
കേരളത്തിലെ സെൻസർ ബോർഡിന്റെ (സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ) നിലപാടുകൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ രംഗത്ത്. തിരുവനന്തപുരം റീജണൽ ഓഫീസിലെ അനാവശ്യ കാലതാമസവും അനിശ്ചിതത്വവും മലയാള സിനിമാ മേഖലയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണെന്ന് നിർമാതാക്കളുടെ സംഘടന ആരോപിക്കുന്നു. റീജണൽ ബോർഡ് കണ്ട് തീരുമാനമെടുക്കുന്ന സിനിമകൾ, നിർമാതാക്കളെ മുൻകൂട്ടി അറിയിക്കാതെ മുംബൈയിലെ ഹെഡ് ഓഫീസിൽ നിന്ന് റിവൈസിങ് കമ്മിറ്റിക്ക് അയയ്ക്കുന്നത് സിനിമകളുടെ റിലീസിനെപ്പോലും ബാധിക്കുന്ന അവസ്ഥയാണ് ഉണ്ടാക്കിയിരിക്കുന്നത്.
സാധാരണയായി സിനിമ സെൻസറിംഗിനായി അപേക്ഷ നൽകി ഫീസ് അടച്ചാൽ, ചിത്രം പ്രദർശിപ്പിക്കുന്ന തീയതിയിൽ റീജണൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സമിതി സിനിമ കണ്ട് വിലയിരുത്താറാണ് പതിവ്. തുടർന്ന് നിർമ്മാതാവിനെ വിളിച്ച് സർട്ടിഫിക്കറ്റ് വിവരം അറിയിക്കുകയും തൊട്ടടുത്ത ദിവസം തന്നെ അത് കൈമാറുകയും ചെയ്യാറുണ്ട്. എന്നാൽ അടുത്തകാലത്തായി, ഈ നടപടികളെല്ലാം പൂർത്തിയാക്കി റീജണൽ ഓഫീസർ സർട്ടിഫിക്കറ്റ് വിവരം ഔദ്യോഗികമായി അറിയിച്ചതിന് ശേഷം മാത്രമാണ് ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിട്ട വിവരം നിർമ്മാതാക്കൾ അറിയുന്നത്. റീജണൽ ഓഫീസറുടെ അറിയിപ്പ് വിശ്വസിച്ച് നിർമ്മാതാക്കൾ തിയേറ്റർ ചാർട്ടിംഗും പോസ്റ്റർ പതിക്കൽ ഉൾപ്പെടെയുള്ള പ്രചാരണ പ്രവർത്തനങ്ങളും ആരംഭിച്ച ശേഷമാണ് ഇത്തരം തിരിച്ചടികൾ നേരിടേണ്ടി വരുന്നത്.
തർക്കങ്ങളോ പ്രത്യേക സാഹചര്യങ്ങളോ ഉള്ള സിനിമകൾ മാത്രമാണ് സാധാരണയായി റിവൈസിംഗ് കമ്മിറ്റിക്ക് വിടാറുള്ളത്. എന്നാൽ ഇപ്പോൾ സെൻസറിംഗിന് എത്തുന്ന ചിത്രങ്ങളിൽ ഏകദേശം 80 ശതമാനവും ഇത്തരത്തിൽ തടഞ്ഞുവയ്ക്കപ്പെടുന്ന അവസ്ഥയാണുള്ളത്. റിലീസ് തീയതി പ്രഖ്യാപിച്ച് മുന്നോട്ട് പോകുന്ന നിർമ്മാതാക്കൾക്ക് ഇത് വലിയ സാമ്പത്തിക ബാധ്യതയും മാനസിക ബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്നു. എല്ലാ തീരുമാനങ്ങളും മുംബൈയിലെ ഹെഡ് ഓഫീസിൽ നിന്നാണ് എടുക്കുന്നതെങ്കിൽ തിരുവനന്തപുരം റീജണൽ ഓഫീസിന്റെ പ്രസക്തി എന്താണെന്ന ചോദ്യവും നിർമ്മാതാക്കൾ ഉയർത്തുന്നുണ്ട്.
നിയമപരമായ നടപടികളെക്കാൾ അതിരുകടന്ന ഉദ്യോഗസ്ഥ മേധാവിത്വമാണ് നിലവിൽ സെൻസർ ബോർഡിൽ കാണുന്നത്. ഈ വിഷയത്തിൽ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ബന്ധപ്പെട്ട കേന്ദ്ര അധികാരികൾക്ക് നിരവധി നിവേദനങ്ങൾ സമർപ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഫലപ്രദമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. അടിയന്തരമായി പ്രശ്‌നപരിഹാരം ഉണ്ടായില്ലെങ്കിൽ, സിനിമാ മേഖലയിലെ മറ്റ് സംഘടനകളെക്കൂടി ഉൾപ്പെടുത്തി ശക്തമായ പ്രതിഷേധ പരിപാടികൾ ആരംഭിക്കുമെന്നും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അറിയിച്ചു.