ദൃശ്യം 3 ബഹിഷ്കരിക്കണമെന്ന് തെലുങ്ക് പ്രേക്ഷകർ; കാരണമിത്!

','

' ); } ?>

ദൃശ്യം 3 ബഹിഷ്കരിക്കണമെന്ന് തെലുങ്ക് പ്രേക്ഷകർ. ദൃശ്യം 3 ന് തെലുങ്ക് റീമേക്ക് ഉണ്ടാവില്ലെന്ന മാധ്യമ വാര്‍ത്തകളുടെ സോഷ്യല്‍ മീഡിയയിലെ കമന്‍റ് ബോക്സിലാണ് ദൃശ്യം 3 ന് തെലുങ്ക് പ്രേക്ഷകരില്‍ ഒരു വിഭാഗത്തില്‍ നിന്ന് ബഹിഷ്കരണാഹ്വാനം ഉയരുന്നത്.

ദൃശ്യം 3 ന്‍റെ മലയാളം ട്രെയ്‍ലര്‍ വന്‍ പ്രേക്ഷക സ്വീകാര്യത നേടിയതിന് പിന്നാലെ ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക് ട്രെയ്‍ലറുകളും നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് ഇന്നലെ പുറത്തുവിട്ടിരുന്നു. മലയാളം ഒറിജിനല്‍ എത്തുന്ന മെയ് 21 ന് തന്നെ ഈ രണ്ട് പതിപ്പുകളും തിയറ്ററുകളില്‍ എത്തുമെന്ന് ട്രെയ്‍ലറില്‍ അറിയിപ്പുണ്ട്. ചിത്രത്തിന് തെലുങ്ക് റീമേക്ക് ഉണ്ടാവില്ലെന്ന് തെലുങ്ക് മാധ്യമങ്ങള്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ട്രെയ്‍ലര്‍ എത്തിയതോടെ അത് ഉറപ്പിച്ചിരിക്കുകയാണ് അവര്‍. പിന്നാലെയാണ് ഇത്തരത്തിലുള്ള ആഹ്വാനങ്ങൾ ഉയരുന്നത്.

ദൃശ്യം ആദ്യ ഭാഗം അതത് ഭാഷകളിലെ റീമേക്കുകളായാണ് മറുഭാഷാ പ്രേക്ഷകരില്‍ ബഹുഭൂരിപക്ഷവും കണ്ടത്. കൊവിഡ് കാലത്ത് ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയതിനാല്‍ ദൃശ്യം 2 മലയാളം എല്ലാ ഭാഷക്കാരും കണ്ടു. ആമസോണ്‍ പ്രൈം വീഡിയോയ്ക്ക് വമ്പന്‍ ട്രാക്ഷനും നേടിക്കൊടുത്തു. മലയാളം ഒറിജിനലിന് പിന്നാലെ ദൃശ്യം 2 ന്‍റെ ഹിന്ദി, തെലുങ്ക്, കന്നഡ റീമേക്കുകളും പുറത്തെത്തി ജനപ്രീതി നേടിയിരുന്നു.

ദൃശ്യം തെലുങ്ക് റീമേക്കില്‍ വെങ്കിടേഷ് അവതരിപ്പിച്ച നായകന്‍റെ പേര് റാംബാബു എന്നായിരുന്നു. റാംബാബു ഒരു വികാരമായിരുന്നു. തെലുങ്ക് പ്രേക്ഷകര്‍ മൊഴിമാറ്റ പതിപ്പ് ബഹിഷ്കരിക്കണമെന്നാണ് ഒരു കമന്‍റ്. വെങ്കടേഷ് റീമേക്കില്‍ നിന്നും പിന്മാറിയതല്ലെന്നും നിര്‍മ്മാതാക്കള്‍ കൊടുക്കാത്തതാണെന്നുമാണ് മറ്റൊരു കമന്‍റ്. അതേസമയം ഒടിടിയുടെ കാലത്ത് റീമേക്കുകളില്‍ കാര്യമില്ലെന്ന തരത്തിലുള്ള കമന്‍റുകളും വരുന്നുണ്ട്. വെങ്കിടേഷിന്‍റെ റാംബാബുവിനെ തങ്ങള്‍ മിസ് ചെയ്യുമെന്ന് തെലുങ്ക് ട്രെയ്‍ലറിന് താഴെയും കമന്‍റുകള്‍ ഉണ്ട്.

അതേസമയം ദൃശ്യം 3 ഹിന്ദി പതിപ്പിന്‍റെ നിര്‍മ്മാതാക്കളായ പനോരമ സ്റ്റുഡിയോസ് ദൃശ്യം 3 മലയാളം ഒറിജിനലിന്‍റെ ആഗോള തിയട്രിക്കല്‍, ഡിജിറ്റല്‍ റൈറ്റുകള്‍ വാങ്ങിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ബോളിവുഡിലെ മറ്റൊരു പ്രമുഖ ബാനര്‍ ആയ പെന്‍ സ്റ്റുഡിയോസ് പനോരമ സ്റ്റുഡിയോസിലൂടെ ആശിര്‍വാദ് സിനിമാസില്‍ 100 കോടി മുതല്‍മുടക്കുന്നുമുണ്ട്. അതേസമയം ദൃശ്യം 3 മലയാളം പതിപ്പിന്‍റെ റൈറ്റ്സ് മാറ്റമാണ് വിറ്റിരിക്കുന്നതെന്നും മറ്റ് ഭാഷകളുടെ റീമേക്ക് റൈറ്റ്സ് ഇപ്പോഴും ആശിര്‍വാദിന് തന്നെയാണെന്നും ജീത്തു ജോസഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.