
അല്ലു അര്‍ജുനെ നായകനാക്കി സിനിമയൊരുക്കുന്നുവെന്ന വാർത്തകളിൽ വ്യക്തത വരുത്തി നടനും സംവിധായകനുമായ ബേസിൽ ജോസഫ്. അതിരടി എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ചാറ്റ് വിത്ത് ഭക്തൻ എന്ന ചാറ്റ് ഷോയിൽ സംസാരിക്കുകയായിരുന്നു ബേസിൽ.
“അതിന്റെ കാര്യങ്ങൾ ഒന്നും ആയിട്ടില്ല. എന്തെങ്കിലും നടക്കുമ്പോൾ ഞാൻ പറയാം. നടന്നിട്ടേ ഞാൻ പറയുകയുള്ളൂ. അല്ലാതെ ഒന്നും പറയാൻ പറ്റില്ല. മുൻപ് ഹിന്ദിയിലൊക്കെ ചെയ്യാൻ പോയതാ. ഒന്നും നടന്നിട്ടില്ലല്ലോ. നടക്കുമ്പോഴേ ഇതൊക്കെ നടന്നു എന്ന് പറയാൻ പറ്റുകയുള്ളൂ. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ. അല്ലു അർജുനോ രൺവീർ സിങ്ങോ രജനികാന്തോ കമൽ ഹാസനോ ആരാണെങ്കിലും.” ബേസിൽ പറഞ്ഞു
അല്ലു അര്‍ജുനെ നായകനാക്കി ബേസില്‍ ജോസഫ് സിനിമയൊരുക്കുന്നുവെന്ന് വാർത്തകൾ വരാൻ തുടങ്ങിയിട്ട് നാളുകളേറെയായി. അല്ലു അർജുന്റെ സഹോദരൻ അല്ലു സിരിഷിന്റെ വിവാഹ ചടങ്ങിൽ ബേസിൽ അതിഥിയായി എത്തിയതോടെ ഇത്തരം ചർച്ചകൾക്ക് കൂടുതൽ ബലമാവുകയായിരുന്നു.
അതേസമയം അല്ലു അര്‍ജുന്റെ ബാനറായ ഗീത ആര്‍ട്‌സ് ആയിരിക്കും ഈ ചിത്രം നിര്‍മിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതൊരു സൂപ്പര്‍ ഹീറോ ചിത്രമായിരിക്കുമെന്നും മിത്തളോജിയുമായി ബന്ധപ്പെടുത്തിയാകും കഥ പറയുകയുമെന്നുമാണ് അറിയാന്‍ കഴിയുന്നത്.
അടുത്ത വര്‍ഷമായിരിക്കും ചിത്രീകരണം ആരംഭിക്കുകയെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരും അതിരടിയിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മെയ് 14 നാണ് അതിരടി റിലീസിനെത്തുന്നത്.