
ദൃശ്യം 3-ലേക്ക് തന്നെ എത്തിച്ചതിൽ ഗായിക ചിത്രയ്ക്ക് പ്രധാന പങ്കുണ്ടെന്ന് വെളിപ്പെടുത്തി സംവിധായകൻ ജീത്തു ജോസഫ്. ഒരു പ്രൊമോഷൻ പരിപാടിക്കിടെ ‘ജോർജുകുട്ടി അങ്ങനെ ചെയ്യുമോ?’ എന്ന് ചിത്ര ചോദിച്ച ഒരു ചോദ്യമാണ് മൂന്നാം ഭാഗത്തിന്റെ ഐഡിയയിലേക്ക് തന്നെ നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് നന്ദിയായി ചിത്രയ്ക്ക് സിനിമയിൽ ഒരു താങ്ക്സ് കാർഡ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ദൃശ്യം 3 ന് സാധ്യതയുണ്ടോ എന്ന് ലാല്‍ സാര്‍ ചോദിച്ചപ്പോള്‍ അങ്ങനെ വന്നാല്‍ അതിന്‍റെ ക്ലൈമാക്സ് ഇങ്ങനെ ആയിരിക്കുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. അത് കൊള്ളാമെന്ന് അദ്ദേഹം പറഞ്ഞു. ആ ക്ലൈമാക്സ് ഐഡിയയാണ് ലാല്‍ സാറിനെ ആകര്‍ഷിച്ചത്. ക്ലൈമാക്സ് മാത്രമേ എന്‍റെ കൈയില്‍ ഉള്ളൂവെന്നും അവിടേയ്ക്ക് എനിക്ക് എത്തിച്ചേരേണ്ടതുണ്ടെന്നും ഞാന്‍ പറഞ്ഞു.
അത് എളുപ്പമുള്ള കാര്യം ആയിരുന്നില്ല. ദൃശ്യം രണ്ട്, മൂന്ന് ഭാഗങ്ങളെയൊക്കെ സംബന്ധിച്ചുള്ള പ്രയാസകരമായ കാര്യം കഥാപാത്രങ്ങളുടെ കണ്ടിന്യുവിറ്റി നിലനിര്‍ത്തുക എന്നതായിരുന്നു. ആ കുടുംബത്തിന്‍റെ കാര്യങ്ങളൊക്കെ ഓര്‍ഗാനിക് ആയി മുന്നോട്ട് പോകണമെന്ന് എനിക്കുണ്ടായിരുന്നു. രണ്ടാം ഭാഗത്തോടെ കാര്യങ്ങള്‍ അവസാനിച്ചുവെന്ന് എല്ലാവരും കരുതി. പ്രഭാകറിന് വേണ്ടത് കിട്ടി. മറ്റൊരര്‍ഥത്തില്‍ ആ കുടുംബം ഹാപ്പിയാണ്. എല്ലാം അവസാനിച്ചു. ആ കേസും ക്ലോസ് ചെയ്തു. പക്ഷേ ആ കേസ് എക്കാലത്തേക്കും ക്ലോസ് ചെയ്തുവെന്ന് ജോര്‍ജുകുട്ടി വിശ്വസിക്കുന്നില്ല.” ജീത്തു ജോസഫ് പറഞ്ഞു .
“ഉള്ളില്‍ ആ ഭയം അയാള്‍ക്കുണ്ട്. ഒരു അപരിചിതന്‍ വരുമ്പോഴോ വിചിത്രമായ എന്തെങ്കിലും ചുറ്റുപാടില്‍ നടക്കുമ്പോഴോ അദ്ദേഹം സംശയാലുവാകും. അയാള്‍ എപ്പോഴും അലര്‍ട്ട് ആണ്. അത് അയാളുടെ ജീവിതം ദുഷ്കരമാക്കുകയാണ്. മൂന്നാം ഭാഗത്തിന്റെ നട്ടെല്ല് അതാണ്. ദൃശ്യം ഫ്രാഞ്ചൈസി മൊത്തത്തില്‍ എടുത്താല്‍ അതൊരു ഇമോഷണല്‍ ഡ്രാമയാണ്. പക്ഷേ മൂന്നാം ഭാഗമാണ് കൂടുതല്‍ ഇമോഷണല്‍.
മൂന്നാം ഭാഗത്തില്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തിരിക്കുന്നത് ജോര്‍ജുകുട്ടിക്കാണ്. അയാളുടെ ഭയം, അരക്ഷിതത്വം. അയാളുടെ കുടുംബം ഏകദേശം സെറ്റില്‍ഡ് ആണ്. എല്ലാം സേഫ് ആണെന്ന് അയാള്‍ അവരോട് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് അവര്‍ ചില്‍ ചെയ്യുകയാണ്. പക്ഷേ എന്തെങ്കിലും സംഭവിക്കുമ്പോള്‍ ജോര്‍ജുകുട്ടിക്ക് ഭയം തോന്നും. തന്‍റെ ഭയം കുടുംബത്തോട് പങ്കുവെക്കാനും അയാള്‍ക്ക് താല്‍പര്യമില്ല. ദൃശ്യം 3 ന്‍റെ സ്റ്റോറി ഐഡിയ അതാണ്”
ഒരു പ്രൊമോഷന് പോയപ്പോള്‍ ചിത്ര ചേച്ചി ഒരു കാര്യം എന്നോട് ചോദിച്ചു. ജോര്‍ജുകുട്ടി അങ്ങനെ ചെയ്യുമോ എന്നായിരുന്നു അത്. അതൊരു ഐഡിയ ആയിരുന്നു. ആ ഐഡിയയിലാണ് ഞാന്‍ ദൃശ്യം 3 ആരംഭിക്കുന്നത്. ഞാനൊരു താങ്ക്സ് കാര്‍ഡ് വെക്കുന്നുണ്ടെന്ന് ചിത്ര ചേച്ചിയോട് പറഞ്ഞിട്ടുമുണ്ട്.” ജീത്തു ജോസഫ് കൂട്ടിച്ചേർത്തു.
മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനമായ മെയ് 21 നാണ് ദൃശ്യം 3 ന്‍റെ റിലീസ്.