
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണ്ണായക മുന്നേറ്റം നടത്തിയിട്ടും വിജയ്‌യുടെ തമിഴക വെട്രി കഴകത്തെ (ടി.വി.കെ) സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്ത ഗവർണറുടെ നടപടി സംസ്ഥാനത്ത് വലിയ രാഷ്ട്രീയ പ്രതിസന്ധിക്ക് വഴിവെക്കുന്നു. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിട്ടും വ്യക്തമായ ഭൂരിപക്ഷം തെളിയിക്കാതെ വിജയ്‌യെ അധികാരമേൽക്കാൻ അനുവദിക്കില്ലെന്ന ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നിലപാടാണ് നിലവിലെ അനിശ്ചിതാവസ്ഥയ്ക്ക് കാരണം. ഈ സാഹചര്യത്തിൽ വിജയ്‌ക്ക് പിന്തുണയുമായി ബിജെപി നേതാവും നടിയുമായ ഖുശ്ബു സുന്ദർ രംഗത്തെത്തിയത് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിട്ടുണ്ട്. ജനങ്ങൾ തങ്ങളുടെ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തു കഴിഞ്ഞാൽ അദ്ദേഹം തന്നെ നാടിനെ നയിക്കണമെന്നാണ് ഖുശ്ബു സോഷ്യൽ മീഡിയയിൽ കുറിച്ചത്.
നേരത്തെ കമൽഹാസൻ, വിശാൽ, പ്രകാശ് രാജ് തുടങ്ങിയ പ്രമുഖർ വിജയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുക്കപ്പെട്ട 233 അംഗങ്ങൾക്കും ഇതുവരെ സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാത്തത് തമിഴ്നാടിന് തന്നെ നാണക്കേടാണെന്ന് കമൽഹാസൻ പ്രതികരിച്ചു. വിജയ്‌യെ തഴയുന്നത് ജനവിധിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗവർണറുടെ നടപടിയെ രൂക്ഷമായി വിമർശിച്ച നടൻ വിശാൽ, ടി.വി.കെയെ മാറ്റിനിർത്തി ഡി.എം.കെ-അണ്ണാ ഡി.എം.കെ സഖ്യം അധികാരത്തിലെത്തുന്നത് നാടിന് ദുരന്തമാകുമെന്ന് മുന്നറിയിപ്പ് നൽകി.
ഖുശ്ബുവിൻ്റെ ഭർത്താവും സംവിധായകനുമായ സുന്ദർ സി. ഇത്തവണ മധുരയിൽ നിന്ന് എൻ.ഡി.എ പിന്തുണയോടെ മത്സരിച്ചെങ്കിലും ടി.വി.കെ സ്ഥാനാർത്ഥി മധർ ബദറുദ്ദീനോട് പരാജയപ്പെട്ടിരുന്നു. രാഷ്ട്രീയ വിയോജിപ്പുകൾക്കിടയിലും വിജയ്‌യെ തൻ്റെ അനുജനായാണ് കാണുന്നതെന്ന് സുന്ദർ സി. മുൻപ് വ്യക്തമാക്കിയിരുന്നു. കേവലഭൂരിപക്ഷം തെളിയിച്ചാൽ മാത്രമേ മന്ത്രിസഭയുണ്ടാക്കാൻ ക്ഷണിക്കൂ എന്ന് ഗവർണർ ആവർത്തിക്കുമ്പോൾ, സി.പി.എം, സി.പി.ഐ, വി.സി.കെ തുടങ്ങിയ കക്ഷികളുടെ പിന്തുണ ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് ടി.വി.കെ നേതൃത്വം. അതേസമയം, വിജയ്‌യെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻ ഡി.എം.കെയും അണ്ണാ ഡി.എം.കെയും രഹസ്യധാരണയുണ്ടാക്കാൻ ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.