യക്ഷമാകാറുണ്ടെങ്കിലും നിത്യ സോഷ്യൽ മീഡിയയിലൂടെയും മറ്റും തന്റെ വിശേഷങ്ങൾ ആരാധകരുമായി നിരന്തരം പങ്കുവെച്ചിരുന്നു.

മകൾ നൈനയ്ക്കൊപ്പം നിത്യ ചെയ്യുന്ന ഇൻസ്റ്റാഗ്രാം റീലുകളും നൃത്ത വീഡിയോകളും ഇന്നും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലാകാറുണ്ട്. അമ്മയും മകളും തമ്മിലുള്ള ഈ സൗഹൃദവും ഒരേപോലെയുള്ള രൂപസാദൃശ്യവും കണ്ട് ഇവർ അമ്മയും മകളും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ച് ആരാധകർ എന്നും വാതോരാതെ സംസാരിക്കാറുണ്ട്. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മിനിസ്ക്രീനിലൂടെയാണ് നിത്യാദാസ് വീണ്ടും കലാരംഗത്തേക്ക് സജീവമായി തിരിച്ചെത്തുന്നത്. പ്രമുഖ ചാനലുകളിലെ ജനപ്രിയ പരമ്പരകളിലൂടെ അവർ കുടുംബപ്രേക്ഷകരുടെ മുന്നിലേക്ക് വീണ്ടും എത്തി. സിനിമയിൽ കണ്ട അതേ പ്രസരിപ്പോടും ഭംഗിയോടും കൂടിയാണ് അവർ മിനിസ്ക്രീനിലും തിളങ്ങിയത്. വില്ലത്തി വേഷങ്ങളായാലും പോസിറ്റീവ് വേഷങ്ങളായാലും തനിക്ക് വഴങ്ങുമെന്ന് അവർ തെളിയിച്ചു. അതോടൊപ്പം തന്നെ പ്രമുഖ ടെലിവിഷൻ റിയാലിറ്റി ഷോകളിൽ ജഡ്ജിയായും അവർ സാന്നിധ്യമറിയിച്ചു. പുതിയ തലമുറയിലെ കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനും, അവർക്ക് കൃത്യമായ മാർഗ്ഗനിർദ്ദേശം നൽകാനും നിത്യ കാണിക്കുന്ന താല്പര്യം ഏറെ പ്രശംസനീയമാണ്. ഒട്ടും ജാഡയില്ലാതെ, തമാശകൾ പറഞ്ഞും മത്സരാർത്ഥികളെ ചേർത്തുപിടിച്ചും അവർ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം വീണ്ടും കീഴടക്കി.

സിനിമയിൽ നിന്നും മാറിനിന്ന കാലത്തും തന്റെ ശാരീരികക്ഷമതയും സൗന്ദര്യവും കാത്തുസൂക്ഷിക്കാൻ നിത്യ ശ്രദ്ധിച്ചിരുന്നു. ‘പ്രായം വെറും അക്കം മാത്രമാണ്’ എന്ന് തെളിയിക്കുന്ന രീതിയിലാണ് അവരുടെ ഇന്നത്തെ ലുക്ക്. വർക്കൗട്ടുകളും യോഗയും ശീലമാക്കിയ അവർ, സമപ്രായക്കാരായ സ്ത്രീകൾക്ക് വലിയൊരു പ്രചോദനം കൂടിയാണ്. കാലം ഒരുപാട് മുന്നോട്ട് പോയിട്ടും, മലയാള സിനിമയിലേക്ക് പുതിയ ഒരുപാട് നായികമാർ വന്നിട്ടും, ഇന്നും നിത്യാദാസ് എന്ന പേര് കേൾക്കുമ്പോൾ മലയാളിക്ക് ഉണ്ടാകുന്ന ആ പ്രത്യേക ഇഷ്ടത്തിന് കാരണം അവരുടെ ഈ ലളിതമായ ജീവിതരീതി തന്നെയാണ്. 2023-ൽ പുറത്തിറങ്ങിയ ‘പള്ളിമണി’ എന്ന ചിത്രത്തിലൂടെ അവർ വീണ്ടും വലിയ സ്ക്രീനിലേക്ക് മടങ്ങിവരികയും ചെയ്തു. സൈക്കോ ത്രില്ലർ ഗണത്തിൽപ്പെട്ട ആ ചിത്രത്തിൽ തികച്ചും വ്യത്യസ്തമായ ഒരു പ്രകടനമാണ് അവർ കാഴ്ചവെച്ചത്. ഇനിയും നല്ല കഥാപാത്രങ്ങൾ ലഭിച്ചാൽ സിനിമയിൽ സജീവമാകാൻ തന്നെയാണ് അവരുടെ തീരുമാനം.

കുടുംബവും കലയും ഒരുപോലെ കൊണ്ടുപോകാൻ കഴിയുക എന്നത് ഒരു സ്ത്രീയെ സംബന്ധിച്ച് ഏറെ പ്രശംസനീയമായ കാര്യമാണ്. ഭർത്താവിന്റെയും മക്കളുടെയും പൂർണ്ണമായ പിന്തുണയോടെ തനിക്കിഷ്ടമുള്ള നൃത്തവും അഭിനയവും അവർ ഇന്നും തുടരുന്നു. ഒരു നടി എന്ന നിലയിൽ താൻ നേടിയ ജനപ്രീതിയെക്കാൾ, നല്ലൊരു മനുഷ്യനായി ജീവിക്കാനാണ് അവർ എപ്പോഴും ശ്രമിക്കുന്നത്. വിവാഹശേഷവും മലയാളികൾ നൽകുന്ന ഈ വലിയ സ്നേഹത്തിന് അവർ പലപ്പോഴും നന്ദി പറയാറുണ്ട്. മലയാള സിനിമയുടെ ചരിത്രത്തിൽ വലിയൊരു കാലഘട്ടത്തിന്റെ ഓർമ്മപ്പെടുത്തലായി, ഇന്നും മാറാത്ത ആ ചിരിയോടെ നിൽക്കുന്ന നിത്യാദാസിന് മലയാള ചലച്ചിത്ര ലോകത്തിന്റെയും പ്രേക്ഷകരുടെയും പേരിൽ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു. വരും വർഷങ്ങളിലും കൂടുതൽ നല്ല സിനിമകളിലൂടെയും കഥാപാത്രങ്ങളിലൂടെയും നമ്മളെ വിസ്മയിപ്പിക്കാൻ അവർക്ക് സാധിക്കട്ടെ.