വരുമാനം പങ്കിടുന്നതിനെച്ചൊല്ലി തർക്കം; തെലുങ്കാനയിൽ നിർമാതാക്കളും തിയേറ്റർ ഉടമകളും തമ്മിൽ ഏറ്റുമുട്ടൽ

','

' ); } ?>

തെലുങ്കാനയിൽ വരുമാനം പങ്കിടുന്നതിനെച്ചൊല്ലി നിർമാതാക്കളും തിയേറ്റർ ഉടമകളും തമ്മിൽ ഏറ്റുമുട്ടൽ. തിയേറ്റർ ശൃംഖലയായ ഏഷ്യൻ സിനിമാസ് ഉടമ സുനിൽ നാരംഗ്, സിത്താര എൻ്റർടെയ്ൻമെൻ്റ്സ് ഉടമ നാഗ വംശിക്കെതിരേ നടത്തിയ പരാമർശമാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചത്. നാഗ വംശിയെ ഡ്യൂപ്ലിക്കേറ്റ് മുടിയുള്ള നിർമാതാവെന്നായിരുന്നു സുനിൽ വിശേഷിപ്പിച്ചത്. ഒരു മാധ്യമത്തിന് നൽകിയ പ്രതികരണത്തിലാണ് പരാമർശം.

മൾട്ടി പ്ലെക്സുകളേക്കാൾ പ്രാധാന്യം സിംഗിൾ സ്ക്രീൻ തിയേറ്ററുകൾക്ക് നൽകണമെന്ന് നാഗ വംശി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. വിശാഖപട്ടണത്തെ തിയേറ്ററുകളുടെ ഉദാഹരണം ചൂണ്ടിക്കാട്ടിയായിരുന്നു നാഗ വംശി ഇക്കാര്യം പറഞ്ഞത്. നേരത്തെ, തിയേറ്റർ ഉടമകളുമായുള്ള തർക്കത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കാൻ പ്രൊഡ്യൂസേഴ്‌സ് ഗിൽഡ് വാർത്താസമ്മേളനം വിളിച്ചിരുന്നു. മൈത്രി മൂവി മേക്കേഴ്‌സ് ഉടമ രവി ശങ്കറും നാഗ വംശിയുമായിരുന്നു മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയത്.

‘മല്ലികാർജുന, ബ്രഹ്‌മരംഭ തിയേറ്ററുകൾ കാലങ്ങളായി ഒരു ഉടമ പാട്ടത്തിന് കൈവശം വെച്ചിരിക്കുകയാണ്. എന്നിട്ട് അവർ ചുറ്റുമുള്ള മൾട്ടിപ്ലെക്സു‌കൾ വികസിപ്പിക്കുന്നു. ശരിക്കും തിയേറ്ററുകളെക്കുറിച്ചാണ് നിങ്ങളുടെ ചിന്തയെങ്കിൽ, എന്തുകൊണ്ട് സിംഗിൾ സ്ക്രീൻ തിയേറ്ററുകൾക്ക് പ്രാധാന്യം നൽകുന്നില്ല. ആരെങ്കിലും ഒരു വലിയ ചിത്രവുമായി വരുമ്പോൾ ഉടനെ നിങ്ങൾ തിയേറ്റർ ഉടമകളെക്കുറിച്ചും സിംഗിൾ സ്ക്രീനുകളെക്കുറിച്ചും ഓർക്കുന്നു’, നാഗ വംശി പറഞ്ഞു. ബുച്ചി ബാബു സന സംവിധാനംചെയ്‌ത രാം ചരൺ- ജാൻവി കപൂർ ചിത്രം പെഡ്ഡിയുടെ റിലീസ് ലക്ഷ്യമിട്ടാണ് തിയേറ്റർ ഉടമകൾ വിവാദമുണ്ടാക്കുന്നതെന്ന് രവി ശങ്കർ ആരോപിച്ചു.

പിന്നാലെ മറുപടിയുമായി തെലങ്കാന എക്‌സിബിറ്റേഴ്സ് അസോസിയേഷനും രംഗത്തെത്തി. തങ്ങൾ ഒരു ചിത്രത്തേയും ലക്ഷ്യംവെച്ചല്ല പ്രശ്‌നമുന്നയിച്ചതെന്ന് സുനിൽ നാരംഗ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. വർഷങ്ങളായി ഉന്നയിക്കുന്ന വിഷയമാണിത്. നിർമാതാക്കൾ വാഗ്‌ദാനം നൽകുകയല്ലാതെ അത് പാലിക്കുന്നില്ലെന്നും സുനിൽ നാരംഗ് പറഞ്ഞു.

തുടർന്ന് അദ്ദേഹം ഒരു വാർത്താചാനലിന് നൽകിയ പ്രതികരണത്തിലാണ് നാഗ വംശിക്കെതിരേ വിവാദപരാമർശങ്ങൾ നടത്തിയത്. റിപ്പോർട്ടറുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെ സുനിൽ നാരംഗിന് നാഗ വംശിയുടെ പേര് ഓർത്തെടുക്കാൻ സാധിച്ചില്ല. തൊട്ടടുത്തിരുന്ന ആളോട് നാഗ വംശിയെക്കുറിച്ചുള്ള സൂചനകൾ നൽകുമ്പോഴാണ് അധിക്ഷേപ പരാമർശങ്ങൾ നടത്തിയത്. ‘മോനേ, എന്താണ് അയാളുടെ പേര്? കണ്ണട ധരിക്കുന്ന, ഡ്യൂപ്ലിക്കേറ്റ് മുടിയുള്ള നിർമാതാവ്. ഹാ, നാഗ വംശി’ എന്നായിരുന്നു സുനിൽ നാരംഗിന്റെ വാക്കുകൾ.