
കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ശേഷം പരോളിലിറങ്ങി മുങ്ങിയ പ്രതി 12 വർഷക്കാലം ബോളിവുഡ് സിനിമകളിൽ സഹനടനായി, ഒടുവിൽ പോലീസിന്റെ പിടിയിലായി. അഹമ്മദാബാദ് സ്വദേശിയായ ഹേമന്ത് മോദി (53) ആണ് ക്രൈം ബ്രാഞ്ചിന്റെ വലയിലായത്. നറോഡയിൽ 2005-ൽ ഭൂമി തർക്കത്തെത്തുടർന്ന് നരേന്ദ്ര കമ്പളേ എന്നയാളെ കൊലപ്പെടുത്തിയ കേസിലാണ് ഇയാൾ ശിക്ഷിക്കപ്പെട്ടത്. 2008 ഓഗസ്റ്റ് 27-ന് കോടതി ഇയാൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു.
ജയിലിൽ നിന്ന് മുങ്ങിയ ഇയാൾ നേരെ മുംബൈയിലെത്തുകയും ‘സ്പന്ദൻ മോദി’ എന്ന പേര് സ്വീകരിച്ച് ആൾമാറാട്ടം നടത്തി സിനിമാരംഗത്ത് സജീവമാകുകയുമായിരുന്നു. സൂപ്പർസ്റ്റാറുകളായ അമിതാഭ് ബച്ചൻ, ആമിർ ഖാൻ എന്നിവർ തകർത്തഭിനയിച്ച ‘തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ’, രൺവീർ സിങ് നായകനായ ‘ജയേഷ്ഭായ് ജോർദാർ’ തുടങ്ങിയ വൻകിട ബോളിവുഡ് ചിത്രങ്ങളിൽ ഇയാൾ സഹനടനായി വേഷമിട്ടു. കൂടാതെ യുഗപുരുഷ്, ഗാന്ധി വിരുദ്ധ് ഗോഡ്സെ തുടങ്ങിയ പ്രശസ്ത നാടകങ്ങളിലും ചില ടെലിവിഷൻ പരമ്പരകളിലും ഗുജറാത്തി സിനിമകളിലും ഇയാൾ അഭിനയിച്ചിട്ടുണ്ട്.
ഏറ്റവും ശ്രദ്ധേയമായ കാര്യം, മോഹൻലാൽ-പൃഥ്വിരാജ് ചിത്രമായ ‘എമ്പുരാനിലും’ ഹേമന്ത് മോദി വേഷമിട്ടിട്ടുണ്ട് എന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. ഇതിന് പുറമെ റിലീസാകാനിരിക്കുന്ന ‘ലഹോർ 1947’ എന്ന ചിത്രത്തിലും ഇയാൾ അഭിനയിച്ചിട്ടുണ്ട്.
മഹെസാണ ജയിലിൽ കഴിഞ്ഞിരുന്ന ഹേമന്ത് മോദിക്ക് 2014 ജൂലായിൽ ഗുജറാത്ത് ഹൈക്കോടതി 30 ദിവസത്തെ പരോൾ അനുവദിച്ചിരുന്നു. എന്നാൽ പരോൾ കാലാവധി കഴിഞ്ഞിട്ടും ജയിലിൽ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.
നടനെന്ന നിലയിൽ പലവട്ടം അഹമ്മദാബാദിൽ വന്നിറങ്ങിയിട്ടും പോലീസിന് ഇയാളെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. എന്നാൽ പ്രതി രഹസ്യമായി സ്വന്തം വീട്ടിലെത്തിയെന്ന കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് വലവീശുകയായിരുന്നു. അറസ്റ്റിലായ സമയത്തും താൻ ഹേമന്ത് മോദിയല്ലെന്ന് വാദിച്ച് പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ഇയാൾ ശ്രമിച്ചിരുന്നു. പിടിയിലായ പ്രതിയെ തുടർനടപടികൾക്കായി മഹെസാണ ജയിലിലേക്ക് കൈമാറുമെന്ന് പോലീസ് അറിയിച്ചു.