“പടം ഓടാതെ വന്നപ്പോള്‍ ദിവസവും വിളിച്ചു കൊണ്ടിരുന്നവരൊന്നും വിളിക്കാതായി, പഴയ സ്‌നേഹമൊക്കെ ഇല്ലാതായി.” സൈജു കുറുപ്പ്

','

' ); } ?>

കരിയറിന്റെ തുടക്കത്തില്‍ നേരിട്ട പരാജയം വലിയ പാഠങ്ങളാണ് തന്നെ പഠിപ്പിച്ചതെന്ന് തുറന്നു പറഞ്ഞ് നടനും നിർമ്മാതാവുമായ സൈജു കുറുപ്പ്. പരാജയങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് നടത്തിയ യാത്രയാണ് തന്നെ ഇന്നത്തെ വിജയത്തിലെത്തിച്ചതെന്നും, ‘മോഹിനിയാട്ടം’ തന്നെ തേടിയെത്തിയ വലിയൊരു ഭാഗ്യമാണെന്നും സൈജു കുറുപ്പ് പറഞ്ഞു. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

”സിനിമയില്‍ നിന്നും പഠിച്ച പാഠങ്ങള്‍ ഒരുപാടുണ്ട്. ഹരിഹരന്‍ എന്ന ലെജന്‍ഡറി സംവിധായകന്റെ ചിത്രത്തിലൂടെയാണല്ലോ അരങ്ങേറ്റം. അപ്പോള്‍ ആളുകള്‍ കാണിച്ച സ്‌നേഹം കണ്ട് മതി മറന്നു. പടം ഓടാതെ വന്നപ്പോള്‍ ദിവസവും വിളിച്ചു കൊണ്ടിരുന്നവരൊന്നും വിളിക്കാതായി. പഴയ സ്‌നേഹമൊക്കെ ഇല്ലാതായി. എല്ലായിടത്തും വിജയത്തിനാണ് വില. അതുമാത്രമേ കണക്കിലെടുക്കൂ. പരാജയപ്പെട്ടാലും പൊളിഞ്ഞാലും നമ്മളെ അംഗീകരിച്ച് കൂടെ നില്‍ക്കാന്‍ വളരെ കുറച്ച് ആള്‍ക്കാരെ ഉണ്ടാകൂ എന്നൊക്കെ മനസിലായി തുടങ്ങി” സൈജു കുറുപ്പ് പറഞ്ഞു.

”ഞാന്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ വലിയ ആരാധകനാണ്. മിക്ക സിനിമകളിലും അദ്ദേഹത്തിന് പാവപ്പെട്ടവന്റെ വേഷമായിരിക്കും. ഒരു പടത്തില്‍ അദ്ദേഹത്തിന്റെ ഒരു ഡയലോഗ് ഉണ്ട്, എനിക്ക് ജീവിതത്തില്‍ കാശൊന്നും വേണ്ട. കാശില്ലെങ്കിലെന്താ എനിക്ക് സുഹൃത്തുക്കള്‍ ഉണ്ടല്ലോ എന്നോ മറ്റോ ആണ്. പഠിത്തത്തില്‍ ഉഴപ്പിയതിന് ഗുണദോഷിച്ച അച്ഛനോട് ഞാന്‍ ഈ ഡയലോഗ് പറഞ്ഞു. അന്ന് അച്ഛന്റെ കയ്യില്‍ നിന്ന് കിട്ടിയ വഴക്കിന് കണക്കില്ല. അച്ഛന്‍ എന്താണ് ഇങ്ങനെ എന്നാണ് അപ്പോള്‍ തോന്നിയത്. തിരിച്ചറിവ് ഉണ്ടാകാന്‍ കുറേക്കാലമെടുത്തു.” സൈജു കുറുപ്പ് കൂട്ടിച്ചേർത്തു.

വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കരിയറിലെ ഏറ്റവും വലിയ വിജയത്തിന്റെ തിളക്കത്തിലാണ് നടന്‍ സൈജു കുറുപ്പ്. ഭരതനാട്യം എന്ന ചിത്രത്തിന് ശേഷം സൈജു പ്രധാന വേഷത്തിലെത്തിയ ‘മോഹിനിയാട്ടം’ ബോക്‌സ് ഓഫീസില്‍ വലിയ വിജയമാണ് കൈവരിച്ചത്. തിയേറ്ററിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ചിത്രം ഒടിടി റിലീസിനും ഒരുങ്ങുകയാണ്. ഹരിഹരന്‍ സംവിധാനം ചെയ്ത ‘മയൂഖം’ എന്ന ചിത്രത്തിലൂടെ വലിയ പ്രതീക്ഷകളോടെയാണ് സൈജു സിനിമയിലെത്തിയത്.